MC Road എംസി റോഡിനു സമാന്തരമായി ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) നിർമിക്കുന്ന പുതിയ പാതയുടെ മേൽനോട്ടം ഇനി കോട്ടയത്തു നിന്ന്. പാതയ്ക്കായി എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടറുടെ ഓഫിസ് കോട്ടയത്തു തിരുവാതുക്കലിൽ ആരംഭിച്ചു.
Also Read : https://panchayathuvartha.com/murder-of-dr-vandanadas-finding-that-the-police-were-at-fault/
തിരുവനന്തപുരത്തു നിന്നാണ് ഇതുവരെ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. റോഡിന്റെ പ്രാഥമിക അലൈൻമെന്റ് അടക്കം പൂർത്തിയാക്കിയിട്ടുണ്ട്. പാരിസ്ഥിതിക അനുമതി അടക്കമുള്ള നടപടികളാണ് ഇനി വേണ്ടത്. ഇതിനൊക്കെ ഇനി കോട്ടയത്തെ പ്രോജക്ട് ഓഫിസാകും മേൽനോട്ടം വഹിക്കുക. ഭോപാൽ ഹൈവേ എൻജിനീയറിങ് കൺസൽറ്റന്റ് എന്ന സ്ഥാപനമാണു പദ്ധതിയുടെ സർവേ നടത്തുന്നത്.
പുളിമാത്ത്–അങ്കമാലി റോഡ് 45 മീറ്റർ വീതിയിൽ∙ തിരുവനന്തപുരം പുളിമാത്തിൽ നിർദിഷ്ട വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിങ് റോഡിൽ നിന്ന് അങ്കമാലി വരെ 45 മീറ്റർ വീതിയിലാണു റോഡ് വരുന്നത്. ആറു ജില്ലകളിലൂടെ 257 കിലോമീറ്റർ നീളം. എംസി റോഡിലെ തിരക്കു കുറയ്ക്കാമെന്നതാണു ഗുണം.
അടുത്ത മാർച്ചിനു മുൻപു ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം പുറപ്പെടുവിച്ച് പദ്ധതിക്കുള്ള കല്ലിടൽ ആരംഭിക്കാനാണു ശ്രമം. അന്തിമ അലൈൻമെന്റ് അംഗീകരിച്ചിട്ടില്ലാത്തതിനാൽ നിലവിലുള്ള രൂപരേഖയിൽ മാറ്റം വരാനും സാധ്യതയുണ്ട്.
പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതയുടെ പല ഭാഗങ്ങളും പുതിയ ഹൈവേയുടെ ഭാഗമായി മാറാനും സാധ്യതയുണ്ട്. പൊന്തൻപുഴ വനമേഖലയിൽ 1.2 കിലോമീറ്റർ ഭാഗത്തു കൂടിയും റോഡ് കടന്നുപോകും. ഇതിനു വനംവകുപ്പിന്റെ അനുമതി അടക്കം തേടിയിട്ടുണ്ട്. വനത്തിൽ മുറിക്കേണ്ടിവരുന്ന മരങ്ങളുടെ കണക്കും ശേഖരിച്ചുവരുന്നു. ഇതിനു തുല്യമായി മരങ്ങൾ എൻഎച്ച്എഐ വച്ചുകൊടുക്കേണ്ടിവരും.
സ്ഥലമേറ്റെടുക്കാൻ ഓഫിസ് സ്ഥലമേറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ചാൽ സ്ഥലമേറ്റെടുപ്പ് വിഭാഗത്തിന്റെ ജില്ലയിലെ ഓഫിസ് പാലാ തഹസിൽദാർ ഓഫിസിലാകും തുറക്കുക. ജില്ലയിൽ 2 താലൂക്കുകളിലായി 12 വില്ലേജുകളിലെ സ്ഥലങ്ങൾ ഏറ്റെടുക്കണം.കാഞ്ഞിരപ്പള്ളി താലൂക്ക്– ഇളങ്ങുളം, കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി, മണിമല, എരുമേലി നോർത്ത്, എരുമേലി സൗത്ത് വില്ലേജുകൾ. മീനച്ചിൽ താലൂക്ക്– ഭരണങ്ങാനം, തലപ്പലം, പൂവരണി, കൊണ്ടൂർ, രാമപുരം, കടനാട് വില്ലേജുകൾ. അലൈൻമെന്റ് അന്തിമമല്ലാത്തതിനാൽ ഇവയിൽ മാറ്റങ്ങളുണ്ടാകാം.