തൃശൂര്‍: വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ഇറക്കിയ ഉത്തരവ് തൃശൂര്‍ പൂരം വെടിക്കെട്ടിന്‍റെ എല്ലാ മനോഹാരിതയും നശിപ്പിക്കുന്നതാണെന്നും പൂരത്തെ തകര്‍ക്കാനുള്ള നീക്കമായെ ഇതിനെ കാണാനാകുകയുള്ളുവെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. 35 നിയന്ത്രണങ്ങളാണ് ഉത്തരവിൽ പറഞ്ഞിട്ടുള്ളത്. ഇതിൽ പ്രധാനമായും അഞ്ച് നിബന്ധനകൾ ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. അഞ്ച് നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടിവന്നാൽ തേക്കിൻകാട് മൈതാനത്തിൽ വെച്ച് വെടിക്കെട്ട് നടത്താനാകില്ല. 200 മീറ്ററാണ് വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഫയര്‍ലൈനും തമ്മിലുള്ള അകലമായി ഉത്തരവിൽ പറയുന്നത്. തേക്കിൻകാടിൽ ഈ കണക്ക് പാലിക്കാനാകില്ല.
ഫയല്‍ലൈനും ആളുകളും തമ്മിലെ അകലം 100 മീറ്റര്‍ വേണമെന്നും ഉത്തരവിലുണ്ട്. തേക്കിൻകാട് മൈതാനത്തിൽ ഇതിന് വേണ്ട സൗകര്യങ്ങളില്ല. ഈ അകലം 60 മുതൽ 70 മീറ്റര്‍ വരെയായി കുറയ്ക്കണം. താല്‍ക്കാലികമായി ഉപയോഗിക്കുന്ന ഷെഡ്ഡും ഫയര്‍ലൈനും തമ്മിലെ അകലം 100 മീറ്ററാക്കി. ഇത് 15 മീറ്ററാക്കി കുറയ്ക്കണം. ആശുപത്രി, സ്കൂൾ, നഴ്സിംഗ് ഹോം എന്നിവയിൽ നിന്നും 250 മീറ്റർ അകലെ ആയിരിക്കണം വെടിക്കെട്ടുകൾ നടക്കേണ്ടതെന്ന എന്ന നിബന്ധനയും മാറ്റണം.
ഇതിൽ സ്കൂളുകൾ എന്നത് പ്രവർത്തിക്കുന്ന സ്കൂളുകൾ ആക്കണം. ഹോസ്പിറ്റലിൽ നിന്നും നഴ്സിംഗ് ഹോമിൽ നിന്നും നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങണം എന്ന നിബന്ധന വെക്കണം. വെടിക്കെട്ടിനെ കുറിച്ച് യാതൊരു അറിവും ഇല്ലാത്തവരാണ് ഇത്തരം ഉത്തരവുകൾ ഉണ്ടാക്കിയിരിക്കുന്നത്. ഇത് കേരളത്തിനോടും പൂര പ്രേമികളോടും ഉള്ള വെല്ലുവിളികളാണ്. പ്രധാനമന്ത്രിക്കും ബന്ധപ്പെട്ട മന്ത്രിയ്ക്കും കേരളത്തിൽ നിന്നുമുള്ള രണ്ട് എംപിമാർക്കും വിഷയത്തിന്‍റെ ഗൗരവം കാണിച്ച് കത്ത് നൽകും.
പുതിയ നിയന്ത്രണം പ്രകാരം സ്വരാജ് റൗണ്ടിന്‍റെ പരിസരത്തുപോലും ആളെ നിർത്താൻ കഴിയില്ല. പൂരത്തെ തകർക്കാനുള്ള ശ്രമമായി മാത്രമേ ഇതിനെ കാണാനാകുവെന്നും കെ രാജൻ പറഞ്ഞു. കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കെ രാജൻ പറഞ്ഞു. നവീൻ ബാബു മികച്ച ഉദ്യോഗസ്ഥനാണെന്നും മന്ത്രി ആവര്‍ത്തിച്ചു.