ഈ പെണ്‍കുട്ടിയുടെ ഉള്‍ക്കരുത്തിനും പോരാട്ടത്തിനും മുന്നില്‍ കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.
ഹ്യുമന്‍സ് ഓഫ് ബോംബെ’ എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന പെണ്‍കുട്ടിയുടെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നിശ്ചയദാര്‍ഢ്യവും, ജയിച്ചു കാണിക്കാനുള്ള ആവേശവുമാണ് അവളെ കരുത്തുറ്റവളാക്കുന്നത്.
നിരവധി പേരുടെ ജീവിത കഥകൾ ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുള്ളത്.
നല്ലൊരു കുടുംബ ജീവിതം പ്രതീക്ഷിച്ച് വിവാഹം കഴിച്ച യുവതിയ്ക്ക് നേരിടേണ്ടി വന്ന പീഡന കഥകളെ കുറിച്ചാണ് ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന ഫേസ്ബുക്ക് പേജിലൂടെ തുറന്ന് എഴുതിയിരിക്കുന്നത്. മാനസികവും ശാരീരികവുമായും കടുത്ത പീഡനങ്ങൾ ആണ് ഏറ്റു വാങ്ങിട്ടുള്ളതെന്നും, ആ ആഘാതത്തിൽ നിന്നും മോചിതയാകാൻ തനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും യുവതി പറയുന്നു.
യുവതിയുടെ വാക്കുകൾ ഇങ്ങനെ ….
“വിവാഹത്തിന് മുമ്പ് മൂന്ന് വട്ടമാണ് ഞങ്ങൾ കണ്ടത്. നാടകത്തിലും, ഹിറ്റ്നെസിലും സജീവ പങ്കാളിത്തമുണ്ടായിട്ടും എന്തുകൊണ്ടാണ് എന്റെ ശരീരത്തിന്റെ താഴ്ഭാഗം തടിച്ചിരിക്കുന്നത് എന്നായിരുന്നു ആദ്യ കാഴ്ച്ചയിൽ ചോദിച്ചത്. രണ്ടുമാസം കഴിഞ്ഞപ്പോൾ ഞങ്ങളുടെ വിവാഹ നിശ്ചയം നടന്നു. വൈകാതെ വിവാഹവും കഴിഞ്ഞു. ഒരു സംക്രാന്തി സമയത്ത് ഭർത്താവിന്റെ അമ്മ പണം അയക്കാത്തതിന് എന്നെ വിളിച്ച് ചീത്ത പറഞ്ഞു. അന്നാണ് അയാളിലെ ക്രൂര മുഖം ആദ്യമായി ഞാൻ കണ്ടത്. എന്റെ അമ്മയെ ഫോൺ വിളിച്ച് കുറെ ചീത്ത വിളിച്ചു. ഒരു മാസം കഴിഞ്ഞപ്പോൾ ഞങ്ങളുടെ വീട്ടിൽ വെച്ച് ബാല്യകാല സുഹൃത്തിനൊപ്പം ബന്ധം സ്ഥാപിച്ച് എന്നെ വഞ്ചിക്കുന്നത് നേരിൽ പിടിച്ചു. പിന്നീട് എന്തു ചെയ്യണം എന്നറിയാതെ എനിക്ക് മൂന്ന് ദിവസം ഉറങ്ങാൻ സാധിച്ചില്ല. പിന്നീട് എന്നെ ഒളിച്ച് മെസ്സേജുകൾ അയക്കാൻ തുടങ്ങി. കാണിക്കാൻ പറഞ്ഞപ്പോൾ എന്നെ കുറഞ്ഞത് മുപ്പത് തവണ അടിക്കുകയും, ശാരീരികമായി ഒരുപാട് ഉപദ്രവിക്കുകയും, വയറിൽ ചവിട്ടുകയും ചെയ്തു. ഷോപ്പിംഗിന് പോയ ദിവസം എന്നെ നടു റോഡിൽ വച്ച് വഴക്ക് പറഞ്ഞു. വീട്ടിലെത്തിയ ഉടനെ എന്നെ കഴുത്ത് ഞെരിച്ച് കൊല്ലാനും നോക്കി. എന്റെ വീട്ടുകാർക്ക് ഞങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച് അറിവ് ഇല്ലായിരുന്നു. അച്ഛൻ ഭർത്താവിനോട് സംസാരിക്കാൻ ശ്രമിച്ചപ്പോൾ അടുത്തിരുന്ന വാട്ടർബോട്ടിൽ എടുത്ത് അച്ഛന്റെ നേർക്ക് എറിഞ്ഞു. പിന്നീട് കുറച്ചു ദിവസം ഞാൻ എന്റെ വീട്ടിൽ പോയി നിന്നു. പിന്നീട് ഉപേക്ഷിക്കാൻ പ്രയാസമായത് കൊണ്ട് വീണ്ടും തിരിച്ചു വന്നു. പക്ഷേ അയാൾ എനിക്ക് നേരെ പിന്നീട് വീണ്ടും വധ ഭീഷണി മുഴക്കി. ഞാൻ അയാളുടെ നിയമങ്ങൾ പാലിക്കുന്നില്ല എന്ന് പറഞ്ഞ് എന്റെ തല ചുവരിനോട് ചേർത്ത് നിർത്തി കത്തി ചൂണ്ടി. അതോടെ എല്ലാം അവസാനമായെന്നു എനിക്ക് തോന്നി. ഞാൻ അമ്മയെ വിളിച്ച് വീട്ടിലേക്ക് വരുകയാണെന്ന് പറഞ്ഞു. അതുകഴിഞ്ഞ് ഞാൻ ഗാർഹിക പീഡനത്തിന് കേസ് കൊടുക്കുകയും, വിവാഹ മോചനത്തിന് കേസ് ഫയൽ ചെയ്യുകയും ചെയ്തു.ഇതു കഴിഞ്ഞപ്പോൾ എന്തെങ്കിലും ചെറിയ പ്രശ്നങ്ങൾ ഓർക്കുമ്പോഴേ ഞാൻ തളർന്നു പോവും.ഇപ്പോഴും ആ ഷോക്കിൽ നിന്നും ഞാൻ പുറത്തു വന്നിട്ടില്ല. ക്രമേണ എന്റെ സുഹൃത്തുക്കൾ തെറാപ്പി സെഷന് പ്രേരിപ്പിക്കുകയും ഹിറ്റ്‌നസ് ക്ലാസുകളിലും ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മുറിവുകൾ ഉണക്കുക എന്നത് അത്ര മനോഹരമല്ല, പക്ഷേ അത് അത്യാവശ്യമാണ്. ഇതിൽ നിന്ന് രക്ഷപ്പെടാൻ എനിക്ക് ചെയ്യേണ്ടതെന്തോ അതാണ് ഞാനിപ്പോൾ ചെയ്യുന്നത്”.