ഭക്ഷ്യവിഷബാധയേറ്റ് മരണങ്ങള്‍ തുടര്‍ കഥ ആവുന്ന പശ്ചാത്തലത്തിലാണ് ഏറെ ചിന്തിപ്പിക്കുന്ന കുറിപ്പ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാവുന്നത്. നെല്ലിക്കുത്ത് ഹനീഫ. എന്ന വ്യക്തിയുടെ പേരിലാണ് കുറിപ്പ് പ്രചരിക്കുന്നത്…

മലപ്പുറം ജില്ലയുടെ പൊതു നിരത്തിന്റെ പരിസരത്തിന് ഒരു പ്രത്യേകതയുണ്ട്. ഇവിടുത്തെ സന്ധ്യകള്‍ക്കെപ്പോഴും കരിഞ്ഞ മാംസത്തന്റെ മണമാണ്. കേരളത്തില്‍ ”അറേബ്യന്‍ ഫുഡ് ക്വാര്‍ട്ട് അഥവാ മന്തിക്കടകള്‍” ഏറെയുള്ളത് മലപ്പുറത്താണ്.!
ആരോഗ്യ വകുപ്പ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, ഇതര ജില്ലകളെ അപേക്ഷിച്ച് ‘ഹൃദ്‌രോഗം, പ്രഷര്‍-ഷുഗര്‍, കിഡ്‌നി ഡിസീസ്, കാന്‍സര്‍ തുടങ്ങിയ ജീവിതശൈലീ രോഗികള്‍’ ഏറ്റവും കൂടുതലുള്ളതും മലപ്പുറത്ത് തന്നെ.! അതോടൊപ്പം, ഈ രണ്ട് പ്രത്യേകതകളുടേയും ഉപോത്പ്പന്നം എന്ന് പറയാവുന്ന തരത്തില്‍, മറ്റൊരു പ്രത്യേകത കൂടി മലപ്പുറത്തിനുണ്ട്.
വാടകയ്‌ക്കെടുക്കുന്ന വാഹനങ്ങളില്‍, കരോക്കാ സംവിധാനവുമായി പാട്ട് പാടി യാചിക്കുന്ന ”പിരിവ് മാഫിയാ”സംഘത്തേയും മലപ്പുറത്തെ പൊതു നിരത്തില്‍ പതിവ് കാഴ്ചയാണ്.
ഏതെങ്കിലും കിഡ്‌നി രോഗിയുടേയോ, കാന്‍സര്‍ രോഗിയുടേയോ ഫോട്ടോ ആലേഖനം ചെയ്ത നോട്ടീസുമായി, ‘ചാരിറ്റി പ്രവര്‍ത്തനം’ എന്ന പേരില്‍ ഊരുതെണ്ടി യാചന നടത്തുന്ന പിരിവ് മാഫിയക്കാരാണിത്. ഏറിയ പങ്കും തട്ടിപ്പുകാരാണ്. സ്വന്തം പ്രദേശത്ത് ഇവര്‍ പാട്ട് പാടി യാചിക്കില്ല, മറിച്ച് ഇതര പ്രദേശങ്ങളിലാണ് ഇവരുടെ ‘കരോക്കാ ചാരിറ്റി’ അരങ്ങേറുക.
ഭക്ഷ്യയോഗ്യവും, നിര്‍ദ്ദോഷിയുമായ കോഴിയെന്ന വീട്ട്പക്ഷി, ഇന്നറിയപ്പെടുന്നത് പല പേരുകളിലാണ്. ‘അജിനാമോട്ടോ, സാല്‍ട്ട്ഷുഗര്‍, തേന്‍, പല തരം ചൈനീസ് എസ്സന്‍സുകള്‍, സോസുകള്‍’ എന്നിവയെല്ലാം കൂട്ടിക്കലര്‍ത്തി പാകപ്പെടുത്തുന്ന കോഴി മാംസം, കൊതിപ്പിക്കുന്ന ഗന്ധവുമായി തീന്‍മേശയിലെത്തുന്നതോടെ പുതിയ നാമങ്ങളുണ്ടാകുന്നു.!
”ഗ്രില്‍ഡ് ചിക്കന്‍, ജിഞ്ചര്‍ ചിക്കന്‍, പെപ്പര്‍ ചിക്കന്‍, ഹണി ചിക്കന്‍, ചിക്കന്‍-65, ചിക്കന്‍ ഗോപി, ചിക്കന്‍ തന്തൂരി..” എന്നിങ്ങനെ നൂറ് കണക്കിന് പേരുകളിലായി രൂപാന്തരപ്പെടുന്ന ഈ ഭക്ഷണം മൂലമാണ് സ്വകാര്യ ആശുപത്രികള്‍ നമ്മുടെ നാട്ടില്‍ തഴച്ച് വളരുന്നതും, കാരോക്കാ പിരിവ് മാഫിയാ സംഘങ്ങള്‍ ഉടലെടുക്കുന്നതും.
പ്രബുദ്ധ മലയാളി സമൂഹം എന്ത് കൊണ്ടിത് തിരിച്ചറിയുന്നില്ല.? ഭക്ഷ്യസുരക്ഷാ നിയമങ്ങളും, ചട്ടങ്ങളുമെല്ലാം, ഭരണകൂട താത്പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍, ഇതിന് ഉത്തരം നല്‍കേണ്ടത് ഭരണകൂടമാണ്.
കോട്ടയം-സംക്രാന്തിയിലെ ഒരു ഹോട്ടലിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച ബോര്‍ഡ് ”മലപ്പുറം മന്തി” എന്നാണ്. മനോഹരമായ വിശേഷണം.! ഈ ഹോട്ടലില്‍ നിന്ന് അല്‍ഫാമും, കുഴിമന്തിയും കഴിച്ച, പാലത്തറ സ്വദേശി രശ്മി എന്ന നഴ്‌സ് വയറിളക്കവും, ഛര്‍ദ്ദിയുമായി മൂന്ന് ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞ ശേഷം, പിന്നീട് മരണപ്പെട്ടു.
ഇതോടെ, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗരൂകരായിരി. കുറച്ച് ദിവസത്തേക്കിനി ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തും. പിടിച്ചെടുത്ത പഴകിയ ഭക്ഷണങ്ങളുടെ ഫോട്ടോയോടൊപ്പം വാര്‍ത്ത, അവര്‍ പത്രക്കാരെ അറിയിക്കുകയും ചെയ്യും. അതച്ചടിച്ച് വരും.!
ഭക്ഷ്യ സുരക്ഷയെക്കുറിച്ചും, നിയമങ്ങളെക്കുറിച്ചുമെല്ലാം ചാനലുകളില്‍ ചര്‍ച്ച അരങ്ങേറും. അതോടെ, കുറച്ച് ദിവസത്തേയ്ക്ക് എല്ലാവരും നല്ല നടപ്പുകാരായി മാറും. ‘മന്തിയും, അല്‍ഫാമും, ഷവര്‍മ്മയും’ പലരും ബഹിഷ്‌ക്കരിക്കും.!

ഒരാഴ്ചക്ക് ശേഷം നാം ഇതൊക്കെ മറന്ന്, മന്തിയും അല്‍ഫാമും മൂക്കറ്റം വാരി വലിച്ച് തിന്നുകയും ചെയ്യും. വീണ്ടും ഭക്ഷ്യ വിഷ ബാധയേറ്റ് ആരെങ്കിലും ചാകുന്നത് വരെ, മന്തി പ്ലേറ്റില്‍ നിന്ന് നാം കൈ എടുക്കാതെ ഏമ്പക്കം വിട്ടു കൊണ്ടേയിരിക്കും.! ഇങ്ങനെയാണല്ലോ നടപ്പ് കാര്യങ്ങള്‍.
ചത്തതും, ചീഞ്ഞതുമായ കോഴി മാംസമാണ് പലയിടത്തും ഷവര്‍മ്മയ്ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നത്. ഇയ്യിടെ ഒരു ചാനല്‍ തെളിവ് സഹിതം പുറത്ത് വിട്ട വാര്‍ത്തയാണിത്.!
നേരത്തെ തിരുവനന്തപുരത്ത് സച്ചിന്‍മാത്യു എന്ന 21-കാരന്‍ ഷവര്‍മ്മ കഴിച്ച് മരണപ്പെട്ടിരുന്നു. കഴിഞ്ഞ മെയ് മാസം കാസര്‍കോട് ദേവനന്ദ എന്ന ബാലികയും ഷവര്‍മ്മയില്‍ നിന്നുള്ള ഭക്ഷ്യ വിഷബാധ മൂലം മരണപ്പെട്ടു. അന്നും കുറേയേറെ ഒച്ചപ്പാടുണ്ടായി. എന്നിട്ടെന്ത് സംഭവിച്ചു..? ഒന്നുമുണ്ടായില്ല.
ഇത്തരം ഭക്ഷണ ശാലകള്‍ക്ക് ഭരണകൂടം തടയിടാന്‍ ശ്രമിച്ചോ..? അതുമുണ്ടായില്ല. നിയോണ്‍ വെളിച്ചം പരത്തുന്ന ബള്‍ബുകളും, ട്യൂബുകളുമായി ചമഞ്ഞൊരുങ്ങുന്ന മന്തിക്കടകള്‍ ‘മാരക കെമിക്കലുകള്‍ ചേര്‍ത്ത ഭക്ഷണം’ പൊതുജനത്തിന് നിര്‍ബാധം നല്‍കി വരുന്നു.
അടുത്ത ഊഴത്തിന് വേണ്ടി നാം ക്ഷമയോടെ കാത്തിരിക്കുന്നു. ആ കാത്തിരിപ്പ് വെറുതെയായില്ല. ഇപ്പോള്‍ അല്‍ഫാം കഴിച്ച് രശ്മി എന്ന നഴ്‌സ് കൂടി മരിച്ചു.
-ഗള്‍ഫില്‍ ‘നിദാഖാത്ത്’ നിയമം പ്രാബല്യത്തിലായതോടെ, തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തിയ ചെറുപ്പക്കാരില്‍ ഒരു വിഭാഗം, മന്തിക്കടകള്‍ സ്ഥാപിച്ചാണ് നാട്ടില്‍ ഉപജീവന മാര്‍ഗ്ഗം കണ്ടെത്തിയത്.
ക്രമേണ മന്തിക്കടകളുടെ എണ്ണം പെരുകിയതോടെ, ഈ മേഖലയില്‍ കിട മത്സരവുമുണ്ടായി. തുടര്‍ന്ന് രുചി വൈവിദ്ധ്യങ്ങള്‍ക്കായി കണ്ടെത്തിയ പുതിയ ആവിഷ്‌കാരമാണ് മാരകമായ കെമിക്കലുകളുടെ രസക്കൂട്ടുകള്‍.
രുചികരമായ ഭക്ഷണം പാകപ്പെടുത്തുന്ന കാര്യത്തില്‍, ഒരു കാലത്ത് കേരളീയ സ്ത്രീകള്‍ക്ക് പ്രത്യേക കൈപ്പുണ്യം തന്നെയുണ്ടായിരന്നു. എണ്ണത്തില്‍ കുറവെങ്കിലും, നളപാചകക്കാരും അന്നുണ്ടായിരുന്നു.
ക്രിത്രിമ രസക്കൂട്ടുകള്‍ അന്നാര്‍ക്കുമറില്ലായിരുന്നു. അക്കാലത്ത് മാരക രോഗികളുടെ എണ്ണവും, ആശുപത്രികളുടെ എണ്ണവും കുറവായിരുന്നു. ഇന്ന് കാര്യങ്ങള്‍ മാറി മറിഞ്ഞു. മന്തിക്കടകളിലെ രുചി വൈവിദ്ധ്യം, പുതിയൊരു ഭക്ഷണ സംസ്‌കാരത്തിലേക്കാണ് നമ്മെ നയിച്ചത്.
പാചക വിദഗ്ധരായ വീട്ടമ്മമാര്‍ പോലും വാട്‌സാപ്പ് ചാറ്റുകളില്‍ സമയം പാഴാക്കാന്‍ തുടങ്ങിയതോടെ, പല വീടകങ്ങളിലും മന്തിക്കടക്കാര്‍ ഓര്‍ഡര്‍ പ്രകാരം ഭക്ഷണം എത്തിച്ച് തുടങ്ങി.
കിട്ടുന്നതെല്ലാം വാരിവലിച്ച് ഭുജിച്ച്, അകാലത്തില്‍ ചിലര്‍ മണ്ണടിയുന്നു. ‘അടിയിലൂടേയും, മുകളിലൂടേയും നിരന്തരം ഏമ്പക്കം വിട്ടും’ മരണത്തെ പേടിച്ചും ചിലര്‍, ”നടപ്പ്” ശീലിക്കുന്നു. ”തടിയും, കൊളസ്‌ട്രോളും കുറക്കാനായുള്ള പുതിയ നടപ്പ് ശീലം..!”
നാം മലയാളികള്‍ പൊളിയാണ്… പൊളിച്ച് കൊണ്ടേയിരിക്കുന്നു.!