ആദ്യ ദിനത്തിൽ അര ലക്ഷം രൂപ വരുമാനം
തിരുവനന്തപുരം : പൊന്മുടി ശനിയാഴ്ച രാവിലെ സന്ദർശകർക്കായി തുറന്നു കൊടുത്തു. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് വനംവകുപ്പ് പൊന്മുടി അടച്ചിട്ടിരുന്നത്. ഒടുവിൽ പട്ടിണിയിലായ തൊഴിലാളികുടുംബങ്ങളുടേയും ആയിരക്കണക്കിന് സന്ദർശകരുടെയും അഭ്യർത്ഥന മാനിച്ചാണ് ഈ സീസണിൽ തന്നെ പൊന്മുടി തുറക്കുന്നത്.
പൊന്മുടി തുറക്കുന്നതറിഞ്ഞ് ശനിയാഴ്ച രാവിലെ തന്നെ കോടമഞ്ഞിന്റെ തണുപ്പുതേടി ആയിരത്തിൽപ്പരം സന്ദർശകർ കുടുംബസമേതം എത്തി. ആദ്യ ദിനത്തിൽത്തന്നെ അര ലക്ഷം രൂപയാണ് വനംവകുപ്പിന്റെ വരുമാനം. ആനപ്പാറ, കല്ലാർ ചെക്‌പോസ്റ്റുകളിൽ സന്ദർശകരേയും വാഹനങ്ങളേയും സുരക്ഷാപരിശോധനകൾക്ക് വിധേയമാക്കി.
കല്ലാർ ചെക്‌പോസ്റ്റിൽ ‘ബ്രേക്ക് ദി ചെയ്ൻ’ മാനദണ്ഡങ്ങൾ അനുസരിച്ച് സാനിറ്ററൈസേഷൻ നടത്തിയശേഷമാണ് അപ്പർ സാനിട്ടോറിയത്തിലേക്ക് സഞ്ചാരികളെ കടത്തിവിടുന്നത്.
ചെക്‌പോസ്റ്റിൽ സന്ദർശകർ തന്നെ കൊണ്ടുവരുന്ന സാനിെറ്റെസർ, ഗ്ലൗസ് എന്നിവ ഉപയോഗിച്ചശേഷമേ കടത്തിവിടൂ. മദ്യം, പ്ലാസ്റ്റിക് എന്നിവ പൂർണമായും ഒഴിവാക്കണം.വനംസംരക്ഷണസമിതിക്കാണ് പൊന്മുടി സന്ദർശനത്തിന്റെ നടത്തിപ്പ് ചുമതല.