സ്വയം പ്രയത്നം കൊണ്ട് എം. ബി. ബി എസ് പ്രവേശനം നേടിയ സഖാവിന്റെ മകളുടെ നേട്ടത്തിന്റെ പിതൃത്വം ഏറ്റെടുക്കുന്ന ഒരു ഗതിക്കെട്ട പാർട്ടിയാണ് സിപിഎം എന്ന് ശോഭ സുരേന്ദ്രൻ.
ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആണ് ശോഭ സുരേന്ദ്രൻ ഇത് പറഞ്ഞത്.
ഓമനക്കുട്ടൻ എന്ന സാധാരണക്കാരന്റെ മകൾ കുസൃതിയ്ക്ക് എം. ബി. ബിഎസ് കിട്ടിയതിൽ സന്തോഷം ഉണ്ടെന്നും ശോഭ കുറച്ചു.
വാക്കുകൾ ഇങ്ങനെ
സഖാവ് ഓമനക്കുട്ടന്റെ മകൾ സുകൃതിക്ക് എം ബി ബി എസ് പ്രവേശനം ലഭിച്ചതിൽ സന്തോഷമുണ്ട്. ഓമനക്കുട്ടന്റേത് എന്നല്ല ഈ നാട്ടിലെ ഏത് സാധാരണക്കാരന്റെ മക്കൾക്കും ആ അവസരം കൈവന്നാൽ സന്തോഷം മാത്രമേയുള്ളു. എന്നാൽ സുകൃതിയുടെ വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ MBBS വിദ്യാഭ്യാസത്തിനുള്ള ഫീസ് വർധിപ്പിച്ച സർക്കാരും സിപിഎമ്മും തുനിഞ്ഞിറങ്ങുന്നത് കാണുമ്പോൾ സഹതാപം മാത്രമേയുള്ളു. ആരോഗ്യവകുപ്പ് സെക്രട്ടറിയും പ്രവേശന പരീക്ഷ കമ്മീഷണറും അടങ്ങുന്ന സർക്കാർ സമിതിയാണ് 2017ൽ പ്രഫഷണൽ മെഡിക്കൽ വിദ്യാഭ്യാസം പണക്കാർക്ക് തീറെഴുതി കൊടുത്തുകൊണ്ട് ഫീസ് വർധിപ്പിച്ചത്. 2016 അധ്യായന വർഷത്തിൽ ക്രിസ്ത്യൻ കോളേജുകൾ ഒഴികെയുള്ള കോളേജുകളിൽ ഇരുപത്തയ്യായിരം രൂപയ്ക്കു ഇരുപതു കുട്ടികളും രണ്ടരലക്ഷം രൂപയ്ക്കു മുപ്പതുകുട്ടികളും പഠിച്ച സ്ഥാനത്ത് എല്ലാവരും അഞ്ചര ലക്ഷം രൂപ കൊടുക്കണം എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചത് ഇടതുപക്ഷ സർക്കാരാണ്. അഞ്ചരലക്ഷം രൂപ ഒരു വർഷം എന്ന് പറയുമ്പോൾ 27.5 ലക്ഷം രൂപ മുടക്കാൻ പറ്റുന്നവർ അപേക്ഷിച്ചാൽ മതി എന്ന് തീരുമാനമെടുത്തതും ഈ സർക്കാരാണ്. ഈ പണം മുടക്കാൻ ത്രാണിയില്ലാത്തവർ ഈ മേഖലയിൽ നിന്ന് പിന്മാറുമ്പോൾ കിട്ടുന്നതിന്റെ പേരാണ് ഏകീകൃത മെറിറ്റ് ലിസ്റ്റെന്ന് പറഞ്ഞതും ഈ സർക്കാരാണ് ! എട്ടുലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള ഒ ബി സിക്കാരോട് അഞ്ചര ലക്ഷം രൂപ വാർഷിക ഫീസ് വാങ്ങുന്നതിനോളം യുക്തിരഹിതമായ തീരുമാനം മറ്റെന്താണുള്ളത്? മെഡിക്കൽ വിദ്യാഭ്യാസം സ്വപ്നമായി കൊണ്ടുനടക്കുന്ന ഈ നാട്ടിലെ സാധാരണക്കാരായ വിദ്യാർത്ഥികളെ ഫീസ് വർധിപ്പിച്ച് വഞ്ചിക്കുകയും സ്വപ്രയത്നം കൊണ്ട് എം ബി ബി എസ് പ്രവേശനം നേടിയ സഖാവിന്റെ മകളുടെ നേട്ടത്തിന്റെ പിതൃത്വം ഏറ്റെടുക്കുകയും ചെയ്യുന്ന ഗതിക്കെട്ട പാർട്ടിയാണ് സിപിഎം. കിറ്റ് വിറ്റ് വോട്ട് നേടാൻ ശ്രമിക്കുന്നവർക്ക് തങ്ങളുടെ പാർട്ടിയിലെ പിന്നോക്ക സ്വത്വം വിൽക്കാൻ ധർമ്മികമായും വേറെ പ്രശ്നങ്ങളുണ്ടാകില്ലല്ലോ?