Friday, December 13
BREAKING NEWS


നടി അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവം: ലോ കോളേജ് വിദ്യാര്‍ത്ഥിക്ക് സസ്പെന്‍ഷന്‍; എറണാകുളം ലോ കോളേജ് രണ്ടാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥി വിഷ്ണുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ലോ കോളേജ് സ്റ്റാഫ് കൗണ്‍സിലിന്റേതാണ് നടപടി. ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍. വലിയ വിവാദം സൃഷ്ടിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥിയോട് കോളേജ് സ്റ്റാഫ് കൗണ്‍സില്‍ വിശദീകരണം തേടിയിരുന്നു. തന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ ക്ഷമാപണം നടത്തുന്നതായി വിഷ്ണു അറിയിച്ചെങ്കിലും ഈ വിശദീകരണം തള്ളിയാണ് സസ്‌പെന്‍ഡ് ചെയ്തത്.

By sanjaynambiar

കൊച്ചി: നടി അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്തു. എറണാകുളം ലോ കോളജിലെ രണ്ടാംവര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ത്ഥി വിഷ്ണുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. എറണാകുളം ലോ കൗണ്‍സില്‍ സ്റ്റാഫ് കൗണ്‍സില്‍ ആണ് നടപടിയെടുത്തത്. കോളജ് യൂനിയനുമായി ചേര്‍ന്ന് സിനിമ പ്രമോഷന്റെ ഭാഗമായി നടത്തിയ ചടങ്ങിലാണ് വിഷ്ണു അപര്‍ണയോട് മോശമായി പെരുമാറിയത്.

കോളേജ് യൂണിയന്‍ പരിപാടിയില്‍ അതിഥിയായിട്ടാണ് നടി അപര്‍ണ ബാലമുരളിയും വിനീത് ശ്രീനിവാസനും ലോ കോളേജിലെത്തിയത്. ഇവര്‍ അഭിനയിക്കുന്ന തങ്കം സിനിമയുടെ പ്രമോഷന്റെ കൂടി ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. പരിപാടി വേദിയില്‍ പുരോഗമിക്കുന്നതിനിടെ പൂവ് നല്‍കാന്‍ വേദിയിലേക്ക് കയറിവന്ന വിദ്യാര്‍ത്ഥി അപര്‍ണക്ക് ഹസ്തദാനം ചെയ്തശേഷം തോളില്‍ കൈയിടാന്‍ ശ്രമിക്കുകയായിരുന്നു.

പൂ സ്വീകരിച്ച അപര്‍ണയ്ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കിയ വിഷ്ണു അപര്‍ണയെ കൈയില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ച് നിര്‍ത്തി ഒപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. ഇതിനിടെ നടിയുടെ തോളത്ത് കൈയിടാനും ശ്രമിച്ച വിഷ്ണുവിനോട് അപര്‍ണ രൂക്ഷമായി പ്രതികരിച്ചു. ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ താരം ഒഴിഞ്ഞു മാറുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ എസ്എഫ്‌ഐ നയിക്കുന്ന കോളേജ് യൂണിയന്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരുന്നു.

നടന്‍ വിനീത് ശ്രീനിവാസന്‍, സംഗീത സംവിധായകന്‍ ബിജിപാല്‍ എന്നിവരും വേദിയിലുണ്ടായിരുന്നു. പിന്നീട് അപര്‍ണയോട് മാപ്പ് പറയാനായി വിഷ്ണു വീണ്ടും വേദിയില്‍ എത്തി.

എന്നാല്‍ അപര്‍ണയോട് കൈ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ വിസമ്മതിച്ചു. പിന്നാലെ ഒപ്പമുണ്ടായിരുന്ന നടന്‍ വിനീത് ശ്രീനിവാസനു കൈ കൊടുക്കാനായി ശ്രമം. കൈ കൊടുക്കാതെ, കുഴപ്പമില്ല, പോകൂ എന്നായിരുന്നു വിനീത് ശ്രീനിവാസന്റെ പ്രതികരണം.

അനുവാദമില്ലാതെ താരത്തെ സ്പര്‍ശിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്കു നേരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. ലോ കോളജില്‍ വെച്ച് ഇങ്ങനെ സംഭവിച്ചു എന്നതില്‍ ഞെട്ടിപ്പോയെന്ന് പിന്നീട് അപര്‍ണ ബാലമുരളി പ്രതികരിച്ചിരുന്നു. ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്തു കൈവയ്ക്കുന്നതു ശരിയല്ലെന്ന് ഒരു ലോ കോളജ് വിദ്യാര്‍ത്ഥി മനസ്സിലാക്കിയില്ലെന്നതു ഗുരുതരമാണ്.

കൈപിടിച്ച് എഴുന്നേല്‍പിച്ചതു തന്നെ ശരിയല്ല. പിന്നീടാണു കൈ ദേഹത്തുവച്ചു നിര്‍ത്താന്‍ നോക്കിയത്. ഇതൊന്നും ഒരു സ്ത്രീയോടു കാണിക്കേണ്ട മര്യാദയല്ല. ഞാന്‍ പരാതിപ്പെടുന്നില്ല. പിന്നാലെ പോകാന്‍ സമയമില്ലെന്നതാണു കാരണം. എന്റെ എതിര്‍പ്പുതന്നെയാണ് ഇപ്പോഴത്തെ മറുപടി അപര്‍ണ പറഞ്ഞു.

സംഘാടകരോടു പരിഭവമില്ലെന്നും സംഭവം നടന്ന ഉടനെയും പിന്നീടും അവര്‍ ഖേദം അറിയിച്ചതായും അപര്‍ണ പറഞ്ഞു.

തുടര്‍ന്ന് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എറണാകുളം ഗവ. ലോ കോളേജ് യൂണിയനും രംഗത്തെത്തിയിരുന്നു. സിനിമാ താരത്തിന് നേരെ വിദ്യാര്‍ത്ഥികളില്‍ ഒരാളില്‍ നിന്നും ഉണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണെന്ന് യൂണിയന്‍ പറഞ്ഞു.

സംഭവ സമയത്ത് തന്നെ യൂണിയന്‍ ഭാരവാഹി അത്തരത്തിലുള്ള പെരുമാറ്റത്തെ തടുക്കാന്‍ ശ്രമിക്കുകയും യൂണിയന്റെ ഭാഗത്ത് നിന്നും ഖേദം അറിയിക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ പ്രയാസത്തില്‍ കോളേജ് യൂണിയന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും കോളജ് യൂണിയന്‍ വ്യക്തമാക്കി. സോഷ്യല്‍മീഡിയയിലൂടെയാണ് യൂണിയന്‍ ഖേദപ്രകടനം നടത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!