Canada PM ഇന്ത്യ-കാനഡ പ്രതിസന്ധി രൂക്ഷമാകുകയാണ്. ഇതിനിടെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സുരക്ഷാ സംഘം ‘അസ്വസ്ഥത’ സൃഷ്ടിച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്. ജി 20 ഉച്ചകോടിയ്ക്കായി ഡൽഹിയിലെത്തിയ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കേന്ദ്ര സർക്കാർ ഒരുക്കിയ പ്രസിഡൻഷ്യൽ സ്യുട്ടിൽ താമസിക്കാൻ വിസമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. സെപ്തംബര് ഒൻമ്പത്, പത്ത് തീയതികളിൽ ഡൽഹിയിൽ വെച്ച് നടന്ന ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ എല്ലാ വി ഐ പികൾക്കും സർക്കാർ പ്രത്യേക മുറികൾ ഒരുക്കിയിരുന്നു. ന്യുഡൽഹിയിലെ പഞ്ച നക്ഷത്ര ഹോട്ടലായ ലളിതിലാണ് ട്രൂഡോയ്ക്ക് താമസ സൗകര്യം ഒരുക്കിയത്. അവിടെ താമസിക്കാൻ വിസമ്മതിച്ച ട്രൂഡോ അതെ ഹോട്ടലിലെ സാധാരണ മുറി ഉപയോഗിക്കുകയായിരുന്നു. ഇത് ഉദ്യോഗസ്ഥർക്കിടയിൽ ആശങ്ക ഉയർത്തി.
ജി20 യ്ക്ക് ശേഷം ഒന്നര ദിവസം കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇവിടെ തങ്ങിയിരുന്നു. വിമാനം തകരാറിലായതിനെ തുടർന്ന് പുതിയ വിമാനം കാനഡയിൽ നിന്ന് എത്തുന്നത് വരെ ട്രൂഡോ ഡൽഹിയിൽ തങ്ങി. രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി തുടങ്ങിയവർ യാത്ര ചെയ്യുന്ന എയർ ഇന്ത്യ വൺ വിമാനം വിട്ടു നല്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചെങ്കിലും ട്രൂഡോ അത് സ്വീകരിക്കാൻ തയ്യാറായില്ല.
ഡൽഹിയിലെത്തിയ അതിഥികൾക്കായി മുപ്പതിലധികം ഹോട്ടലുകൾ ഡൽഹിയിൽ സർക്കാർ സജ്ജമാക്കിയിരുന്നു. ഡൽഹി പോലീസിനും സുരക്ഷാ ഏജൻസികൾക്കുമായിരുന്നു പ്രസിഡൻഷ്യൽ സ്യുട്ടുകളുടെ സുരക്ഷ ചുമതല.