Monday, December 2
BREAKING NEWS


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഭീക്ഷണി മുഴക്കി, പിന്നാലെ മുന്‍ കണ്ണൂര്‍ എഡിഎം ആത്മഹത്യ ചെയ്തു

By bharathasabdham

കണ്ണൂര്‍: മുന്‍ കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്തു. പള്ളിക്കുന്നിലെ ക്വാട്ടേഴ്‌സിലാണ് അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് സ്ഥലംമാറി പോകുന്ന എഡിഎം നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. യാത്രയയപ്പ് ചടങ്ങിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ രൂക്ഷമായ വിമര്‍ശനവും അഴിമതി ആരോപണവും ഉന്നയിച്ചതിന് പിന്നാലെയാണ് നവീന്‍ ബാബുവിന്റെ ആത്മഹത്യ.

യാത്രയയപ്പ് ചടങ്ങിനിടെ എത്തിയ പി.പി ദിവ്യ കുത്തും മുനയുമുള്ള വാക്കുകള്‍ കൊണ്ട് നവീന്‍ ബാബുവിനെ വിമര്‍ശിച്ചിരുന്നു. ചെങ്ങളായിയിലെ ഒരു പെട്രോള്‍ പമ്പിന് എന്‍.ഒ.സി കൊടുക്കാന്‍ വൈകിയ വിഷയത്തിലായിരുന്നു ദിവ്യ ഉടക്കിയത്. തന്നെ വന്നു കണ്ട പരാതിക്കാരന്‍ എന്‍.ഒ.സി വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ഇതുപ്രകാരം താന്‍ എ.ഡി. എമ്മിനോട് ഫോണില്‍ ഈ കാര്യം ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ന്യായമായ ആവശ്യമായതിനാലാണ് താന്‍ ഇടപെട്ടത്. എന്നാല്‍ ഈക്കാര്യത്തില്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല.

എ.ഡി.എം സ്ഥലം മാറി പോകാന്‍ ദിവസങ്ങള്‍ക്കു മുന്‍പ് എന്‍.ഒ.സി കിട്ടിയത് എങ്ങനെയാണെന്ന് തനിക്ക് അറിയാമെന്നും ഈ കാര്യം രണ്ടു ദിവസത്തിനുള്ളില്‍ പുറത്തുവരുമെന്നും ദിവ്യ മുന്നറിയിപ്പു നല്‍കി. ഈക്കാലത്ത് എന്തു ചെയ്യുമ്പോഴും ഫോണിലും മറ്റും അക്കാര്യം തെളിവായി ഉണ്ടാകും.
സിവില്‍ സര്‍വീസിലിരിക്കുന്നവര്‍ തനിക്ക് ചുറ്റും മറ്റുള്ളവരുമുണ്ടെന്ന് ശ്രദ്ധിക്കണം. നവീന്‍ ബാബു പത്തനംതിട്ടയില്‍ എ.ഡി. എമ്മായി ചുമതല ഏല്‍ക്കുമ്പോള്‍ കണ്ണൂരിലേപ്പോലെയാകരുതെന്നും കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്തണമെന്നും ദിവ്യ ആവശ്യപ്പെട്ടിരുന്നു. ഇദ്ദേഹം ഉപഹാരം വാങ്ങുന്നത് കാണാന്‍ താല്‍പര്യമില്ലാത്തതു കാരണം താന്‍ ചടങ്ങിനിടെ പോവുകയാണെന്ന് പറഞ്ഞ് ദിവ്യ തന്റെ പ്രസംഗം കഴിഞ്ഞതിനു ശേഷം ചടങ്ങ് ബഹിഷ്‌ക്കരിച്ചു കൊണ്ടു പുറത്തേക്ക് പോവുകയും ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!