Puthupally Election ഉമ്മൻചാണ്ടിയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാൻ പുതുപ്പള്ളി ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. മൂന്ന് മുന്നണി സ്ഥാനാർഥികൾ ഉൾപ്പെടെ ഏഴുപേരാണ് മത്സര രംഗത്തുള്ളത്.
മണ്ഡലത്തിലെ 182 ബൂത്തുകളിൽ വോട്ടെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എട്ടാം തീയതിയാണ് വോട്ടെണ്ണൽ. വൈകാരികതയും രാഷ്ട്രീയവും ഒരുപോലെ നിറഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിനും എൽഡിഎഫിനും അഭിമാന പോരാട്ടമാണ് പുതുപ്പള്ളിയിലേത്.
രാവിലെ പുതുപ്പള്ളി പള്ളിയിലും ഉമ്മൻ ചാണ്ടിയുടെ കല്ലറയിലും എത്തി മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച ശേഷമാണ് ചാണ്ടി ഉമ്മൻ വോട്ടെടുപ്പ് ദിവസത്തെ മറ്റ് പ്രവർത്തനങ്ങളിലേക്ക് കടന്നത്. അഞ്ച് ബൂത്തുകളിൽ മോക് പോളിങ് നടത്തിയ ശേഷമാണ് മണ്ഡലത്തിൽ വോട്ടെടുപ്പ് ആരംഭിച്ചത്.
25 ദിവസത്തെ പൊടിപാറുന്ന പ്രചരണങ്ങൾക്കും പിന്നീടുള്ള നിശബ്ദ പ്രചരണങ്ങൾക്കും ശേഷമാണ് പുതുപ്പള്ളി ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. 176417 വോട്ടർമാരാണ് പുതുപ്പള്ളിയിലുള്ളത്.