Friday, December 13
BREAKING NEWS


എന്റെ മോളേ, ഒരു അച്ഛന്റെ നിലവിളി ഇപ്പോഴും നിലയ്ക്കാതെ നിക്കുന്നു…

By sanjaynambiar

കണ്ണൂര്‍: Car Got Fire) എന്റെ മോളേ…. ചങ്കു പൊട്ടുമാറ് ഉച്ചത്തിലുള്ള ഒരച്ഛന്റെ നിലവിളി…കണ്‍മുന്നില്‍ സ്വന്തം മകളും മരുമകനും കത്തിയമരുന്നത് കണ്ടിട്ടും ഒന്നും ചെയ്യാന്‍ കഴിയാതെ നിസഹായരായ ഒരച്ഛനും അമ്മയും.

മുന്നില്‍ കത്തിയമരുന്നത് അച്ഛനും അമ്മയുമാണെന്ന് അറിയാതെ കരയുന്ന ഒരു കുഞ്ഞു പെണ്‍കുട്ടി. ജീവന്‍ പോകുന്ന വേദനയില്‍ കൈകൊണ്ട് റീഷ അച്ഛനെ മാടിവിളിക്കുന്നുണ്ടായിരുന്നു.

മകള്‍ വിളിച്ചിട്ടും അടുത്തെത്താന്‍ പറ്റാതെ തലയ്ക്കു കൈ കൊടുത്ത് ആ അച്ഛന്‍ എന്റെ മോളേ എന്നു വിളിച്ച് ഉച്ചത്തില്‍ കരഞ്ഞു. കണ്ടുനിന്നവരെയെല്ലാം കരയിക്കുന്നതായിരുന്നു ഈ കാഴ്ച.

ഓടിയെത്തിയ പലരും കണ്ടത് കത്തിക്കൊണ്ടിരിക്കുന്ന പ്രജിത്തിനെയും രക്ഷപ്പെടാനായി ഗ്ലാസിനടിയില്‍ക്കൂടി വാവിട്ട് കരയുന്ന റീഷയെയുമാണ്. തീ ആളിപ്പടരുന്നതിനാല്‍ ഓടിയെത്തിയവര്‍ക്കുപോലും ഇവരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.

ഇന്നലെ രാവിലെ 10.40 നാണ് കാറില്‍ തീപടര്‍ന്നത്. തൊട്ടടുത്തുണ്ടായിരുന്ന അഗ്‌നിരക്ഷാസേന 10.44ന് സംഭവസ്ഥലത്തെത്തുമ്‌ബോഴേക്ക് ഇരുവരും മരിച്ചുകഴിഞ്ഞിരുന്നു.

എട്ടുമാസം ഗര്‍ഭിണിയായ റീഷയ്ക്ക് രാവിലെ പ്രസവവേദന തുടങ്ങിയതിനെത്തുടര്‍ന്നാണ് കാറില്‍ ജില്ലാ ആശുപത്രിയിലേക്കു തിരിച്ചത്. ഭര്‍ത്താവ് പ്രജിത്തായിരുന്നു കാര്‍ ഓടിച്ചിരുന്നത്.

ഡോക്ടര്‍ അഡ്മിറ്റാകാന്‍ പറഞ്ഞാല്‍ വീട്ടില്‍പോയി സാധനങ്ങളെല്ലാം എടുത്ത് വരാനായിരുന്നു പ്ലാന്‍. എന്നാല്‍, കാര്‍ ജില്ലാ ആശുപത്രിയില്‍ എത്തുന്നതിന് 50 മീറ്റര്‍ അകലെ കാറിന്റെ മുന്‍വശത്ത് തീ ആളിപ്പടരുകയായിരുന്നു. കാറിന്റെ വലതുഭാഗത്തുനിന്നാണ് തീ പടര്‍ന്നത്.

ശ്രീപാര്‍വതി ഇനി തനിച്ച്

കഥ പറയാന്‍ ഇനി അമ്മയില്ല; കൈനിറയെ മിഠായി വാങ്ങിത്തരാന്‍ അച്ഛനുമില്ല, കുഞ്ഞാവയുടെ കൂടെ കളിക്കാന്‍ കാത്തിരുന്ന ശ്രീപാര്‍വതി ഇനി തനിച്ചാണ്.

കണ്‍മുന്നില്‍ സ്വന്തം അച്ഛനും അമ്മയും കത്തിയമരുന്നതു കണ്ട ഞെട്ടലില്‍നിന്ന് ഈ കുരുന്ന് ഇനിയും മോചിതയായിട്ടില്ല. രാവിലെ അമ്മയ്‌ക്കൊപ്പം കുഞ്ഞാവയെ കാണാനിറങ്ങിയതായിരുന്നു ഈ ഏഴുവയസുകാരി.

എന്നാല്‍, ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പേ കുഞ്ഞാവയും അച്ഛനും അമ്മയും ശ്രീപാര്‍വതിയെ തനിച്ചാക്കി മടങ്ങി. അപ്രതീക്ഷിത അപകടത്തിന്റെ ഞെട്ടലിലാണ് ഈ രണ്ടാം ക്ലാസുകാരി.

ഞെട്ടല്‍ മാറാതെ സജീര്‍

”കണ്‍മുമ്പില്‍ രണ്ട് ജീവനുകള്‍ കത്തിയമരുന്നു, നെഞ്ചിനുള്ളില്‍നിന്നുണ്ടായ ആളല്‍ ഇനിയും മാറിയിട്ടില്ല. നിസഹായനായി നോക്കിനില്‍ക്കാനേ സാധിച്ചുള്ളൂ. അവസാനനിമിഷവും യുവാവ് കാറിനു മുന്നിലെ ഡോര്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു.

പെണ്‍കുട്ടി വാവിട്ടു കരയുന്നുണ്ടായിരുന്നു. തൊട്ടുമുന്നില്‍ അച്ഛനും അമ്മയും ഇല്ലാതാകുന്നതു നോക്കി വാവിട്ടു കരയുന്ന കുട്ടിയുടെ മുഖം കണ്‍മുന്നില്‍ നിന്നു മായുന്നില്ല. ഓര്‍ക്കുമ്പോള്‍ തന്നെ കൈകാലുകള്‍ വിറയ്ക്കുന്നു’ കണ്‍മുന്നില്‍ കണ്ട ദുരന്തത്തിന്റെ ഞെട്ടലില്‍നിന്ന് കാപ്പാട് സ്വദേശി സജീര്‍ നാലകത്ത് ഇനിയും മുക്തനായിട്ടില്ല.

ഇന്നലെ കണ്ണൂര്‍ ജില്ലാ ആശുപത്രിക്കു സമീപമുണ്ടായ അതിദാരുണ ദുരന്തത്തിന്റെ ദൃക്‌സാക്ഷിയാണ് സജീര്‍. കണ്ണൂര്‍ മാര്‍ക്കറ്റിലെ ഡ്രൈവറായ സജീര്‍ സിറ്റിയിലേക്ക് ബൈക്കില്‍ പോകുമ്പോഴാണ് മുന്നില്‍ പോകുകയായിരുന്ന കാറില്‍നിന്ന് പുക ഉയരുന്നതുകണ്ടത്.

വാഹനം നിര്‍ത്തി കാറിനു സമീപത്തേക്ക് പോകുമ്പോള്‍ വണ്ടിയില്‍നിന്ന് ആളുകള്‍ ഇറങ്ങുന്നതു കണ്ടു. അപ്പോഴേക്കും മുന്‍ഭാഗത്ത് തീപിടിച്ചിരുന്നു. പിന്നെ നിമിഷങ്ങള്‍ക്കുള്ളില്‍ തീ ആളിക്കത്തി. എതിരേ വന്ന വാനിലെ യാത്രക്കാരും ഈ സമയത്ത് അവിടെയുണ്ടായിരുന്നു.

അവരില്‍ ഒരാളാണ് അഗ്‌നിരക്ഷാനിലയത്തില്‍ പോയി അപകടം അറിയിച്ചത്. അഗ്‌നിരക്ഷാസേന എത്തി തീയണച്ചു. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. സിറ്റി പോലീസ് സ്ഥലത്തെത്തിയാണ് ഇരു മൃതദേഹങ്ങളും ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയത്.

ഷോര്‍ട്ട് സര്‍ക്യൂട്ടെന്നു സംശയം

ആശുപത്രിയിലേക്കുള്ള വഴിമധ്യേ കാറിനു തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിക്കാനിടയായ സംഭവത്തില്‍ തീപിടിത്തത്തിനിടയാക്കിയത് ഷോര്‍ട്ട് സര്‍ക്യൂട്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് കണ്ണൂര്‍ ആര്‍ടിഒ ഇ.എസ്. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

തീ പടര്‍ന്നത് കാറിന്റെ ഡാഷ് ബോര്‍ഡില്‍ നിന്നാണെന്നാണ് വിലയിരുത്തല്‍. ഡാഷ് ബോര്‍ഡിലോ പരിസരത്തോ സാനിറ്റൈസര്‍ പോലുള്ള എന്തെങ്കിലും വസ്തു സൂക്ഷിച്ചിരിക്കാമെന്നും ഇതാകാം തീ പെട്ടെന്നു പടരാന്‍ ഇടയാക്കിയതെന്നും സംശയമുണ്ട്.

അതേസമയം, തീ കാറിന്റെ യന്ത്രഭാഗങ്ങളിലേക്കോ പെട്രോള്‍ ടാങ്കിലേക്കോ പടര്‍ന്നിട്ടില്ല. കാറിന്റെ ഡാഷ് ബോര്‍ഡിനോടു ചേര്‍ന്ന് പ്രത്യേക സൗണ്ട് ബോക്‌സും കാമറയും സ്ഥാപിച്ചിരുന്നു. ഇതിലെ ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം തീപിടിത്തത്തിനിടയാക്കിയതെന്ന് സംശയിക്കുന്നു.

ഫോറന്‍സിക് വിഭാഗവും കത്തിയ കാറും പരിസരവും പരിശോധിച്ചു. ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ കുറ്റിയാട്ടൂര്‍ കാരാറമ്പിലെ വീട്ടിലെത്തിച്ചശേഷം വൈകുന്നേരത്തോടെ കുറ്റിയാട്ടൂര്‍ ശാന്തിവനത്തില്‍ സംസ്‌കരിച്ചു.

ആവര്‍ത്തിക്കുന്നത് അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

കാറുകള്‍ കത്തി അപകടമുണ്ടാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണെന്നു പരിശോധിച്ച് വിശദീകരണം സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.

സംസ്ഥാന ഗതാഗത കമ്മീഷണറും പുതിയ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കുന്ന കേന്ദ്ര ഏജന്‍സിയായ പൂനയിലെ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടറും ഇതുസംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.

കാറുകളുടെ മെക്കാനിക്കല്‍ തകരാറാണോ അപകടങ്ങള്‍ക്കു പിന്നിലെന്ന് പ്രത്യേകം പരിശോധിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കണ്ണൂരില്‍ കാര്‍ കത്തി രണ്ടുപേര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ കേസെടുത്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!