Thursday, November 21
BREAKING NEWS


പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കം, സുരേന്ദ്രനേക്കാള്‍ മുന്‍തൂക്കം ശോഭ സുരേന്ദ്രന്..?

By bharathasabdham

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥിയെ ചൊല്ലി ബിജെപിയില്‍ തര്‍ക്കം രൂക്ഷം. കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടത്തിയ സമവായ നിര്‍ദേശങ്ങളും പാളി. ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നതാണ് ജില്ലയിലെ ഒരു വിഭാഗം ബിജെപി നേതാക്കളുടെ ആവശ്യം. മറ്റൊരു വിഭാഗം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനായും ആവശ്യമുന്നയിക്കുന്നുണ്ട്. കുമ്മനത്തിന്റെ സാനിധ്യത്തില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ശോഭ സുരേന്ദ്രനാണ് മുന്‍തൂക്കം. 34 പേരുടെ പിന്തുണ ശോഭാ സുരേന്ദ്രന് ലഭിച്ചപ്പോള്‍ കെ സുരേന്ദ്രനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് 22 അംഗങ്ങളാണ് ആവശ്യപ്പെട്ടത്. സി കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗവും രംഗത്തുണ്ട്.

ഇതിനിടെ അഭിപ്രായ സര്‍വ്വേ യോഗത്തില്‍ നിന്ന് ശോഭാ സുരേന്ദ്രന്‍ അനുകൂലികളെ മാറ്റിനിര്‍ത്താന്‍ നീക്കം നടന്നതായി ആരോപണം ഉയരുന്നുമുണ്ട്. യോഗത്തില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയുടെ വിവരങ്ങള്‍ സംസ്ഥാന-ദേശീയ നേതാക്കള്‍ക്ക് കൈമാറും. ഉപതിരഞ്ഞെടുപ്പിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ദേശീയ നേതൃത്വമാണ് അഭിപ്രായ സര്‍വേ നടത്താന്‍ കുമ്മനം രാജശേഖരന് ചുമതല നല്‍കിയത്.

പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് ജയിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നിലവില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിലും പാലക്കാട് നിയമസഭാ മണ്ഡലത്തിലുമാണ് കേരളത്തില്‍ ഉപതിരഞ്ഞടുപ്പ് നടക്കാനുള്ളത്. വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രിയങ്കാ ഗാന്ധിയാണ് മത്സരിക്കുകയെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!