Friday, January 24
BREAKING NEWS


ഖാലിസ്ഥാൻ വിഘടനവാദി ഗുർപത്വന്ത് സിംഗ് പന്നുവിനെ വധിക്കാൻ ശ്രമിച്ച കേസിലെ ആരോപണ വിധേയൻ വികാസ് യാദവിനെ ഇന്ത്യ അമേരിക്കയ്ക്ക് കൈമാറില്ല

By ഭാരതശബ്ദം- 4

ദില്ലി : ഖാലിസ്ഥാൻ വിഘടനവാദി ഗുർപത്വന്ത് സിംഗ് പന്നുവിനെ വധിക്കാൻ ശ്രമിച്ച കേസിലെ ആരോപണ വിധേയൻ വികാസ് യാദവിനെ ഇന്ത്യ അമേരിക്കയ്ക്ക് കൈമാറില്ല. വികാസ് യാദവിനെതിരെ ഇന്ത്യയിൽ കേസുള്ളത് ചൂണ്ടിക്കാട്ടാനാണ് ഇന്ത്യയുടെ തീരുമാനം. മുംബൈ ഭീകരാക്രമണകേസിലെ പ്രതി ഡേവിഡ് ഹെഡ്ലിയെ കൈമാറണം എന്ന ആവശ്യം അമേരിക്കയോട് വീണ്ടും ഉന്നയിക്കാനും വിദേശകാര്യമന്ത്രാലയം തീരുമാനിച്ചതായാണ് സൂചന.

 

ഖാലിസ്ഥാൻ വിഘടനവാദി ഗുർപത്വന്ത് സിംഗ് പന്നുവിനെ വധിക്കാൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ ഉദ്യോഗസ്ഥൻ വികാസ് യാദവ് കരാർ നല്കിയെന്നാണ് അമേരിക്കയുടെ ആരോപണം. അമേരിക്കയുടെ പിടിയിലായ നിഖിൽ ഗുപ്ത വഴി ക്വട്ടേഷൻ നല്കിയത് അമേരിക്കയുടെ രഹസ്യ ഏജൻറിനാണ്. വികാസ് യാദവിനെതിരെ എല്ലാ തെളിവുമുണ്ടെന്നും കൈമാറണമെന്നും അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടു. ഈ കേസ് പുറത്തു വന്ന ശേഷം വികാസ് യാദവിനെതിരെ ദില്ലിയിൽ പണാപഹരണത്തിനും തട്ടിക്കൊണ്ടു പോകലിനും ദില്ലി പൊലീസ് മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഇതിൻറെ അന്വേഷണവും വിചാരണയും പൂർത്തിയാക്കാതെ വികാസ് യാദവിനെ വിട്ടു കൊടുക്കാൻ നിയമതടസ്സമുണ്ടെന്ന് ഇന്ത്യ അമേരിക്കയെ അറിയിക്കും.

മുംബൈ ഭീകരാക്രമണത്തിലെ പ്രതിയായ ഡേവിഡ് ഹെഡ്ലി  എന്നറിയപ്പെടുന്ന ദാവൂദ് ജിലാനിയെ കൈമാറാനുള്ള ഇന്ത്യൻ അഭ്യർത്ഥൻ ഇതുവരെ അമേരിക്ക അംഗീകരിച്ചിട്ടില്ല. കേസില മറ്റൊരു പ്രതി തഹാവൂർ റാണെയേയും നിയമതടസ്സം ചൂണ്ടിക്കാട്ടിയാണ് അമേരിക്ക കൈമാറാത്തത്. ഈ സാഹചര്യത്തിൽ വികാസ് യാദവിനെ കൈാറേണ്ടതില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

ഇതിനിടെ പന്നുവിനെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കിയപ്പോഴാണ് ഹർദീപ് സിംഗ് നിജ്ജറിൻറെ കൊലപാതകത്തിനും ഇന്ത്യ നിർദ്ദേശം നല്കിയതെന്ന് കാനഡ ആരോപിച്ചു. ഇന്ത്യയെ പോലൊരു രാജ്യത്തിന് ചേരാത്ത നടപടികളാണ് പുറത്തു വരുന്നതെന്നും കാനഡ കുറ്റപ്പെടുത്തി. ഇന്ത്യയും കാനഡയും പരസ്പരം പുറത്താക്കിയ ഉദ്യോഗസ്ഥർ ഇന്നലെ മടങ്ങിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!