നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കുന്ന സജി ചെറിയാന്റെ കാര്യത്തില്‍ ഇപ്പോഴും വ്യക്തത ആയിട്ടില്ല. ഗവര്‍ണര്‍ സത്യപ്രതിജ്ഞയ്ക്ക് പച്ചക്കൊടി കാട്ടാത്തതാണ് പ്രധാന പ്രശ്‌നമായി നിലനില്‍ക്കുന്നത്.
നിയമോപദേശം കിട്ടിയ സാഹചര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം ഇന്നുണ്ടായേക്കും. ഗവര്‍ണര്‍ മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടാനാണ് സാധ്യത. വിശദീകരണം തേടണമെന്ന നിയമോപദേശമാണ് ലീഗല്‍ അഡൈ്വസര്‍ നല്‍കിയത്.
ഭരണ ഘടനാ തത്ത്വങ്ങള്‍ സംരക്ഷിക്കുന്നു എന്ന് ഗവര്‍ണര്‍ക്ക് ബോധ്യപ്പെടണമെന്നും നിയമോപദേശത്തിലുണ്ട്. നാളെ സത്യപ്രതിജ്ഞ നടക്കുമോ എന്ന കാര്യത്തിലും ഇതോടെ ആശങ്ക ആയി.
നാളെ സത്യപ്രതിജ്ഞ നടത്താന്‍ മുഖ്യമന്ത്രി സമയം ചോദിച്ചതോടെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. സജി ചെറിയാന്റെ മന്ത്രിസഭാ പുനപ്രവേശനം നിയമപരമാണോ എന്ന് പരിശോധിക്കാനാണ് സ്റ്റാന്റിങ് കൗണ്‍സിലിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.
മന്ത്രിമാരെ നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും തീരുമാനം മുഖ്യമന്ത്രി അറിയിച്ചാല്‍ അത് ചോദ്യം ചെയ്യാന്‍ ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നുമാണ് നിയമോപദേശം. ആവശ്യമെങ്കില്‍ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനോട് കൂടുതല്‍ വ്യക്തത തേടാം.
സര്‍ക്കാരും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടാലും ഇക്കാര്യത്തില്‍ സ്വയം ബോധ്യപ്പെടുംവരെ സമയമെടുക്കാം. മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്ന് കരുതി അതിവേഗം തീരുമാനമെടുക്കേണ്ട കാര്യമില്ല.
ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ കോടതി കുറ്റാരോപിതന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല. ഭരണഘടനാ തത്വങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്നും സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കേണ്ട ബാധ്യതയുണ്ടെന്നും ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശത്തിലുണ്ട്. കോടതി കുറ്റവിമുക്തനാക്കിയ ശേഷം മന്ത്രിയാക്കുന്നതാണ് ഉചിതമെന്നതാണ് രാജ്ഭവന്റെ നിലപാട്.
സജി ചെറിയാനെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കുന്നതിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ തിടുക്കത്തില്‍ തീരുമാനം എടുക്കേണ്ടതില്ലെന്നാണ് ഗവര്‍ണറുടെ ലീഗല്‍ അഡൈ്വസറായ അഡ്വ. എസ്. ഗോപകുമാരന്‍ നായര്‍ നിയമോപദേശം നല്‍കിയത്.
ഭരണഘടനയെ അവഹേളിച്ച് സജി ചെറിയാന്‍ പ്രസംഗിച്ചെന്ന കേസിലെ വിശദാംശങ്ങള്‍ പരിശോധിക്കുമെന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ വ്യക്തമാക്കുകയും ചെയ്തു. ഇതോടെ സത്യപ്രതിജ്ഞ നാളെ നടക്കാനുള്ള സാദ്ധ്യതയും ചോദ്യചിഹ്നമായി.
ഗവര്‍ണറെ സംബന്ധിച്ചിടത്തോളം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 159 പ്രകാരം തന്റെ പരമാവധി കഴിവുപയോഗിച്ച് ഭരണഘടനയെ സംരക്ഷിക്കാന്‍ ബാദ്ധ്യതയുണ്ട്.
അതിനാല്‍ സജി ചെറിയാനെതിരായ കുറ്റങ്ങളില്‍നിന്ന് അദ്ദേഹത്തെ പൂര്‍ണമായും കോടതി കുറ്റവിമുക്തനാക്കിയെന്ന് ബോദ്ധ്യപ്പെട്ടശേഷം മാത്രമേ പദവിയില്‍ പുനഃസ്ഥാപിക്കാനാവൂ എന്ന നിലപാടെടുക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയും.
സജി ചെറിയാന്റെ സത്യപ്രതിജ്ഞയുടെ കാര്യത്തില്‍ ഗവര്‍ണര്‍ ഉടക്ക് വെച്ചാല്‍ അത് വീണ്ടും സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിലേക്ക് നീങ്ങും എന്നതില്‍ സംശയമില്ല. മന്ത്രിസഭാ തലവനായ മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്‍ സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ക്ക് അനുമതി നിരസിക്കാനാവില്ലെന്നതാണ് കാരണം.
ഭരണഘടനയുടെ അനുച്ഛേദം 164 പ്രകാരം മുഖ്യമന്ത്രിയെ ഗവര്‍ണര്‍ നിയമിക്കുകയും മറ്റ് മന്ത്രിമാരെ മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം നിയമിക്കുകയും വേണം. കേസില്‍ പ്രതിയാണെന്നത് മന്ത്രിയാവാന്‍ തടസമല്ല. രണ്ടുവര്‍ഷമോ അതിലേറെയോ ശിക്ഷ കിട്ടിയലേ ജനപ്രാതിനിദ്ധ്യ നിയമപ്രകാരം അയോഗ്യതയുണ്ടാവൂ.
അത്‌കൊണ്ട് തന്നെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും ഗവര്‍ണര്‍ സത്യപ്രതിജ്ഞ നടത്താന്‍ അനുവദിച്ചില്ലെങ്കില്‍ അത് രാഷ്ട്രീയ നിലപാടായി തന്നെ സിപിഎമ്മും പ്രചരിപ്പിക്കും. അത് വീണ്ടും ഗവര്‍ണര്‍ക്കെതിരെ സിപിഎം ആയുധമാക്കുകയും ചെയ്യും.