സമ്മതിദാന അവകാശം വിനിയോഗിച്ചത് 75 ശതമാനം, ആലപ്പുഴയില്‍ 76.42 ശതമാനവും തിരുവനന്തപുരത്ത് 69.07 ശതമാനവും പോളിംഗ്.കോവിഡ് നിയന്ത്രണങ്ങള്‍ വോട്ടെടുപ്പിനെ ബാധിച്ചില്ല.
![](https://panchayathuvartha.com/contents/uploads/2020/12/0f7aa35be97a28eeb6a53aaa3d6d34b8caaa1df4552fa3d4aa4d6ba8bf54bf6c.jpg)
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പോളിങ് അവസാനിച്ചു. വൈകുന്നേരം ആറ് മണി വരെ 75 ശതമാനം ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ പോളിങ് ആലപ്പുഴയില്‍ രേഖപ്പെടുത്തിയപ്പോള്‍ തിരുവനന്തപുരത്ത് വോട്ടെടുപ്പിന് അത്ര ആവേശം കൈവന്നില്ല. തിരുവനന്തപുരം – 69.07, കൊല്ലം- 72.79, പത്തനംതിട്ട – 69. 33, ആലപ്പുഴ- 76.42, ഇടുക്കി – 73.99 എന്നിങ്ങനെയാണ് വോട്ടിംഗ് ശതമാനം.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 59.02 ശതമാനം പേരും കൊല്ലം കോര്‍പ്പറേഷനില്‍ 65.11 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി.
![](https://panchayathuvartha.com/contents/uploads/2020/12/2ddd29bf16f09323f5faebd969bdade17c8382f2eaada9ec5a76cf3dfb558b71.jpg)
കോവിഡ് വ്യാപനത്തിനിടെ ആശങ്കയോടെയാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതെങ്കിലും ആദ്യ ഘട്ടവോട്ടെടുപ്പിലെ ജനങ്ങളുടെ മികച്ച പങ്കാളിത്തം തുടര്‍ന്നുള്ള ഘട്ടങ്ങളിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയാണ് രാഷ്ട്രീയ പാര്‍ട്ടികൾക്കുള്ളത്. 104 വയസുള്ള വോട്ടര്‍ അടക്കം ആദ്യഘട്ടത്തില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.കൂടിയ പോളിംഗ് ശതമാനം തങ്ങളെ സഹായിക്കുമെന്ന കണക്കുകൂട്ടലുകള്‍ മുന്നണികള്‍ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാന സര്‍ക്കിരാന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് വോട്ടിംഗ് ശതമാനം കൂട്ടിയതെന്ന് എല്‍ഡിഎഫ് അവകാശപ്പെടുമ്ബോള്‍ സര്‍ക്കാരിനെതിരായ വിധിയെഴുത്തെന്നാണ് എന്‍ഡിഎയും യുഡിഎഫും കണക്കുകൂട്ടുന്നത് .
കാര്യമായ പ്രതിഷേധമോ, പ്രശ്‌നങ്ങളോ എവിടെനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തിരുവനന്തപുരം, കൊല്ലം കോര്‍പറേഷന്‍ പ്രദേശങ്ങളില്‍ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് പോളിംഗ് കുറവായിരുന്നു. തിരുവനന്തപുരത്ത് 2015-ല്‍ 63.09 ആയിരുന്നു പോളിംഗ് ശതമാനം. ഇത് അറുപതുവരെയേ ഇത്തവണ എത്തിയുള്ളൂ. കൊല്ലത്ത് 69.09 ആയിരുന്നു കഴിഞ്ഞ തവണയെങ്കില്‍ ഇപ്രാവശ്യം 66 ശതമാനംവരെ എത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമകണക്കില്‍ ഇതില്‍ മാറ്റംവരാം.