ex-Andhra CM Chandrababu Naidu നായിഡുവിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാനമെമ്പാടും കടുത്ത പ്രതിഷേധമുയർത്താനാണ് ടിഡിപിയുടെ തീരുമാനം. സംസ്ഥാനത്തെമ്പാടും പൊലീസ് കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
കോടതി റിമാൻഡ് ചെയ്തതോടെ നായിഡുവിനെ ഇന്നലെ രാത്രി കനത്ത സുരക്ഷാ സന്നാഹങ്ങളോടെ രാജമന്ധ്രി ജയിലിലേക്ക് മാറ്റിയിരുന്നു.
മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ നായിഡുവിന് വേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ സിദ്ധാർഥ് ലുത്ര തന്നെയാകും ഹൈക്കോടതിയിലും ഹാജരാകുക.
ഗവർണറുടെ അനുമതിയില്ലാതെ, നോട്ടീസ് നൽകാതെയാണ് നായിഡുവിനെ അറസ്റ്റ് ചെയ്തതെന്നും, മന്ത്രിസഭ അംഗീകരിച്ച, നിയമസഭ പാസ്സാക്കിയ നടപടിയുടെ പേരിൽ ക്രിമിനൽ കുറ്റം ചുമത്തിയത് നിയമപരമല്ലെന്നും ലുത്ര ഹൈക്കോടതിയിൽ വാദിക്കും.
Also Read : https://panchayathuvartha.com/chandy-oommen-oath-in-the-name-of-god-now-chandi-oommen-mla/
ഇന്നലെ എട്ട് മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് പ്രോസിക്യൂഷൻ വാദം അംഗീകരിച്ച് വിജയവാഡയിലെ മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ചന്ദ്രബാബു നായിഡുവിന് ജാമ്യം നിഷേധിച്ചത്.
സ്കിൽ ഡെവലെപ്മെന്‍റ് കോർപ്പറേഷന്‍റെ കീഴിൽ ട്രെയിനിംഗ് സെന്‍ററുകൾ തുടങ്ങാനുള്ള പദ്ധതിയുടെ മറവിൽ സീമൻസ് ഇന്ത്യ എന്ന കമ്പനിക്ക് 371 കോടി രൂപ സർക്കാർ വിഹിതം ടെൻഡറോ പരിശോധനകളോ ഇല്ലാതെ അനുവദിച്ചുവെന്നും, ഇത് വിദേശത്തെ സ്വന്തം കടലാസ് കമ്പനികളിലേക്ക് നായിഡു മറിച്ചുവെന്നുമാണ് സിഐഡിയുടെ കേസ്.