ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ (71) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ 3.30ന് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടർന്നു ചികിത്സയിലിരിക്കെ ആരോഗ്യനില വഷളാവുകയായിരുന്നു. മകൻ ഫൈസൽ പട്ടേലാണ് മരണം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്.
എഐസിസി ട്രഷററും ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗവുമാണ് അഹമ്മദ് പട്ടേൽ. ഗാന്ധി-നെഹ്റു കുടുംബത്തിന്റെ വിശ്വസ്തനായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പട്ടേൽ 2018-ൽ എഐസിസി ട്രഷററായി ചുമതലയേറ്റിരുന്നു.
ഗുജറാത്തിൽ നിന്ന് മൂന്നു തവണ ലോക്സഭാംഗമായി അഹമ്മദ് പട്ടേൽ തെരഞ്ഞെടുക്കപ്പെട്ടു. അഞ്ച് തവണ രാജ്യസഭയിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 2017 ഓഗസ്റ്റിലാണ് ഏറ്റവും ഒടുവിൽ പട്ടേൽ രാജ്യസഭയിൽ എത്തിയത്.
ഗുജറാത്തിൽ നിന്നും ലോക്സഭയിൽ എത്തിയ രണ്ടാമത്തെ മുസ്ലിം എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. കേരളത്തിലെ ഗ്രൂപ്പ് തർക്കങ്ങളിൽ നിരന്തരം ഇടപെട്ട ഹൈക്കമാൻഡ് പ്രതിനിധിയാണ്.