M.A. Yusuff Ali കാസര്‍ഗോഡ് ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന്റെ ലോഗോ പ്രകാശനത്തിനായി കഴക്കൂട്ടത്തെ ഡിഫറന്‍റ് ആര്‍ട് സെന്‍ററിലെത്തിയ എം.എ യൂസഫലിയെ സ്നേഹവിരുന്നൊരുക്കിയാണ് കുരുന്നുകള്‍ സ്വീകരിച്ചത്.
സെന്‍ററില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ള വിവിധ പഠനകേന്ദ്രങ്ങള്‍ യൂസഫലി ആദ്യം സന്ദര്‍ശിച്ചു. കുട്ടികളുടെ ചിത്രരചനകള്‍ കാണാനെത്തിയപ്പോള്‍ അതിവേഗം തന്‍റെ ചിത്രം ക്യാന്‍വാസില്‍ പകര്‍ത്തിയ ഫൈന്‍ ആര്‍ട്സ് കോളേജ് വിദ്യാര്‍ത്ഥി രാഹുലിനെ യൂസഫലി അഭിനന്ദിച്ചു.
സംഗീത പഠന കേന്ദ്രമായ ബീഥോവന്‍ ബംഗ്ലാവില്‍ പാട്ടുകള്‍ പാടി എതിരേറ്റ കൊച്ചുകൂട്ടുകാര്‍ക്കിടയില്‍ യൂസഫലിയും ഇരുന്നു. പിന്നീട് സംഗീത ഉപകരണങ്ങള്‍ പഠിപ്പിയ്ക്കുന്ന കേന്ദ്രവും, മാജിക് പഠിപ്പിയ്ക്കുന്ന കേന്ദ്രവുമടക്കം സന്ദര്‍ശിച്ചു. സംഘഗാനത്തോടെയാണ് സെന്‍ററിലെ നൂറിലധികം വരുന്ന അമ്മമാര്‍ യൂസഫലിയെ എതിരേറ്റത്. അമ്മമാരുമായി സന്തോഷം പങ്കിട്ട് അല്‍പനേരം ചെലവഴിച്ചു.
കാസര്‍ഗോഡ് ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന്റെ ലോഗോ പ്രകാശനത്തിന് പിന്നാലെയാണ് ഡിഫറന്‍റ് ആര്‍ട് സെന്‍ററിന് ഒന്നരക്കോടി രൂപയുടെ സഹായം കൈമാറുന്നതായി യൂസഫലി പ്രഖ്യാപിച്ചത്.
സെന്‍റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടിന് വേദിയില്‍ വെച്ച് തന്നെ യൂസഫലി ചെക്ക് കൈമാറി. ഇനി മുതല്‍ എല്ലാക്കൊല്ലവും മുടക്കമില്ലാതെ ഒരു കോടി രൂപ സെന്‍ററിന് കൈമാറുമെന്നും യൂസഫലി പ്രഖ്യാപിച്ചു. സെന്‍ററിന്‍റെ ഭിന്നശേഷി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം പൂര്‍ണ്ണ പിന്തുണയും അറിയിച്ചു.