ഓക്‌സ്‌ഫഡ് കോവിഡ് വാക്‌സിൻ പരീക്ഷണം ഇന്ത്യയിൽ പൂർത്തിയായി. നിയന്ത്രണ അതോറിറ്റിയുടെ അനുമതി ലഭിച്ചാൽ പൂനൈ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ലൈസൻസിങ് നടപടികളിലേക്ക് കടക്കും. ജനുവരിയോടെ ഇന്ത്യയിൽ നൂറ് മില്യൺ കൊവിഷീൽഡ് (കൊവിഡ് വാക്‌സിൻ) ലഭ്യമാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനവാല അറിയിച്ചു.
ഓക്‌സ്‌ഫഡ് സർവകലാശാലയും അസ്‌ട്രാസെനക്കയും ചേർന്ന് തയ്യാറാക്കുന്നതാണ് കൊവീഷീൽഡ് വാക്‌സിൻ .
അതേസമയം മുൻഗണനാടിസ്‌ഥാനത്തിൽ ആർക്കെല്ലാം വാക്‌സിൻ ആദ്യം ലഭ്യമാക്കണമെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. കോവിഡ് രൂക്ഷമായ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചർച്ച നടത്തും. ആരോഗ്യ പ്രവർത്തകർ ഉൾപ്പെടുന്ന കോവിഡ് മുൻനിര പോരാളികൾക്ക് ആദ്യഡോസ് വാക്‌സിൻ എത്തിക്കും. സ്വകാര്യ മാർക്കറ്റിൽ 1000 രൂപയാകും കൊവിഡ് വാക്‌സിന്റെ വില. ആയിരം ഒരു ഡോസിന് 250 രൂപ എന്ന നിരക്കിൽ സപ്ലൈയുടെ 90 ശതമാനവും സർക്കാർ വാങ്ങുമെന്നും പൂനവാല പറഞ്ഞു.
ജൂലൈയോടെ 300 മുതൽ 400 മില്യൺ വരെ വാക്‌സിൻ ഡോസുകൾ തയാറാക്കണമെന്നാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്.
രണ്ടോ മുന്നോ മാസങ്ങൾക്ക് ശേഷം ഇന്ത്യയിലെ ജനങ്ങൾക്ക് വാക്‌സിൻ ലഭ്യമാകുമെന്നും പൂനവാല പറഞ്ഞു.വാക്‌സിൻ ഉപയോഗിച്ച വ്യക്‌തികളിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.മാർച്ച് മാസത്തിന് ശേഷമാകും സ്വകാര്യ വിപണിയിൽ വാക്‌സിൻ ലഭ്യമാകുക. അതുവരെ സർക്കാർ വിതരണത്തിലാകും വാക്‌സിൻ.