Niyamasabha Case against LDF UDF MLA നിയമസഭ കയ്യാങ്കളി കേസില്‍ രണ്ട് മുൻ കോണ്‍ഗ്രസ് എംഎല്‍എമാരെ കൂടി പ്രതിചേര്‍ക്കും. എം എ വാഹിദ്, ശിവദാസൻ നായര്‍ എന്നിവരെ പ്രതിചേര്‍ത്ത് ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
വനിതാ എംഎല്‍എ തടഞ്ഞുവെന്ന ചുറ്റം ചുമത്തിയാണ് പ്രതി ചേര്‍ക്കുക. ഇതേവരെ ഇടതു നേതാക്കള്‍ മാത്രമുണ്ടായിരുന്ന കേസിലാണ് കോണ്‍ഗ്രസ് നേതാക്കളെ കൂടി പ്രതി ചേര്‍ക്കുന്നത്.
ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം നിയമസഭ കൈയാങ്കളി കേസ് പൊലീസ് പൊളിച്ചെഴുതുകയാണ്. വി.ശിവൻകുട്ടിയും ഇ.പിജയരാജനും മടക്കം ആറ് എല്‍ഡിഎഫ് നേതാക്കളാണ് പൊതുമുതല്‍ നശിപ്പിച്ചതിന് പ്രതികള്‍.
കേസ് എഴുതിത്തളളാൻ സര്‍ക്കാരും, കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കൻ പ്രതികളും സുപ്രീംകോടതിവരെ പോയെങ്കിലും തിരിച്ചടി നേരിട്ടു. കേസ് റദ്ദാക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷവും കോടതിയെ സമീപിച്ചതോടെയാണ് നീക്കങ്ങള്‍ പാളിയത്. വിചാരണ തുടങ്ങാനിരിക്കെയാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
അന്നത്തെ പ്രതിപക്ഷ എംഎല്‍എമാര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിട്ടും അവരെ പ്രതിചേര്‍ത്തില്ലെന്ന ഇടതു വനിതാ നേതാക്കളുടെ പരാതിയിലാണ് ഡിജിപി തുടരന്വേഷണത്തിന് അനുമതി തേടിയത്.
ജമീല പ്രകാശത്തിനിനെ അന്യായമായി തടഞ്ഞുവച്ചതിനും കൈയേറ്റം ചെയ്തതിനുമാണ് എം.എ.വാഹിദിനെയും ശിവദാസൻ നായരെയും പ്രതിചേര്‍ക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 341,323 എന്നീ വകുപ്പുകള്‍ ചുമത്തും. ഇടതു നേതാക്കള്‍ക്കൊപ്പം രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും പ്രതി ചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. പൊതുമുതല്‍ നശിപ്പിച്ച വകുപ്പ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉണ്ടാവില്ല. ഓരോ പ്രതികളും ചെയ്ത കുറ്റകൃത്യം കുറ്റപത്രത്തില്‍ പ്രത്യേകം ക്രൈം ബ്രാഞ്ച് എടുത്ത് പറയും.