Enforcement Directorate കരുവന്നൂരിന് പിന്നാലെ തൃശൂരിലെ മറ്റ് സഹകരണ ബാങ്കുകളിലേക്കും ഇഡിയുടെ പരിശോധന.
മുഖ്യപ്രതി വെളപ്പായ സതീശന്‍റെ അക്കൗണ്ടുകള്‍ മരവിപ്പിച്ച അയ്യന്തോള്‍ സഹകരണ ബാങ്കില്‍ പത്ത് കൊല്ലത്തിനിടെ നടന്ന ഇടപാടുകളില്‍ കള്ളപ്പണം വെളുപ്പിച്ചോ എന്നാണ് പരിശോധനിക്കുന്നത്.
കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി വെളപ്പായ സതീശന്‍റെ അയ്യന്തോള്‍ സഹകരണ ബാങ്കിലെ അക്കൗണ്ടില്‍ 2013 ഡിസംബർ 27ന് നടന്ന ഇടപാടുകള്‍ ശ്രദ്ധേയമാണ്. അമ്പതിനായിരം രൂപ വീതം ഇരുപത്തിയഞ്ച് തവണ അക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കുന്നത് രേഖകളില്‍ വ്യക്തമാണ്. തൊട്ടടുത്ത കൊല്ലം മാര്‍ച്ച് ഇരുപത്തിയേഴിനും മേയ് പത്തൊൻപതിനും ജൂണ്‍ പത്തിനും സമാന നിക്ഷേപങ്ങള്‍ നടന്നിട്ടുണ്ട്.
സതീശന്‍റെയും കുടുംബത്തിന്‍റെയും പത്ത് വര്‍ഷത്തെ അക്കൗണ്ട് സ്റ്റേറ്റ്മെന്‍റുകളില്‍ ഇങ്ങനെ ആവര്‍ത്തിച്ചുള്ള നിക്ഷേപങ്ങള്‍ കാണാം.
പത്ത് കൊല്ലത്തിനിടെ കോടിക്കണക്കിന് രൂപയാണ് സതീശന്‍റെയും കുടുംബാങ്ങളുടെയും അയ്യന്തോള്‍ സഹകരണ ബാങ്കിലെ അക്കൗണ്ടില്‍ എത്തിയിരിക്കുന്നത്. എന്നാലിപ്പോള്‍ അക്കൗണ്ടുകളിലുള്ളത് തുശ്ചമായ തുക മാത്രമാണ് അതായത് പണമായി അയ്യന്തോള്‍ ബാങ്കില്‍ നിക്ഷേപിച്ച് മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും പിന്‍വലിക്കുകയും ചെയ്തിരിക്കുന്നു.