Karuvannur bank scam കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ മുൻ എംപിക്കെതിരെ സുപ്രധാന വെളിപ്പെടുത്തലുമായി എൻഫോഴ്‌സ്‌മെൻറ് ഡയറക്ട്രേറ്റ്. എസി മൊയ്തീന്റെ ബിനാമി സതീഷ് കുമാറിൽ നിന്ന് മുൻ എംപി യും പോലീസ് ഉദ്യോഗസ്ഥരും പണം കൈപ്പറ്റിയതിന് തെളിവുണ്ടെന്നാണ് ഇഡി പ്രത്യേക കോടതിയെ അറിയിച്ചത്. കരുവന്നൂർ തട്ടിപ്പ് പുറത്ത് വരാതിരിക്കാൻ സാക്ഷികളെ രാഷ്‌ട്രീയ നേതാക്കൾ ഭീഷണിപ്പെടുത്തിയതായും ഇഡി കോടതിയിൽ വ്യക്തമാക്കി.
ബാങ്ക് തട്ടിപ്പിലെ ഒന്നാം പ്രതിയെ സതീഷ് കുമാറിന് ബിനാമി ലോണിലൂടെ പിപി കിരൺ തട്ടിയെടുത്ത 24 കോടിരൂപയിൽ നിന്ന് 14 കോടിരൂപ നൽകിയിരുന്നു. ഈ പണം എവിടെയൊക്കെ ചെലവഴിച്ചെന്ന അന്വേഷണത്തിലാണ് ഇഡി സുപ്രധാന കണ്ടെത്തലുകൾ നടത്തിയത്. ഈ അന്വേഷണത്തിലാണ് സതീഷ് കുമാറിന്റെ ഫോൺ കസ്റ്റഡിയിലെടുത്തത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മുൻ എംപിക്ക് പണം കൈമാറിയതിന്റെ ഫോൺ സംഭാഷണം ഇഡിക്ക് ലഭിച്ചത്. ഈ ഫോൺ സംഭാഷണം എംപിയുമായി നടത്തിയതാണെന്ന് സതീഷ് കുമാറും സമ്മതിച്ചിട്ടുണ്ട്.
സതീഷ് കുമാർ രണ്ട് പേർക്ക് 5 കോടിരൂപ പണമായി നൽകുന്നത് കണ്ടെന്നതിന് സാക്ഷിമൊഴിയുണ്ട. 400 കോടിരൂപയുടെ ആസ്തിയുണ്ടായിരുന്ന കരുവന്നൂർ ബാങ്കിൽ 2012 മുതലാണ് ബിനാമി ലോൺ അടക്കമുള്ള തട്ടിപ്പുകൾ തുടങ്ങുന്നതെന്നും കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും ഇഡി വ്യക്തമാക്കി. കേസിൽ കസ്റ്റഡി കാലാവധി കഴിഞ്ഞ ബിനാമി ഇടപാടുകാരൻ സതീഷ് കുമാർ, പിപി കിരൺ എന്നിവരെ ഈമാസം 19 വരെ റിമാൻഡ് ചെയ്തു.