കണ്ണൂര്‍: കണ്ണൂരില്‍ ഓടുന്ന കാറിന് തീ പിടിച്ച സംഭവത്തില്‍ സ്റ്റിയറിങ്ങിന്റെ ഭാഗത്ത് നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം കാരണമെന്ന് എംവിഡി. (Car Got Fire)
എക്സ്ട്രാഫിറ്റിങ്സില്‍ നിന്നുളള ഷോര്‍ട്ട് സര്‍ക്യൂട്ട് ആണോ കാരണമെന്നറിയാന്‍ വിശദ പരിശോധന ആരംഭിച്ചതായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രവീണ്‍ കുമാര്‍ അറിയിച്ചു.
പ്രസവവേദനയെ തുടര്‍ന്നു യുവതിയെ വീട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന കാറിന് നടുറോഡില്‍ വച്ച് തീപിടിക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ ഗര്‍ഭിണിയും ഭര്‍ത്താവും മരണപ്പെട്ടു.
കണ്ണൂര്‍ കുറ്റ്യാട്ടൂര്‍ സ്വദേശികളായ റീഷ, പ്രജിത്ത് എന്നിവരാണ് മരിച്ചത്. പിന്‍സീറ്റിലിരുന്ന കുട്ടിയടക്കം നാലുപേര്‍ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ 10.45 ഓടെയാണ് അപകടമുണ്ടായത്. കാറിന്‍റെ മുന്‍സീറ്റിലിരുന്നവരാണ് മരിച്ചത്.
കാറിന്‍റെ ഡോര്‍ ജാമായതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ ആയിരുന്നു. ഡ്രൈവര്‍ സീറ്റിലിരുന്ന പ്രജിത്താണ് പിന്‍വാതില്‍ തുറന്ന് കൊടുത്തത്. ഇതുവഴിയാണ് പിന്‍സീറ്റിലിരുന്നവര്‍ രക്ഷപ്പെട്ടത്
റീഷയുടെ മകള്‍ ശ്രീപാര്‍വതി, അച്ഛന്‍ വിശ്വനാഥന്‍, അമ്മ ശോഭന, ഇളയമ്മ സജ്ന എന്നിവരാണ് രക്ഷപ്പെട്ടത്.
തീ പടര്‍ന്നതോടെ ഓടിയെത്തിയവര്‍ക്കും ഫയര്‍ഫോഴ്സിനും മുന്‍സീറ്റിലിരുന്നവരെ പുറത്തെത്തിക്കാന്‍ കഴിഞ്ഞില്ല. തീ അണച്ച ശേഷവും കാറില്‍ നിന്ന് പുക ഉയര്‍ന്നതിനാല്‍ ഫയര്‍ ഫോഴ്സ് വീണ്ടും വെള്ളം ഉപയോഗിക്കുകയായിരുന്നു. ശേഷമാണ് പുക നിയന്ത്രിക്കാന്‍ കഴിഞ്ഞത്.