കൊച്ചി: ഡോളര്‍ കടത്തുകേസില്‍ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴികള്‍ ഗൗരവതരമെന്ന് കസ്റ്റംസ്. ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ചിലരെ വിളിപ്പിച്ച് ഇരുവര്‍ക്കുമൊപ്പം ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു.സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴികള്‍ പുറത്താകുന്നത് ഇരുവരുടെയും ജീവനു പോലും ഭീഷണിയായേക്കുമെന്ന് കസ്റ്റംസ് കോടതിയില്‍. ഇരുവരേയും ഏഴ് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇരുവരുടെയും മൊഴികളില്‍ നിന്ന് കൂടുതല്‍ ഗൗരവമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് സ്വപ്നയും സരിത്തും നല്‍കിയ മൊഴിയില്‍ എം ശിവശങ്കറിന്റെ പങ്കിനെക്കുറിച്ചും പറഞ്ഞിട്ടുള്ളതായി കസ്റ്റംസ് കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി. കസ്റ്റംസ് അപേക്ഷ പരിഗണിച്ച് ഇരുവരുടെയും കസ്റ്റഡി കാലാവധി ചൊവ്വാഴ്ച വരെ നീട്ടി.
ശിവശങ്കറിന് സ്വര്‍ണക്കടത്തിലുള്ള പങ്കാളിത്തം, ഡോളര്‍ കടത്ത് കേസിലെ പങ്കാളിത്തം തുടങ്ങിയ മൊഴികള്‍ സ്വപ്‌നയും സരിത്തും നല്‍കിയിരുന്നു. കൂടാതെ കേസില്‍ വിദേശികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവരുടെ യാത്രാ രേഖകള്‍ അടക്കം കണ്ടെത്തേണ്ടതുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ അറിയിച്ചു. അതേസമയം ഇരുവരുടെയും കസ്റ്റഡി ഈ മാസം എട്ടുവരെ കസ്റ്റംസിന് നീട്ടി നല്കി. സ്വപ്നയേയും സരിത്തിനേയും ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്നായിരുന്നു കസ്റ്റംസ് ആവശ്യപ്പെട്ടത്.