കണ്ണൂർ: മഴമേഘങ്ങൾ മാറിനിന്ന ഇരുൾ പരന്ന ദുഃഖസാന്ദ്രമായ അന്തരീക്ഷത്തിൽ നാടിന് നോവേറിയ ഓർമ്മയായി നിഹാൽ മാറി. ഇനി അവൻ നാടിന്റെ നെഞ്ചിൽ വീണ ഒരു തുള്ളി കണ്ണുനീർ മാത്രം. Nihal Naushad
വീടിനു സമീപം കളിച്ചുകൊണ്ടിരിക്കെ തെരുവ് നായ്ക്കൂട്ടം കടിച്ചുകൊന്ന നിഹാലിന് ജന്മനാട് തേങ്ങി കൊണ്ടാണ് യാത്രാമൊഴിയേകിയത്.
നിഹാലിനെ ഒരുനോക്കു കാണാൻ മുഴപ്പിലങ്ങാട് കെട്ടിനകത്തെ ദാറുൽ റഹ്മ വീട്ടിലും മൃതദേഹം പൊതുദർശനത്തിന് വെച്ച കെട്ടിനകം ജുമാ മസ്ജിദ് അങ്കണത്തിലും വൻ ജനാവലിയാണ് ഒഴുകിയെത്തിയത്. മഴ വിട്ടുമാറിയ മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ തലശേരി ജനറൽ ആശുപത്രിയിൽനിന്നു മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് വീട്ടിലെത്തിച്ചത്.
തുടർന്ന് കുടുംബാംഗങ്ങളും ബന്ധുക്കളും ജനപ്രതിനിധികളും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരും അന്തിമോപചാരമർപ്പിച്ചു. അരമണിക്കൂറോളം വീട്ടിൽ പൊതുദർശനത്തിനു വെച്ച ശേഷം മൃതദേഹം പൊതുദർശനത്തിനായി കെട്ടിനകം ജുമാ മസ്ജിദ് അങ്കണത്തിലേക്ക് മാറ്റി.
അവിടെയും തെരുവ് നായ്ക്കളാൽ അരുംകൊല ചെയ്യപ്പെട്ട നിഹാലിനെ ഒരുനോക്കു കാണാൻ വൻ ജനാവലി കാത്തു നിന്നിരുന്നു. മന്ത്രി വി എൻ വാസവൻ, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, മുൻ മന്ത്രി പി കെ ശ്രീമതി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് തുടങ്ങിയവർ വീട്ടിലും കെട്ടിനകം ജുമാ മസ്ജിദ് അങ്കണത്തിലുമായി അന്തിമോപചാരമർപ്പിച്ചു. തുടർന്ന് എടക്കാട് മണപുറം ജുമാ മസ്ജിദിൽ ഖബറടക്കി.