കണ്ണൂരിലെ ആന്തൂര്‍ നഗരസഭയില്‍ പോളിംഗ് ശതമാനം ഉയരാന്‍ കാരണം കള്ളവോട്ടുകളെന്ന് കെ സുധാകരന്‍ എംപി. പല പഞ്ചായത്തുകളിലും യുഡിഎഫ് ബൂത്ത് ഏജന്റ്മാരെ ഇരിക്കാന്‍ പോലും സി പി എമ്മുകാര്‍ സമ്മതിക്കുന്നില്ല.
കണ്ണൂര്‍ കോര്‍പറേഷനില്‍ 35 സീറ്റുകള്‍ നേടും. കണ്ണൂരില്‍ യുഡിഎഫ് വലിയ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാംഘട്ടത്തില്‍ നഗരസഭകളിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് ആന്തൂരില്‍ ആണ്. ഇടത്പക്ഷത്തിന്റെ ശക്തികേന്ദ്രമാണ് ഇവിടം.
രാവിലെ മുതല്‍ തന്നെ വലിയ ആള്‍ത്തിരക്കാണ് നഗരസഭയിലെ എല്ലാ ബൂത്തിന് മുന്നിലും ഉള്ളത്. ആദ്യ നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ തന്നെ അമ്പത് ശതമാനത്തോളം പോളിംഗ് എല്ലാ ഡിവിഷനിലും രേഖപ്പെടുത്തിയിരുന്നു.
വലിയ ക്യൂ ആണ് ബൂത്തുകള്‍ക്ക് മുന്നില്‍ ഇപ്പോഴും ഉള്ളത്. ഇടത് ശക്തികേന്ദ്രമായ ആന്തൂരില്‍ എല്ലാ തെരഞ്ഞെടുപ്പിലും ഇത്തരത്തില്‍ കനത്ത പോളിംഗ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.
മിക്കബൂത്തുകളിലും 90 ശതമാനത്തിന് മുകളിലും ചില ബൂത്തുകളില്‍ 99 ശതമാനം വരെയൊക്കെ പോളിംഗ് രേഖപ്പെടുത്തിയ ചരിത്രം ആന്തൂരിലെ ബൂത്തുകള്‍ക്ക് ഉണ്ട്. 22 ഡിവിഷനിലാണ് വോട്ടിംഗ് നടക്കുന്നത്.
ആകെ ഡിവിഷനില്‍ ആറിടത്ത് എല്‍ഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. നഗരസഭയിലെ 28 ഡിവിഷനില്‍ അയ്യങ്കോല്‍ ഡിവിഷനില്‍ മാത്രമാണ് രാഷ്ട്രീയ മത്സരം നടക്കുന്നത്. ഇവിടെ ലീഗ് സ്ഥാനാര്‍ത്ഥി മത്സര രംഗത്ത് ഉണ്ട്. 15 സീറ്റില്‍ ബിജെപി മത്സരിക്കുന്നുണ്ട്.