Friday, December 13
BREAKING NEWS


‘ദ് കിങ്’, എന്റെ അമ്മ കൊടുത്ത വാക്ക്, 25 വർഷത്തിന് ശേഷവും അമ്മയുടെ ഓർമയിൽ ‘ദ് കിങ്’ പിറന്ന കഥ…

By sanjaynambiar

“അക്ഷരങ്ങളച്ചടിച്ചു കൂട്ടിയ പുസ്തകത്താളിൽ നിന്നും നീ പഠിച്ച ഇന്ത്യയല്ല അനുഭവങ്ങളുടെ ഇന്ത്യ. 

കോടിക്കണക്കായ പട്ടിണിക്കാരുടെയും നിരക്ഷരരുടെയും ഇന്ത്യ.

കൂട്ടിക്കൊടുപ്പുകാരുടെയും വേശ്യകളുടെയും തോട്ടികളുടെയും കുഷ്ഠരോഗികളുടെയും ഇന്ത്യ. 

ജഡ്ക വലിച്ചു വലിച്ചു ചുമച്ചു ചോര തുപ്പുന്നവന്റെ ഇന്ത്യ. 

വളർത്തു നായ്ക്കുകൊടുക്കുന്ന ബേബി ഫുഡ്ഡിൽ കൊഴുപ്പിന്റെ അളവു കൂടിപ്പോയതിന് ഭർത്താവിനെ ശാസിച്ച്  അത്താഴപ്പട്ടിണിക്കിടുന്ന കൊച്ചമ്മമാരുടെ ഇന്ത്യയല്ല;

മക്കൾക്കൊരുനേരം വയറു നിറച്ചു വാരിയുണ്ണാൻ വകതേടി സ്വന്തം ഗർഭപാത്രം വരെ വിൽക്കുന്ന അമ്മമാരുടെ ഇന്ത്യ!” 

2020 നവംബർ പതിനൊന്ന്– ദ് കിങ് 25 വർഷം! ഇന്നു രാവിലെ വാട്സാപ്പിൽ ആരോ ഒരു പോസ്റ്റർ അയച്ചു തന്നു മമ്മൂക്കയും ഷാജിയും ഞാനുമുണ്ട് പോസ്റ്ററിൽ . അതു ഞാൻ മമ്മൂക്കയ്ക്ക് ഫോർവേഡ് ചെയ്തു. വൈകാതെ മറുപടി വന്നു. ‘‘എന്തെങ്കിലും എഴുതൂ കിങ്ങിനെക്കുറിച്ച്–’’ ഇരുപത്തിയഞ്ചു വർഷങ്ങൾക്കും അപ്പുറത്തേയ്ക്ക്… ഓർമ്മകൾ പൊടുന്നനെ.

വർഷം 1993. സ്ഥലം കോട്ടയത്ത് നാട്ടകം ഗവൺമെന്റ് ഗസ്റ്റ് ഹൗസ്. ജൂബിലന്റ് ഫിലിംസിനു വേണ്ടി ‘മാഫിയ’യുടെ എഴുത്തിലാണ് ഞാൻ. നാട്ടകം ഗസ്റ്റ് ഹൗസ് ആളൊഴിഞ്ഞ ഇടമാണ്. അപൂർവ്വം രാഷ്ട്രീയക്കാരോ ഉദ്യോഗസ്ഥരോ വല്ലപ്പോഴും വന്നു താമസിച്ചാൽ ചിലപ്പോൾ തിരക്കും ശബ്ദവുമൊക്കെയുണ്ടാവും. അല്ലെങ്കിൽ നിശബ്ദ സുന്ദരമാണ് സായിപ്പിന്റെ ബംഗ്ലാവ്. ഒരു ദിവസം ഉച്ചനേരത്ത് ഷാജി കൈലാസ് കയറി വന്നു. കൂടെ അക്ബർ (ഉത്തരം സിനിമയുടെ നിർമ്മാതാവ്). എഴുത്തിന്റെ പുരോഗതി അറിയാൻ ഷാജി ഇടയ്ക്ക് നാട്ടകത്ത് വരാറുണ്ട്. ചിലപ്പോൾ ഒരു രാത്രി തങ്ങി ചർച്ചകൾ കഴിഞ്ഞു മടങ്ങുന്നതും പതിവുണ്ട്. അക്ബർ എനിക്കും പരിചിതനാണ്. പക്ഷേ എഴുത്തിന്റെ പിരാന്ത് ഉച്ചിയിൽ ഉദിച്ചു നിൽക്കുമ്പോൾ ഉറ്റ സുഹൃത്തുക്കളുടെ പോലും സന്ദർശനം എനിക്ക് അലോസരമാണ്. ഷാജിക്ക് അത് അറിയുകയും ചെയ്യാം. എന്നിട്ടും മുന്നറിയിപ്പില്ലാതെ മറ്റൊരാളെ കൂട്ടിയുള്ള വരവ്. ഞാൻ അസ്വസ്ഥൻ.

renji-panicker06

“മമ്മൂക്ക വിളിച്ചില്ലേ?” വന്നു കയറിയപാടെ ഷാജിയുടെ ചോദ്യം. എനിക്കു നീരസം തോന്നി. അതു പ്രകടിപ്പിക്കുകയും വയ്യ.

ഒരു ഫോൺ കോൾ എന്നാൽ അന്ന്, അത്ര ക്ഷിപ്രസാദ്ധ്യമല്ല. ഗസ്റ്റ് ഹൗസിൽ എഴുതാനിരിക്കുന്ന മുറിയിൽ ഫോൺ എക്സ്റ്റൻഷനൊന്നും ഇല്ലാത്ത കാലം. ഏതെങ്കിലും ഫോൺ കോൾ വന്നാൽ ജീവനക്കാർ ആരെങ്കിലും മുറിയിൽ വന്നു പറയും. എഴുത്തു നിർത്തി എഴുന്നേറ്റു ചെല്ലണം. ഗസ്റ്റ് ഹൗസ് മാനേജരുടെ മേശമേൽ ഫോൺ റിസീവർ ക്രേഡലിൽ നിന്നു മാറ്റി വച്ചിട്ടുണ്ടാവും. അതിൽ മറുതലയ്ക്കൽ നിന്നു വിളിക്കുന്നയാൾ അത്രയും നേരം ചിലപ്പോൾ കാത്തു നിൽക്കുന്നുണ്ടാവും .ഒരു ഫോൺ കോൾ വന്നാൽ ചില്ലറ ബുദ്ധിമുട്ടല്ല എന്നു സാരം. മൊബൈൽ ഫോൺ എന്നു കേട്ടു കേൾവി പോലും (നമ്മുടെ നാട്ടിൽ) ഇല്ലാത്ത കാലം.

renji-panicker08

‘‘ഇല്ല വിളിച്ചില്ല’’ ഞാൻ അൽപം കടുപ്പിച്ചു തന്നെ പറഞ്ഞു. അക്ബർ എന്ന സാധു മനുഷ്യൻ. അൽപ്പമൊരു വെമ്പലിൽ ഷാജിയെ നോക്കി. ഷാജിയുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിടർന്നു. എന്റെ നീരസത്തിന്റെ കാരണം എനിക്കും ഷാജിക്കും അറിയാം. ഏകലവ്യൻ എന്ന സിനിമയുടെ പ്രാകൃതകഥാരൂപം ഞാൻ ഒരിക്കൽ മമ്മുക്കയോട് മദ്രാസിൽ ചെന്നു പറഞ്ഞു കേൾപ്പിച്ചതാണ്. ‘നമുക്കുചെയ്യാം’ എന്ന് മമ്മുക്ക വാക്കും പറഞ്ഞു. അതുപക്ഷേ ചില കാരണങ്ങളാൽ നടക്കാതെപോയി. എന്നാൽപ്പിന്നെ ഇനി മമ്മുക്കയുമായി ഒരു സിനിമയ്ക്കും ഈ ജന്മം പുറപ്പെടില്ല എന്ന ഉറച്ച തീരുമാനത്തിലാണു ഞാൻ. അപ്പോൾപ്പിന്നെ മമ്മുക്ക വിളിച്ചാലും വിളിച്ചില്ലെങ്കിലും എനിക്കെന്ത്?

renji-panicker07

“എന്താകാര്യം?” ഞാൻ തീരെ താൽപ്പര്യമില്ല എന്ന മോഡുലേഷനിൽ ഷാജിയെ നോക്കി. മറുപടി പറഞ്ഞത് അക്ബറാണ്. ‘എനിക്കു മമ്മുക്ക ഒരു ഡേറ്റ് തന്നിട്ടുണ്ട്. ഓപ്പൺ ഡേറ്റ്. ഒറ്റ കണ്ടീഷനേയുള്ളൂ രൺജി എഴുതണം– ഷാജി സംവിധാനം. “ഞാനില്ല” എന്നു മറുപടി പറഞ്ഞു തീരും മുൻപ് മമ്മൂട്ടി ഫോണിൽ എന്ന സന്ദേശവുമായി ഗസ്റ്റ് ഹൗസ് ജീവനക്കാരൻ പാഞ്ഞു വന്നു. വേഗം തന്നെ ചെന്നു ഫോണെടുത്തു. ‘‘അവരങ്ങു വന്നോ– കാര്യം പറഞ്ഞോ? മദിരാശിയിൽ നിന്നു ഘനശബ്ദം. ‘‘പറഞ്ഞു’’ എന്നു മാത്രം എന്റെ മറുപടി. ‘‘ആ – താൻ ഒന്നു നോക്ക്’’– ഏതൊക്കെയോ തിരക്കുകൾക്കിടയിൽ വിളിച്ചതാണ് അദ്ദേഹം. ‘‘നോക്കാൻ സൗകര്യമില്ല ’’ എന്നു പറയാൻ നാവു തരിച്ചെങ്കിലും പറഞ്ഞില്ല.

ഡോ. പശുപതി എന്ന എന്റെ ആദ്യ സിനിമ എഴുതാൻ പുറപ്പെടുമ്പോൾ മമ്മൂട്ടി എന്ന നടന്റെ കാൽതൊട്ടു വന്ദിച്ച് അനുഗ്രഹം വാങ്ങിയതാണ് ഞാൻ. പത്രപ്രവർത്തകനായി നടന്ന കാലത്ത് പലവട്ടം പല കാരണങ്ങൾക്ക് അദ്ദേഹം എന്നോടും ഞാൻ അങ്ങോട്ടും കലഹിച്ചിട്ടുണ്ട്. എങ്കിലും സ്വന്തം അനുജന്മാരായ ഇബ്രാഹിംകുട്ടിക്കും സക്കറിയയ്ക്കും ഒപ്പം എന്നെയും കൂടെ കൂട്ടിയിട്ടുണ്ട് പലേടത്തും, പലതിനും. ഗിരിനഗറിലെ വീട്ടിൽ എനിക്കു സ്വന്തം വീട്ടിലെന്നപോലെ എപ്പോൾ വേണമെങ്കിലും ചെന്നു കയറാം. വയറു നിറച്ചു ഭക്ഷണം വിളമ്പിക്കിട്ടും. ഇച്ചാക്ക എന്നു വിളിക്കാൻ പോന്ന സ്നേഹം തരും. ഉണ്ടും ഉറങ്ങിയും ആ വീട്ടിൽ പലനാൾ കഴിഞ്ഞിട്ടുണ്ട് .മമ്മുക്കയുടെ ചെമ്പിലെ തറവാടു വീട്ടിലും എനിക്ക് സ്ഥിരാംഗത്വമുണ്ട്. ശാപ്പാടും ഉറങ്ങാൻ ചായ്പു മുറിയും ഉണ്ട്.

renji-panicker03

മനസിൽ ഞാൻ പ്രതിഷ്ഠിച്ചിരിക്കുന്നത് തികഞ്ഞ ഗുരുത്വത്തോടെയാണ്. അതുകൊണ്ട് ‘‘നോക്കാൻ സൗകര്യമില്ല’’ എന്നൊന്നും വെട്ടിത്തുറന്നു പറയാൻ പറ്റില്ല. എങ്കിലും ഫോൺ കോൾ കഴിഞ്ഞപ്പോൾ ഷാജിയോട് അറുത്തു മുറിച്ചു പറഞ്ഞു. ‘‘നീ ചെയ്തോളൂ. ഞാനില്ല.’’

“സോറി അക്ബറേ– വേറെ ആരെങ്കിലും എഴുതട്ടെ. നിങ്ങൾ മമ്മൂക്കയുടെ ഡേറ്റ് കിട്ടിയതു കളയണ്ട”– അക്ബറിന്റെ വെളുത്തു തുടുത്ത മുഖം ഇരുണ്ടുമൂടിപ്പോയി.

ഞാൻ പതുക്കെ എന്റെ പണികളിലേക്കു തിരിഞ്ഞു. ഷാജിയും അക്ബറും യാത്രപറഞ്ഞിറങ്ങി. ഞാൻ ആ സംഭവം തന്നെ മറന്നു. രണ്ടു ദിവസം കഴിഞ്ഞു കാണും. ‘‘സാറിന്റെ അമ്മ ഫോണിൽ’’ എന്നു ജീവനക്കാരൻ വന്നു പറഞ്ഞു. കടലാസ് ഒതുക്കിവച്ച്  ചെന്നു ഫോണെടുത്തു. അത്യാവശ്യമില്ലെങ്കിൽ ഞാൻ എവിടെയെങ്കിലും എഴുതാൻ മാറിയിരിക്കുമ്പോൾ ഫോൺ വിളിക്കുന്ന പതിവ് അമ്മയ്ക്കും അച്ഛനും ഇല്ല. ‘‘കുഞ്ഞേ”, അമ്മയുടെ ശബ്ദം. ഞാൻ വളർന്നു മുതുക്കനായെങ്കിലും എന്റെ അമ്മ മരിക്കും വരെ ‘‘കുഞ്ഞേ’’ എന്നേ എന്നെ വിളിച്ചിട്ടുള്ളൂ.

‘‘ഇന്നലെ ഇവിടെ വീട്ടിൽ ഒരാൾ വന്നിരുന്നു, ഒരു അക്ബർ. പ്രൊഡ്യൂസർ”– ഞാൻ ഒന്നു നടുങ്ങി. അക്ബർ എന്തിന് എന്റെ അമ്മയെ ചെന്ന് കാണണം! ‘നീ അയാൾക്ക് സിനിമ എഴുതിക്കൊടുക്കണം–’ അമ്മയുടെ ശബ്ദത്തിലിപ്പോൾ കൽപനയാണ്– ‘‘ അമ്മേ ഞാൻ–’’ എതിർത്തു പറയാൻ അമ്മ അനുവദിച്ചില്ല. ‘‘ഇങ്ങോട്ടൊന്നും പറയണ്ട– നിന്റെ സിനിമാക്കാര്യത്തിലൊന്നും ഞാൻ ഇന്നുവരെ തലയിട്ടിട്ടുണ്ടോ–’’ ഞാൻ മറുപടി പറയാതെ ഫോൺ പിടിച്ചു നിന്നു.

‘‘അക്ബർ കുറേ സങ്കടങ്ങൾ പറഞ്ഞു കരഞ്ഞു–’’. ‘

‘നീ എഴുതിക്കൊടുത്താൽ അയാളുടെ പ്രശ്നങ്ങൾ തീരും–’’ ഞാൻ മിണ്ടിയില്ല.

“നീ എഴുതും എന്നു ഞാൻ വാക്കു പറഞ്ഞു. ഇനി നിന്റെ തോന്നിയതുപോലെ,’’ ഞാൻ എന്തെങ്കിലും പറയും മുൻപ് അമ്മ ഫോൺ വച്ചു.

അമ്മ പറഞ്ഞാൽ‌ ഞാൻ‌ മറുത്തൊരു വാക്കു പറയാൻ ധൈര്യപ്പെടില്ല എന്നു ഷാജിക്കറിയാം. അക്ബറിനെ അമ്മയുടെ അടുത്തേക്ക് അയച്ചതു ഷാജിയല്ലാതെ മറ്റാര്? പിന്നീട് ഞാൻ കൂടുതൽ ഒന്നും അന്വേഷിച്ചില്ല. മാഫിയയുടെ പണികൾ കഴിഞ്ഞു മദ്രാസിൽ നിന്നു മടങ്ങിയെത്തി. അരോമയ്ക്കുവേണ്ടി അടുത്ത സിനിമ പറഞ്ഞ് ഉറപ്പിച്ചിരുന്നു. കമ്മീഷണർ. അതും കഴിഞ്ഞപ്പോൾ അക്ബർ കറുത്ത അംബാസിഡർ കാറോടിച്ചു വന്നു. അമ്മയുടെ വാക്കാണ്. ഞാൻ പേനയും കടലാസും പെട്ടിയും എടുത്ത് അക്ബറിനൊപ്പം ഇറങ്ങി, കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് ഇത്തവണ എഴുതാൻ ഇരുന്നത്. ഒരു പാട് ആലോചനകൾ, തർക്കങ്ങൾ, ചർച്ചകൾ. ‘കമ്മീഷണർ കഴിഞ്ഞ സ്ഥിതിക്ക് ഇനി കലക്ടർ പിടിക്കാമെടാ’ എന്ന ഷാജിയുടെ നിർദ്ദേശം ഞാൻ ഇതിനിടെ പലതവണ പുച്ഛിച്ചു തള്ളിയിരുന്നു. അമ്മ വഴിക്ക് എന്നെ നിരായുധനാക്കിയ ഷാജിയോട് നീരസം തീർന്നിരുന്നില്ല. എങ്കിലും പറഞ്ഞു പറഞ്ഞ് ഒടുവിൽ കലക്ടർ എന്നു തന്നെ ഉറപ്പിച്ചു. ഷാജി വീണ്ടും ജയിക്കുന്നു.

എഴുത്തു തുടങ്ങി. എങ്ങനെയും പത്തോ പതിനഞ്ചോ സീൻ എഴുതിത്തീർത്തു കൊടുത്താൽ ഷാജി ഷൂട്ടിങ്ങ് തുടങ്ങും. പിന്നെ അന്നന്നത്തേക്കുള്ളത് ലൊക്കേഷനിലും ഹോട്ടൽ മുറിയിലും ഇരുന്ന് എഴുതി തീർത്ത് ഷാജിക്ക് ഒപ്പമെത്താൻ എന്റെ മരണവെപ്രാളം. അതാണ് ഞങ്ങളുടെ പതിവു രീതി. ഇത്തവണയും ഷാജി കാര്യങ്ങൾ വേഗത്തിലാക്കി. “മമ്മുക്കയെ കാണണ്ടേ, കഥ പറയണ്ടേ”– എഴുത്തിനിടെ ഷാജിയുടെ സമ്മർദ്ദം. അക്ബറിന്റെ അനുനയം. “മമ്മുക്കയെ കണ്ട് ഞാൻ കഥ പറഞ്ഞിട്ട് ഈ സിനിമ തുടങ്ങില്ല. എഴുതാമെന്നു ഞാൻ സമ്മതിച്ചു. എഴുതുന്നു. അല്ലാതെ ആരെയും ചെന്നു കണ്ടു കഥ ബോധിപ്പിക്കൽ എന്റെ ജോലിയല്ല.’’ ഞാൻ വാശിയിൽ ഉറച്ചു നിന്നു.

renji-panicker04

എഴുത്ത് പലവട്ടം മുടങ്ങി. മമ്മുക്കയുടെ ഡേറ്റ് പലവട്ടം മാറ്റേണ്ടി വന്നു. ഇടയ്ക്ക് ഒരിക്കൽ മദിരാശിയിൽ ചെന്നപ്പോൾ മമ്മൂക്ക പ്രസാദ് സ്റ്റുഡിയോയിൽ നിന്നു ഹൈജാക്ക് ചെയ്ത് അഡയാറിലെ വീട്ടിൽ കൊണ്ടു പോയി. ‘‘എന്താ കഥ’’? ഷാജിയും അക്ബറും  നിശബ്ദർ . ‘‘കലക്ടർ’’ ഒറ്റവാക്കിൽ ഞാൻ മറുപടി പറഞ്ഞു. ഭാഭി (മമ്മുക്കയുടെ ഭാര്യ സുൽഫത്ത്) വിളമ്പിത്തന്ന ബിരിയാണി മൂക്കറ്റം കഴിച്ച് ഞാൻ ബലം പിടിച്ച് ഒന്നും വിട്ടുകൊടുക്കാതെ ഇരുന്നു. കാൽ തൊട്ടു വന്ദിച്ച് അനുഗ്രഹം വാങ്ങി തിരക്കഥയെഴുതാനിറങ്ങിയവന്റെ പൊട്ട വാശി പൊറുത്തു തന്ന് മമ്മൂട്ടി എന്ന ഹൃദയ വലിപ്പം എന്നെ നോക്കി സ്നേഹത്തോടെ ചിരിച്ചു. ഭാഭിയും.

ഇരുപതു സീൻ എഴുതിത്തികയും മുൻപ് മമ്മുക്ക വിളിച്ചു. “ഇനി നോക്കിയിരിക്കാൻ എന്നെ കിട്ടില്ല. ഡേറ്റ് ഞാൻ തീരുമാനിച്ചു. നമ്മൾ തുടങ്ങുന്നു”. ഷാജിയും മമ്മുക്കയും അക്ബറും അതിനോടകം ചിത്രത്തിന്റെ വിതരണ കരാർ ഏറ്റെടുത്തിരുന്ന മാക് അലിയും ചേർന്നു നടത്തിയ ഗൂഢനീക്കങ്ങൾ അന്തിമ വിജയം കണ്ടു. മമ്മൂക്ക ഷൂട്ടിങ്ങിനു തലേന്ന് തിരുവനന്തപുരത്തെത്തി ‘പങ്കജ്’ ഹോട്ടലിലെ മുറിയിൽ നിന്ന് എന്നെ വിളിച്ചു. ‘എടോ ഞാനെത്തി. നാളെ എന്താ അഭിനയിക്കേണ്ടത് ഒന്നു വായിച്ചു കേൾപ്പിക്ക്– അല്ലാതെ എങ്ങനാ?’

പൂച്ച പെറ്റതുപോലെ കടലാസും പേനയുമെടുത്ത് കോഴിക്കോട്ടും കോവളത്തുമൊക്കെ ആറേഴുമാസം മാറി മാറി എഴുതാനിരുന്നിട്ടും ആകെ ഇരുപത്തിയാറു സീനാണ് എഴുതിത്തീർന്നത്. നാളെ ഷൂട്ടിങ്ങ് തുടങ്ങുന്നു. ‘നാളെ എന്തഭിനയിക്കണം’–– മമ്മുക്ക ചോദിക്കുന്നു. ‘‘നീ തന്നെ ചെല്ലടാ–പറയടാ–’’ എന്നു ഷാജിയുടെ മൃദുമന്ദഹാസ പരിഹാസം.

എഴുതിയതത്രയും വാരിയെടുത്ത് ഫയലിലടുക്കി മമ്മുക്കയുടെ മുറിയിലെത്തി. എന്റെ വാശിയും ബലം പിടുത്തവുമൊക്കെ കടപുഴകിയിരുന്നു. ‘ഇച്ചാക്കാ– തീർന്നിട്ടില്ല കഷ്ടിച്ചൊരു പത്തിരുപത്താറു സീൻ.’’

“മതിയെടോ–താൻ വായിക്ക്,” കട്ടിൽത്തലയ്ക്കൽ തലയിണ ചാരി മമ്മുക്ക കണ്ണടച്ച് ഇരുന്നു. ഞാൻ വായിച്ചു തുടങ്ങി. മമ്മൂക്കയ്ക്ക് കുലുക്കമൊന്നുമില്ല. ‘കളി എന്നോടും വേണ്ട സാർ– യു നോ വൈ? ബിക്കോസ് ഐ ഹാവ് ആൻ എക്സ്ട്രാ ബോൺ– അസ്  യു സെഡ്, ഒരെല്ല് കൂടുതലാ എനിക്ക്–’’ മമ്മുക്ക കണ്ണു തുറന്നു ഒന്ന് ഇളകിയിരുന്നു. ഞാൻ ഫയലിൽ നിന്നു മുഖമുയർത്തി നിർത്തണ്ടാ– വായിച്ചോളൂ എന്നു മമ്മൂക്ക കൈകാണിച്ചു. സീൻ ഇരുപത്തിയാറ്. ഞാൻ വായന തുടർന്നു.‘‘ തേവള്ളിപ്പറമ്പിൽ അലക്സാണ്ടർ എന്ന അതികായൻ യുദ്ധത്തിനിറങ്ങിയപ്പോ നിയമവും നീതിയുമൊക്കെ നട്ടെല്ലു വളച്ചു കൊടുത്തു–……. ദ മ്യൂട്ടിനസ് ഹലൂസിനേഷൻസ് ഒഫ് ആൻ അഡോളസന്റ് അബ്സോൾവ്ഡ്– മീശ മുളയ്ക്കാത്തവന്റെ വിപ്ലവ വിഭ്രാന്തികൾക്ക് നിരുപാധികം മാപ്പ്.’’

അത്രയുമെത്തിയപ്പോൾ മമ്മുക്ക എഴുന്നേറ്റു– ഇന്റർ കോം ഫോണെടുത്ത് റസ്റ്ററന്റിലേക്കു വിളിച്ചു . ‘‘രണ്ട് ബ്ലാക്ക് റ്റീ–’’ ഞാൻ മമ്മുക്കയെ നോക്കി. “മതിയെടോ വായിച്ചത്”– മമ്മുക്ക നിറഞ്ഞു ചിരിച്ചു– “എനിക്ക് ഇത്രേം കേട്ടാൽ മതി”– ഞാൻ എഴുന്നേറ്റ് അടുത്തു ചെന്നു. കുനിഞ്ഞ് മമ്മുക്കയുടെ പാദം തൊട്ടു. നിറുകയിൽ ഒരിക്കൽ കൂടി വാത്സല്യസ്പർശം! അനുഗ്രഹം. ‘‘അമ്മ കൊടുത്ത വാക്കല്ലേ– നന്നാവും– നന്നായിക്കോളും.’’

എന്റെ അമ്മ മരിച്ച് ഇരുപത് വർഷം കഴിഞ്ഞു. അമ്മയെച്ചെന്നു കണ്ട് എന്നെക്കൊണ്ടു സിനിമ എഴുതിക്കാൻ കൽപ്പന വാങ്ങിച്ചെടുത്ത അക്ബർ ഇന്നു ജീവിച്ചിരുപ്പില്ല. മമ്മൂട്ടി എന്ന വലിയ ദയ അക്ബർ‌ എന്ന സങ്കടത്തിനു നീട്ടിയ സ്നേഹവായ്പാണ് എന്റെ അമ്മയെക്കൊണ്ട് ‘‘ അവൻ എഴുതിത്തരും’’ എന്നു വാക്കു പറയിച്ചത്. മമ്മൂട്ടി എന്ന നടൻ മഹാ വിസ്ഫോടനമായി മാറിയ,  ഷാജികൈലാസ് എന്ന അദ്ഭുത സംവിധായകൻ പ്രദർശനശാലകളിൽ പ്രകമ്പനം സൃഷ്ടിച്ച ‘ദ് കിങ്’ എന്ന സിനിമയ്ക്ക്, സ്നേഹത്തിന്, കാൽ നൂറ്റാണ്ട് പ്രായം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!