Innocent 30 വര്‍ഷം പ്രായമുള്ള താരസംഘടനയെ 18 വര്‍ഷത്തോളം എതിര്‍ ശബ്ദങ്ങളൊന്നുമില്ലാതെ നയിച്ച അസാമാന്യ നേതൃപാടവമായിരുന്നു ഇന്നസെന്‍റിന്‍റേത്.
Innocent എം. ജി സോമനും മധുവിനും പിന്നാലെയാണ് ഇന്നസെന്‍റെ താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ വരുന്നത്. ഏറെ പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ടപ്പോഴും സ്വതസിദ്ധമായ ഹാസ്യത്തോടെ ഇന്നസെന്‍റ് വിവാദങ്ങളെ അനായാസം കൈകാര്യം ചെയ്തു.
ഇന്നസെന്‍റിന്‍റെ നേതൃത്വത്തില്‍ പരുവപ്പെടുത്തിയ അമ്മ എന്ന സംഘടനയെ അന്യഭാഷകളിലെ താരങ്ങളും ഏറെ താല്‍പര്യത്തോടെയാണ് ഉറ്റുനോക്കിയത്. അതുകൊണ്ടുതന്നെ മറ്റ് സിനിമാ ഇന്‍ഡസ്ട്രികളിലെ താരസംഘടനകള്‍ രൂപീകൃതമായപ്പോള്‍ അവയ്ക്കൊക്കെ അമ്മയുടെ ഛായ ഉണ്ടായിരുന്നു. അമ്മയെ മാതൃകയാക്കിയാണ് തെന്നിന്ത്യയിലെ ഒട്ടുമിക്ക താരസംഘടനകളും ഉയര്‍ന്നുവന്നതെന്ന് നിസംശയം പറയാം.
അമ്മയുടെ അധ്യക്ഷപദത്തിലേക്ക് ഇന്നസെന്‍റ് വരുന്നത് 2000ല്‍ ആണ്. അന്നു മുതല്‍ ആറ് തവണകളായി രണ്ട് 18 വര്‍ഷമാണ് ഇന്നസെന്‍റ് താരസംഘടനയുടെ ചുക്കാന്‍ പിടിച്ചത്.
സിനിമാതാരങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും പ്രഥമ പരിഗണന നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്നസെന്‍റിനെ താരങ്ങള്‍ക്കിടയില്‍ അവരുടെ അനിഷേധ്യ നേതാവാക്കി നിലനിര്‍ത്തിയത്. ഓരോ തവണ എതിരാളികളില്ലാതെ അമ്മയുടെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഇടക്കാലത്ത് നേരിട്ട കനത്ത വെല്ലുവിളികളെ അനായാസം മറികടന്നതും ഇന്നസെന്‍റ് എന്ന നയതന്ത്രജ്ഞന്‍റെ കരുത്തിലായിരുന്നു.
നടന്‍ തിലകനും സംവിധായകന്‍ വിനയനും സംഘടന വിലക്ക് ഏര്‍പ്പെടുത്തിയപ്പോഴുണ്ടായ വിവാദങ്ങളും അതേച്ചൊല്ലിയുണ്ടായ വിമര്‍ശനങ്ങളെയും നര്‍മബോധത്തോടെയാണ് ഇന്നസെന്റ് നേരിട്ടത്. നടിയെ ആക്രമിച്ച കേസും തുര്‍ന്ന് നടന്‍ ദിലീപിനെ പുറത്താക്കിയ സംഭവമാണ് മറ്റൊരു ഉദാഹരണം. ദിലീപിനെ പുറത്താക്കുന്നത് സംബന്ധിച്ച് താരങ്ങള്‍ രണ്ടുചേരിയായപ്പോഴും സംഘടനയ്ക്ക് കോട്ടമുണ്ടാകാതെ ആ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ചത് ഇന്നസെന്‍റിന്‍റെ ഇടപെടലായിരുന്നു.
സംഘടനയ്ക്ക് പണം ഉണ്ടാക്കാനായി ട്വന്‍റി ട്വന്‍റി എന്ന സിനിമ നിര്‍മിക്കാനും, താരനിശ നടത്താനുമുള്ള തീരുമാനത്തിനും എതിര്‍പ്പുണ്ടായിരുന്നു. നിര്‍മാതാക്കളാണ് ഇതിനെതിരെ രംഗത്തെത്തിയത്. എന്നാല്‍ അതൊന്നും കൂസാതെ മുന്നോട്ടുപോയത് ഇന്നസെന്‍റിന്‍റെ ഉറച്ചനിലപാടുകളുടെ കരുത്തിലായിരുന്നു.
വിവാദങ്ങളിലും വിമര്‍ശനങ്ങളിലും പ്രതികൂലസാഹചര്യങ്ങളിലും അമ്മയ്ക്ക് ഒരു കോട്ടവും സംഭവിക്കാതിരിക്കാന്‍ ഇന്നസെന്‍റ് പ്രത്യേകം ശ്രദ്ധിച്ചു. സ്വയം രാജിവച്ച് പിന്‍മാറുന്നതുവരെ ഇന്നസെന്റിന്റെ നേതൃത്വത്തെ ആരും ചോദ്യം ചെയ്തില്ല. പിന്നീട് നടന്‍ മോഹന്‍ലാലിന് പദവി കൈമാറാനും ഇന്നസെന്‍റ് തന്നെയാണ് മുന്‍കൈയെടുത്തത്. ഇടവേള എന്ന സിനിമയിലൂടെ ഇന്നസെന്‍റ് അവതരിപ്പിച്ച ഇരിങ്ങാലക്കുടക്കാരന്‍ ബാബു എന്ന പുതുമുഖം പില്‍ക്കാലത്ത് ഇന്നസെന്‍റ് പ്രസിഡന്‍റായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയതും യാദൃശ്ചികമായിരുന്നില്ല. എല്ലാ അര്‍ത്ഥത്തിലും കരുത്തുറ്റ താരസംഘടനയായി അമ്മയെ മാറ്റിയത് ഇന്നസെന്‍റിന്‍റെ നേതൃപാടവം തന്നെയാണെന്ന് നിസംശയം പറയാം