Alencier മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന് നടന്‍ അലന്‍സിയറിനെതിരെ പോലീസില്‍ പരാതി. തിരുവനന്തപുരം റൂറല്‍ എസ് പി ഡി. ശില്പയ്ക്കാണ് പരാതി ലഭിച്ചത്.
മാധ്യമ പ്രവര്‍ത്തകയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ അലന്‍സിയര്‍ നടത്തിയ വിവാദ പ്രസ്താവനയില്‍ പ്രതികരണം ചോദിച്ചപ്പോഴാണ് റിപ്പോര്‍ട്ടര്‍ ചാനലിലെ വനിത മാധ്യമ പ്രവര്‍ത്തകയോടാണ് അലന്‍സിയര്‍ അപമര്യാദയായി പെരുമാറിയത്.
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ നടന്‍ അലന്‍സിയര്‍ നടത്തിയ പരാമര്‍ശം വിവാദത്തിലായിരുന്നു പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും സ്വര്‍ണ്ണം പൂശിയ പ്രതിമയാണ് സമ്മാനമായി നല്‍കേണ്ടതെന്നുമായിരുന്നു അലന്‍സിയര്‍ പറഞ്ഞത്. സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം വാങ്ങിയ ശേഷമുള്ള മറുപടി പ്രസംഗത്തില്‍ ആയിരുന്നു നടന്റെ പ്രതികരണം. ഇതിന്റെ വീഡിയോകളും വാര്‍ത്തകളും പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രോഷം കത്തുകയാണ്.
ഈ അടുത്ത കാലത്ത് ഒരു അവാര്‍ഡ് വേദിയിലും ഇത്രയും തരംതാണ ഒരു പ്രസ്താവന കണ്ടിട്ടില്ല. അപ്പന്‍ സിനിമയിലെ കഥാപാത്രത്തിന്റെ ഹാങ്ങ് ഓവര്‍ വിട്ട് മാറാതെയാണ് അലന്‍സിയര്‍ നില്‍ക്കുന്നതെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നു.
അലന്‍സിയര്‍ നടത്തിയ പ്രസ്താവന തീര്‍ത്തും അപലപനീയമാണെന്ന് കേരള വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. സാംസ്‌കാരിക കേരളത്തിന് ഒട്ടും നിരക്കാത്ത വിധത്തിലുള്ള പരാമര്‍ശമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഒരു സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടുവച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന അവാര്‍ഡ് വിതരണത്തിലെ പുരസ്‌കാരം തന്നെ ഒരു സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്‍പ്പമായി നല്‍കുന്നത്.
വളരെയേറെ അഭിമാനത്തോടെ ഇതു കാണുന്നതിനു പകരം അവഹേളിച്ചു കൊണ്ട് ഒരു പ്രസ്താവന നടത്തിയത് തീര്‍ത്തും അനുചിതവും സാംസ്‌കാരിക കേരളത്തിനും ചലച്ചിത്രമേഖലയ്ക്കും ആകെ അവഹേളനം ഉണ്ടാക്കുന്ന നടപടിയാണ് അലന്‍സിയറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്നും ഇതു തീര്‍ത്തും അപലപനീയമാണെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.