Asia Cup ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് തിരിച്ചടി. ബംഗ്ലാദേശിനെതിരായ അവസാന സൂപ്പർ ഫോർ മത്സരത്തിനിടെ പരിക്കേറ്റ ഓൾറൗണ്ടർ അക്ഷർ പട്ടേലിന് ഫൈനലിൽ കളിക്കാനാകില്ല.
ഫൈനലിൽ അക്ഷറിന്റെ സാന്നിധ്യം അനിശ്ചിതത്വത്തിലായതോടെ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തി.
ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ നിരവധി തവണ അക്ഷറിന് മെഡിക്കൽ സംഘത്തിന്റെ സഹായം തേടേണ്ടതായി വന്നിരുന്നു. ഇതിനിടെ ലങ്കൻ താരമെറിഞ്ഞ ത്രോ കൈയിൽ തട്ടി പരിക്കേൽക്കുകയും ചെയ്തു. എങ്കിലും മെഡിക്കൽ സംഘത്തിന്റെ സഹായം തേടിയ ശേഷം അക്ഷർ ബാറ്റിങ് തുടർന്നു.
ബെംഗളൂരുവിലായിരുന്ന സുന്ദർ ശനിയാഴ്ച ടീമിനൊപ്പം ചേർന്നു. ഏഷ്യാ കപ്പ് ഫൈനലിന് ശേഷം ഏഷ്യൻ ഗെയിംസിനുള്ള ടീമിനൊപ്പം സുന്ദർ ചൈനയിലേക്ക് തിരിക്കും. ഇന്ത്യയുടെ ലോകകപ്പ് ടീമിലെ അംഗമാണ് അക്ഷർ.
ബംഗ്ലാദേശ് ബൗളിങ്ങിനു മുന്നിൽ പതറിയ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നൽകിയത് ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറിയും എട്ടാമനായി ഇറങ്ങിയ അക്ഷറിന്റെ ബാറ്റിങ്ങുമാണ്. 34 പന്തിൽ 42 റൺസെടുത്ത അക്സർ 49-ാം ഓവറിൽ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.