ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത് നിര്‍ണ്ണായകമായി; സ്‌പേസ് പാര്‍ക്കില്‍ സ്വപ്നയെ നിയമിക്കുമ്പോള്‍ യോഗ്യതയില്ലെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് ശിവശങ്കര്‍; പൊട്ടിത്തെറിച്ച് ശിവശങ്കറിന് അറിയാമായിരുന്നവെന്ന് സമ്മതിച്ച് സ്വപ്‌ന
തിരുവനന്തപുരം : അഞ്ചു മാസത്തില്‍ അധികമായുള്ള ജയില്‍ വാസം സ്വപ്‌നാ സുരേഷിന് മടുത്തു. തന്നെ മാത്രം ബലിയാടാക്കി രക്ഷപ്പെടാനുള്ള ഉന്നതരുടെ നീക്കങ്ങള്‍ പൊളിക്കുകയാണ് സ്വപ്‌ന . സ്‌പേസ് പാര്‍ക്കില്‍ നിയമിക്കുമ്ബോള്‍ തനിക്കു യോഗ്യതയില്ലെന്ന കാര്യം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സ്വപ്ന സുരേഷ് പറയുന്നു. ശിവശങ്കറിനൊപ്പം ഇരുത്തി ചോദ്യം ചെയ്തപ്പോഴാണു രോഷത്തോടെ സ്വപ്ന ഇതു വെളിപ്പെടുത്തിയത്. ഇതോടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലും സ്വപ്‌ന കുടുങ്ങുമെന്ന് ഉറപ്പാവുകയാണ്.
അതു ശിവശങ്കര്‍ നിഷേധിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഓരോ കാര്യവും സ്വപ്ന ദേഷ്യത്തോടെ വെളിപ്പെടുത്തിയത്.സ്പേസ് പാര്‍ക്കില്‍ ഓപ്പറേഷന്‍സ് മാനേജര്‍ തസ്തികയിലാണു സ്വപ്നയെ ശിവശങ്കറിന്റെ ശുപാര്‍ശയിന്മേല്‍ നിയമിച്ചത്. വ്യാജ ബികോം സര്‍ട്ടിഫിക്കറ്റാണ് ഇതിനായി സ്വപ്ന ഹാജരാക്കിയത്.
സ്വപ്നയെയും ശിവശങ്കറിനെയും സരിത്തിനെയും ഇരുത്തി ചോദ്യം ചെയ്തതു മുഴുവന്‍ കസ്റ്റംസ് വിഡിയോ റിക്കോര്‍ഡിങ് നടത്തിയിട്ടുണ്ട്.
സ്വപ്ന സുരേഷിനെ നിയമിച്ച് 2 മാസത്തിനുള്ളില്‍ സ്‌പേസ് പാര്‍ക്ക് പദ്ധതിയില്‍ തന്നെ 17.65 ലക്ഷം രൂപയുടെ മറ്റൊരു കരാര്‍ കെഎസ്‌ഐടിഐഎല്‍ കൂടി പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനു സര്‍ക്കാര്‍ നല്‍കി. സ്‌പേസ് പാര്‍ക്കിലേക്ക് ഐഎസ്‌ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പറേഷനില്‍നിന്നു നിക്ഷേപം ആകര്‍ഷിക്കാനായി സാധ്യതാ റിപ്പോര്‍ട്ടും മാര്‍ക്കറ്റ് റിപ്പോര്‍ട്ടും തയാറാക്കുകയായിരുന്നു ദൗത്യം. 17.65 ലക്ഷം രൂപയില്‍ 10.41 ലക്ഷം പിഡബ്ല്യുസിക്ക് നല്‍കി. വിവാദം കാരണം പിന്നീട് തുക കിട്ടിയതുമില്ല.
സ്വപ്ന സുരേഷുമായി നടത്തിയ ഇന്ററാക്ഷനു ശേഷം മുന്നോട്ട് പോകാമെന്ന് നിങ്ങള്‍ പറഞ്ഞതുകൊണ്ട് അവരെ റിക്രൂട്ട് ചെയ്യുന്ന പ്രക്രിയ ഞങ്ങള്‍ അന്തിമമാക്കുകയാണ്. 2019 ഒക്ടോബര്‍ 21ന് അവരെ നിങ്ങളുടെ തിരുവനന്തപുരത്തെ ഓഫിസില്‍ നിയോഗിക്കാമെന്ന് പ്രതീക്ഷിക്കുന്നു’-ഒക്ടോബര്‍ 17ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) അസോഷ്യേറ്റ് ഡയറക്ടര്‍ സി.പ്രതാപ് മോഹന്‍ നായര്‍ സ്‌പേസ് പാര്‍ക്കിന്റെ ചുമതലയുള്ള കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് (കെഎസ്‌ഐടിഐഎല്‍) എംഡി ജയശങ്കര്‍ പ്രസാദിന് അയച്ച ഇമെയില്‍ ഇങ്ങനെയായിരുന്നു.
സ്വപ്ന നേരത്തേ അന്വേഷണ സംഘത്തോടു പറഞ്ഞ ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശിവശങ്കറിനോടു ചോദിച്ചിരുന്നു.