ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തളളി. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. ജഡ്‌ജി വിവേചനപരമായി പെരുമാറുന്നുവെന്ന് ആരോപണം ഉയര്‍ത്തി കോടതി മാറ്റാനാകില്ലെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
കോടതി ഒരു തീരുമാനമെടുത്താല്‍ നിയമപരമായി അത് ചോദ്യം ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതല്ലാതെ ജഡ്‌ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുന്നത് ശരിയായ രീതിയല്ല. വിചാരണ കോടതി മാറ്റണന്ന ആവശ്യത്തോട് യോജിക്കാനാകില്ല. വിചാരണ കോടതി വിധിയോട് സര്‍ക്കാരിന് എന്തെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
വലിയ തോതിലുളള മാദ്ധ്യമ ശ്രദ്ധ ലഭിച്ച കേസായതിനാല്‍ ജഡ്‌ജിക്ക് അതുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരിക്കാം.
പക്ഷേ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ ജഡ്‌ജിക്ക് എതിരെയോ കോടതിയ്‌ക്ക് എതിരെയോ ഉണ്ടാകാന്‍ പാടുളളതല്ലെന്ന നിരീക്ഷണവും സുപ്രീംകോടതി മുന്നോട്ട്‌വച്ചു.
രഹസ്യ വിചാരണയായിട്ടും ഇരുപതോളം അഭിഭാഷകരുടെ സാന്നിദ്ധ്യം കോടതിയിലുണ്ടായിരുന്നുവെന്നും ഇരയെ അവഹേളിക്കുന്ന തരത്തിലുളള പരാമര്‍ശങ്ങളാണ് വിചാരണ കോടതി ജഡ്‌ജിയില്‍ നിന്നുണ്ടായതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ സുപ്രീം കോടതി ഈ വാദങ്ങള്‍ മുഖവിലയ്‌ക്കെടുത്തില്ല. അതേസമയം, പബ്ലിക്ക് പ്രോസിക്യൂട്ടര്‍ രാജിവച്ച സാഹചര്യത്തില്‍ പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാരിന് സുപ്രീംകോടതി സമയം അനുവദിച്ചു.
കേസില്‍ വിചാരണ കോടതി മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നേരത്തെ കേരള ഹൈകോടതി തളളിയിരുന്നു.
ഈ വിധിക്കെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. കോടതി മാറ്റുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതിയും പ്രോസിക്യൂട്ടറും സഹകരിച്ച് നീതി നടപ്പാക്കാന്‍ മുന്നോട് പോകണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്.
ഹൈക്കോടതി വിധിയെ തുടര്‍ന്ന് പ്രൊസിക്യൂട്ടര്‍ എ സുരേശന്‍ രാജിവച്ചിരുന്നു. കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് ഇരയായ നടിയും പ്രോസിക്യുഷനും കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നത്.