തിരുവനന്തപുരം : കഴിഞ്ഞ ഓണം ബമ്പര്‍ ജേതാവ് തിരുവനന്തപുരം സ്വദേശി അനൂപിനെ അടുത്തൊന്നും മലയാളികള്‍ മറക്കാന്‍ ഇടയില്ല.
25 കോടിയുടെ ബമ്പര്‍ അടിച്ചതിനെ തുടര്‍ന്ന് സഹായം തേടിവരുന്ന ആളുകളുടെ ശല്യം കാരണം വീടുവിട്ട് അജ്ഞാത ജീവിതം വരെ അനൂപ് നയിച്ചിരുന്നു. ഒടുവില്‍ അനൂപ് തന്റെ ഭാഗ്യം മറ്റുള്ളവര്‍ക്ക് കൂടി നല്‍കാന്‍ തീരുമാനിച്ചിരിക്കുയാണ്. ഇതിനായി തലസ്ഥാനത്ത് ഒരു ലോട്ടറി കട ആരംഭിച്ചു.
ശ്രീവരാഹം സ്വദേശിയായ അനൂപ് മണക്കാട് ജംഗ്ഷനിലാണ് ഭാഗ്യക്കുറിക്കട ആരംഭിച്ചത്. വെള്ളിയാഴ്ച ഉദ്ഘാടനം കഴിഞ്ഞതിന് പിന്നാലെ ഭാഗ്യവാന്റെ കൈയാല്‍ ലോട്ടറി എടുക്കാന്‍ ഇവിടേയ്ക്ക് ഭാഗ്യാന്വേഷികള്‍ എത്തുകയാണ്.
നിലവില്‍ മറ്റ് ഏജന്‍സികളില്‍നിന്ന് ടിക്കറ്റെടുത്താണ് അനൂപ് വില്‍പ്പന നടത്തുന്നത്. വൈകാതെ സ്വന്തമായി ഏജന്‍സി തുടങ്ങും.
ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്ന അനൂപിന്റെ ജീവിതത്തിലേക്ക് കഴിഞ്ഞ ഓണം ബമ്പറിലൂടെ വന്‍തുകയാണ് എത്തിയത്. തന്റെ ജീവിതത്തില്‍ ഭാഗ്യമെത്തിച്ചത് ലോട്ടറിയാണെന്നും അതിനാല്‍ തന്നെ ലോട്ടറിക്കച്ചവടം തുടങ്ങാന്‍ തീരുമാനിച്ചതെന്നും പുതിയ നിയോഗത്തിനെ കുറിച്ച് അനൂപ് പറയുന്നു. എം എ ലക്കി സെന്റര്‍ എന്നാണ് ലോട്ടറി കടയ്ക്ക് പേരിട്ടിരിക്കുന്നത്. തന്റെയും ഭാര്യ മായയുടേയും പേരില്‍ നിന്നുമാണ് ഇത്.