Nipah outbreak കോഴിക്കോട്ടെ രണ്ടു ആരോഗ്യപ്രവർത്തകർക്കും നിപ്പ ലക്ഷണം. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കാണ് രോഗലക്ഷണമുളളത്. ഇവരുടെ സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചു.
ജില്ലയിൽ നിപ്പ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലായ കൂടുതൽ പേരെ കണ്ടെത്തി. മൂന്ന് കേസുകളിൽ നിന്നായി നിലവിൽ ആകെ 702 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആദ്യം മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെ ആളുടെ സമ്പർക്ക പട്ടികയിൽ 281 പേരും ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുമാണുള്ളത്.
നിപ്പ സ്ഥിരീകരിച്ച സാംപിളുകൾ ഉൾപ്പെടെ ആകെ ഏഴു സാംപിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മൊബൈൽ ലാബും ജില്ലയിൽ സജ്ജമാക്കും. ഇതുവഴി പരിശോധനാ ഫലം ലഭ്യമാകുന്നതിനുള്ള കാലതാമസം ഒഴിവാകും.
ഐസിഎംആറിൽ നിന്നുള്ള പ്രത്യേക സംഘവും കേരളത്തിലെത്തി. ഇവർ നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ ഇടപെടലുകള്‍.
സർക്കാർ ഗസ്റ്റ് ഹൗസിൽ കൺട്രോൾ റൂമുകളുടെ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ രോഗലക്ഷണമുണ്ടെങ്കിൽ കോൾ സെന്ററിൽ ബന്ധപ്പെടണം. രോഗബാധിത പ്രദേശങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബോധവൽകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
അതേസമയം, കുറ്റ്യാടിയിലേക്കു ബസുകൾ കടത്തിവിടുന്നില്ല. ചെറിയ കുമ്പളം പാലത്തിനു സമീപം പൊലീസ് ചെക്കിങ് നടത്തുന്നു. ഇവിടെ യാത്രക്കാരെ ഇറക്കിവിടുകയാണ്. യാത്രക്കാർ കാൽ നടയായി പാലം കടന്ന് കുറ്റ്യാടിയിലേക്ക് പോവുകയാണ്. ഇതുവഴി പോകുന്ന ദീർഘദൂര യാത്രക്കാർ ഇതോടെ ദുരിതത്തിലായി.