കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. അക്രമിക്കപ്പെട്ട നടി തന്നെയാണ് ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തേ വിചാരണക്കോടതിയില്‍ പ്രോസിക്യൂഷന്‍ ഇക്കാര്യം ഉന്നയിച്ചതിനെ തുടര്‍ന്ന് വിചാരണ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു.
കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്നാരോപിച്ചാണ് പരാതിക്കാരി ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. വിസ്താരം നടക്കുമ്പോള്‍ പ്രതിഭാഗത്തുനിന്ന് മാനസികമായി വിഷമിപ്പിക്കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ഉണ്ടായിട്ടും കോടതി ഇടപെട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. വനിതാ ജഡ്ജിയാണ് കേസില്‍ വാദം കേള്‍ക്കുന്നത്.
മൊഴി രേഖപ്പെടുത്തുന്നതില്‍ മന:പൂര്‍വം വീഴ്ചവരുത്തി, ഇന്‍-ക്യാമറ നടപടികളായിട്ടും പ്രതിഭാഗം അഭിഭാഷകരുടെ എണ്ണം നിയന്ത്രിക്കാന്‍ തയ്യാറായില്ല, പ്രതി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചത് ചൂണ്ടിക്കാണിച്ചുള്ള ഹര്‍ജി പരിഗണിക്കാന്‍ തയ്യാറാവുന്നില്ല തുടങ്ങിയ ആരോപണങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
എറണാകുളത്തെ പ്രത്യേക കോടതിയില്‍ അടച്ചിട്ട മുറിയിലാണ് വിചാരണ നടക്കുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി ജനുവരിയില്‍ വിധി പറയണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ജഡ്ജിയുടെ ആവശ്യപ്രകാരം നീട്ടി നല്‍കിയ സമയമാണിത്.