തെന്മല: വാഹനാപകടത്തില്‍ സഹോദരിമാരും അടുത്ത കൂട്ടുകാരിയായ അയല്‍വാസിയും മരണമടഞ്ഞ സംഭവം കിഴക്കന്‍ മേഖലയെ ദുഃഖത്തിലാഴ്ത്തി. ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ജനം ഭീതിയോടെ മുന്‍കരുതല്‍ എടുക്കുന്നതിനിടയിലാണ് ഇടിത്തീപോലെ ദുരന്തമെത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണ സ്ഥലത്തുവച്ച് അപകടവാര്‍ത്ത അറിഞ്ഞ ശാലിനിയുടെയും ശ്രുതിയുടെയും പിതാവ് അലക്സിന് മക്കള്‍ നഷ്ടപ്പെട്ടെന്ന വിവരം വിശ്വസിക്കാനായിട്ടില്ല.
ശ്രുതിയുടെ മരണം മാത്രമേ രാത്രി വൈകിയും അലക്സിനെ അറിയിച്ചിട്ടുള്ളൂ. ശാലിനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്.
അപകടം അറിഞ്ഞയുടനെ വീട്ടിലെത്തിയ സുഹൃത്തുക്കളും നാട്ടുകാരും അലക്സിനെ ആശ്വസിപ്പിക്കുവാന്‍ പാടുപെടുകയാണ്. മാതാവ് സിന്ധു ബോധരഹിതയായതിനെ തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
കെസിയയുടെ പിതാവ് കുഞ്ഞുമോനെയും മകളുടെ മരണം തീര്‍ത്തും തളര്‍ത്തി. കുറവന്‍താവളത്ത് ലോഡിങ് ജോലിക്കിടെയാണ് കുഞ്ഞുമോന്‍ അപകട വിവരം അറിയുന്നത്. മോള്‍ക്ക് അപകടം നടന്നെന്നു മാത്രമാണ് അറിഞ്ഞത്. വീട്ടിലെത്തിയപ്പോഴാണ് മരണമറിയുന്നത്. കുഞ്ഞുമോന്റെ ഭാര്യ സുജ വിദേശത്തുനിന്ന് നാട്ടിലേക്കെത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
മക്കള്‍ ഉറുകുന്നിലെ ചായക്കടയിലേക്ക് എത്തുമെന്ന് അറിഞ്ഞ് കാത്തിരുന്ന മാതാവ് സിന്ധുവിനെ തേടിയെത്തിയത് രണ്ടു മക്കളുടെ മരണവാര്‍ത്ത. അമ്മയുടെ അടുത്ത് എത്തുന്നതിന് ഏകദേശം 50 മീറ്റര്‍ അകലെയാണ് വിധി മക്കളുടെ ജീവന്‍ തട്ടിയെടുത്തത്. അപകട വിവരം അറിഞ്ഞ് സ്ഥലത്തേക്ക് ഓടിയെത്തിയെങ്കിലും ശാലിനിയെയും ശ്രുതിയെയും പുനലൂര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിക്കഴിഞ്ഞിരുന്നു.
മക്കളെ കാത്തിരുന്ന അമ്മക്ക് മുന്നിലെത്തിയത് ദുരന്തവാര്‍ത്ത
ചായക്കടയിലേക്ക് മക്കളെത്തുന്നത് കാത്തിരുന്ന സിന്ധുവിന് മുന്നിലേക്കെത്തിയത് ദുരന്ത വാര്‍ത്ത. നിനച്ചിരിക്കാതെയുണ്ടായ അപകടത്തില്‍ രണ്ടുമക്കളും നഷ്ടപ്പെട്ട കുടുംബത്തിെന്‍റ ദുഃഖം നാടിെന്‍റ തോരാകണ്ണീരായി. കടയുടെ അമ്ബതുമീറ്റര്‍ അകലെവെച്ചാണ് അപകടമുണ്ടായത്. ഓടിയെത്തിയ ഓട്ടോക്കാരാണ് അപകടവിവരം സിന്ധുവിനെ അറിയിച്ചത്. അവര്‍ എത്തുമ്ബോഴേക്കും പരിക്കേറ്റ കുട്ടികളെ വാഹനത്തിലേക്ക് കയറ്റിയിരുന്നു.
വൈകാതെതന്നെ മരണവാര്‍ത്തയുമെത്തി. ബോധരഹിതയായ സിന്ധുവിനെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നാടിനെ കണ്ണീരിലാക്കിയ ദുരന്തം
അപകടമറിഞ്ഞ് നാടൊന്നാകെ ഉറുകുന്നിലേക്ക് പാഞ്ഞെത്തി. എന്‍.ഡി.എ സ്ഥാനാര്‍ഥിയായ ശാലിനിയുടെയും ശ്രുതിയുടെയും പിതാവ് അലക്സ് പ്രചാരണത്തിനിടെ ദുരന്തവാര്‍ത്തയറിഞ്ഞ് ഓടിയെത്തിയപ്പോഴേക്കും മരണം മക്കളെ കവര്‍ന്നിരുന്നു. ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും അപകടവിവരമറിഞ്ഞ് പ്രചാരണം നിര്‍ത്തി ഇവിടേക്കെത്തി. മാതാപിതാക്കളെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ ദുഃഖത്തിലായി ബന്ധുക്കളും നാട്ടുകാരും. കെസിയയുടെ പിതാവ് കുഞ്ഞുമോനെ മകളുടെ മരണം തീര്‍ത്തും തളര്‍ത്തി. ഭാര്യ സുജ ഗള്‍ഫിലാണ്. ടിസനാണ് സഹോദരന്‍. സുജയെ വിവരമറിയിച്ചിട്ടുണ്ട്. സംസ്കാരവും മറ്റും അവര്‍ നാട്ടിലെത്തിയശേഷമാകും.