ചേർത്തല: വീട്ടിൽ അതിക്രമിച്ചുകയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിന് 34 വർഷം തടവും 2.65 ലക്ഷം രൂപ പിഴയും ശിക്ഷ. പട്ടണക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തുറവൂർ പഞ്ചായത്ത് നാലാം വാർഡിൽ കുന്നത്ത് വീട്ടിൽ രോഹിത് വിശ്വമിനെയാണ് (അപ്പു-27) ചേർത്തല പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. 2022ലാണ് കേസ് രജിസ്റ്റർ ചെയ്തത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് മൊബൈൽ ഫോൺ വാങ്ങിക്കൊടുത്തും മറ്റും വിശ്വാസ്യത വരുത്തിയ യുവാവ്, ഒരു ദിവസം പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലെന്നുറപ്പാക്കി വീട്ടിനുള്ളിൽ കയറി പെൺകുട്ടിയെ ബലമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
തുടർന്നും മറ്റൊരു ദിവസം ഇതേ രീതിയിൽ അതിക്രമം ആവർത്തിച്ചു. പഠനത്തിൽ പിന്നോക്കം പോയ കുട്ടിയുടെ കൗൺസിലിങ്ങിലൂടെയാണ് സംഭവം പുറത്തറിയുന്നത്. കൗൺസിലിംഗ് നടത്തിയ അധ്യാപികയാണ് വിവരം പൊലീസിൽ അറിയിച്ചത്. വീട്ടിൽ അതിക്രമിച്ചു കയറിയതിന് അഞ്ചുവർഷം തടവും 50,000 രൂപ പിഴയും ശിക്ഷയും സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമത്തിന് അഞ്ചുവർഷം തടവും 50000 രൂപ പിഴയും തുടർച്ചയായി പിന്തുടർന്ന് ശല്യം ചെയ്തതിന് പോക്സോ ആക്ട് പ്രകാരം ഒരു വർഷം തടവും 10,000 രൂപ പിഴയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗിക ഉദ്ദേശത്തോടുകൂടി ശരീരഭാഗങ്ങളിൽ സ്പർശിച്ചതിനും മൂന്നുവർഷം തടവും 25,000 രൂപയും ഒന്നിൽ കൂടുതൽ തവണ ബലാത്സംഗം ചെയ്തതിന് 20 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ഉൾപ്പെടെ 34 വർഷം തടവും 2 ലക്ഷത്തി അറുപത്തയ്യായിരം രൂപ പിഴയും ആണ് ശിക്ഷ.








