ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ചയുടെ കാരണം കണ്ടെത്താനാവാതെ പൊലീസ്. പൂട്ടുകളുമായി ഡാമിലേക്ക് കടന്ന യുവാവ് മെറ്റൽ ഡിറ്റക്ടറിലൂടെയാണ് അകത്തേക്ക് എത്തിയത്. ലോഹപൂട്ടുകളുമായി ഡിറ്റക്ടർ കടന്നുപോയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മനസ്സിലായില്ല.
പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് ഇയാളെന്ന് പൊലീസ് കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന ഇയാളെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് വിവരം.
ജൂലൈ 22നാണ് യുവാവ് ഇടുക്കി ഡാമിൽ കയറി ഹൈമാസ്റ്റ് ലൈറ്റുകൾക്ക് ചുവട്ടിൽ താഴിട്ടു പൂട്ടിയത്. പതിനൊന്ന് സ്ഥലത്താണ് ഇത്തരത്തിൽ താഴുകൾ കണ്ടെത്തിയത്. ഹൈമാസ്റ്റ് ലൈറ്റുകളുടെ ടവറിലും എർത്ത് വയറുകളിലുമായിരുന്നു താഴിട്ടു പൂട്ടിയത്. ചെറുതോണി ഡാമിന്റെ ഷട്ടറിൽ ഇയാൾ എന്തോ ദ്രാവകം ഒഴിക്കുന്നതായും സിസിടിവിയിൽ നിന്ന് വ്യക്തമായിരുന്നു. കഴിഞ്ഞ ദിവസം താഴുകൾ ശ്രദ്ധയിൽപ്പെട്ട ശേഷമാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ സിസിടിവി പരിശോധിച്ചത്.
വിനോദ സഞ്ചാരിയായെത്തിയ യുവാവാണ് ഇതിനു പിന്നിൽ എന്ന് മനസ്സിലായതോടെ ഇടുക്കി പൊലീസിൽ പരാതി നൽകുകയായിരുന്നു. വാടകക്കെടുത്ത കാറിലാണ് ഇയാൾ ഡാമിലേക്ക് എത്തിയതെന്നും പൊലീസ് കണ്ടെത്തി. കാർ ഉടമകളെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. അകത്ത് കടന്നുള്ള യുവാവിൻ്റെ പ്രവൃത്തി വൻ സുരക്ഷാവീഴ്ചയായാണ് പൊലീസ് കാണുന്നത്. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ വകുപ്പ്തല നടപടിയുണ്ടാകാൻ സാധ്യതയുണ്ട്.
എന്തിനാണ് ഇയാൾ ഇങ്ങനെ ചെയ്തതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. തീവ്രവാദ ബന്ധമുണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഡാമിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡും പരിശോധന നടത്തിയിരുന്നു.