മുണ്ടക്കൈ-ചൂരൽമല ദുരിത ബാധിതർക്ക് പഴകിയ ഭക്ഷ്യകിറ്റ് വിതരണം ചെയ്ത സംഭവത്തിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ എഡിഎമ്മിനോട് വിശദീകരണം തേടി. നിർമ്മാൺ എന്ന സന്നദ്ധ സംഘടന മേപ്പാടി പഞ്ചായത്ത് മുഖേന ദുരിതബാധിതർക്ക് വിതരണം ചെയ്യുന്നതിന് നൽകിയതാണ് കിറ്റുകൾ. 2024 സെപ്റ്റംബറിലാണ് നിർമ്മാൺ കിറ്റുകൾ നൽകിയത്. പരിശോധനയിൽ പ്രാണികളെ കണ്ടെത്തിയ സാഹചര്യത്തിൽ മുഴുവൻ ഭക്ഷ്യവസ്തുക്കളും പരിശോധിക്കാൻ നിർദ്ദേശിച്ചുവെന്നും ഭക്ഷ്യ കമ്മിഷൻ.
ഭക്ഷ്യയോഗ്യമല്ലാത്തവ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താൻ മേപ്പാടി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട് എന്ന് എഡിഎം കമ്മീഷനെ അറിയിച്ചു. ഓണത്തിന് മുമ്പ് കൈമാറിയ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാതെ ഭക്ഷ്യയോഗ്യമല്ലാതായി മാറാനുള്ള കാരണം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യ കമ്മീഷൻ നിർദ്ദേശം നൽകി. കൃത്യമായ പരിശോധന കൂടാതെ അലക്ഷ്യമായി ഇത്തരത്തിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തതിൽ വിശദീകരണം നൽകണം.
ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ കിറ്റുകളുടെ സാമ്പിളുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാനും കമ്മീഷൻ എഡിഎമ്മിന് നിർദ്ദേശം നൽകി. റവന്യൂ വകുപ്പ് ഒക്ടോബർ 30ന് വിതരണത്തിന് നൽകിയ അരി കാലതാമസം കൂടാതെ അർഹരായവർക്ക് വിതരണം ചെയ്യുന്നതിനും കമ്മീഷൻ കർശന നിർദേശം നൽകി.