Prophet’s day നബിദിനത്തെ വരവേൽക്കാൻ നാടൊരുങ്ങി. പ്രവാചകൻ മുഹമ്മദ് നബി (സ്വ)യുടെ ജന്മം കൊണ്ട് അനുഗൃഹീതമായ സുദിനം നാളെയാണ്. മീലാദാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെമ്പാടും മൗലിദ് സദസ്സുകളും ഘോഷയാത്രയും മദ്റസ, ദർസ്, ദ്വ കോളജ് വിദ്യാർഥികളുടെ കലാപരിപാടികളും നടക്കും. നബിദിനം വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.
റബീഉൽ അവ്വലിന്റെ തുടക്കം മുതൽ മസ്ജിദുകളിലും സ്ഥാപനങ്ങളിലും വിശ്വാസി ഭവനങ്ങളിലും മൗലിദ് സദസ്സുകൾ ആരംഭിച്ചിരുന്നു. നാളെ പുലർച്ചെ മസ്ജിദുകളിൽ പ്രവാചക പ്രകീർത്തന സദസ്സുകൾ നടക്കും.
ഇശലുകൾ ചാലിച്ച ബൈത്തുകൾക്കൊപ്പിച്ച ഈരടികളുമായി ദമുട്ടും അറബനയും മധുരവിതരണവുമായി നബിദിന റാലികൾ നടക്കും. പള്ളികളും സ്ഥാപനങ്ങളും അലങ്കാര വിളക്കുകൾ തെളിച്ച് വർണാഭമാക്കിയിട്ടുണ്ട്. പല നഗരവീഥികളും രാത്രികാലങ്ങളിൽ ദീപാലംകൃതമാണ്. വിപണിയിൽ തൊപ്പിയുടെയും അത്തറിന്റെയും വിൽപ്പന സജീവമാണ്. മുസ്ലിം സംഘടനകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.