മണ്ണിന്‍റെ നിലവിളിയ്ക്കും, മനുഷ്യ നൊമ്പരങ്ങള്‍ക്കും തണലായി മാറിയ അമ്മ ഇനിയില്ല.മനുഷ്യന് മാത്രമല്ല ഭൂമിയിലെ സകല ചരാചരങ്ങള്‍ക്കും വേണ്ടി അമ്മയായി പൊരുതിയ പോരാളി എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.താന്‍ നിന്ന ഭൂമി അടുത്ത തലമുറയ്ക്ക് പരിക്കുകള്‍ ഇല്ലാതെ പകര്‍ന്ന്‍ കൊടുക്കാന്‍ സാധിക്കണം എന്ന വാക്കുകള്‍ ആണ് സുഗതകുമാരിയുടെ കവിതകളിലൂടെ നമുക്ക് മുന്നിലേക്ക് തുറന്നിരുന്നത്.
കടലാസുകളില്‍ ഒതുങ്ങി കൂടാന്‍ തനിക്ക് കഴിയുമായിരുന്നില്ല എന്ന്‍ തെളിയിച്ച വിളക്ക് ആയിരുന്നു സുഗതകുമാരി.പ്രകൃതിയ്ക്ക് കാവ്യാക്ഷരങ്ങള്‍ കൊണ്ട് ലോകം തീര്‍ത്ത ധീര പോരാളി.
തകർന്ന മനസുമായി അഭയം തേടിയ ഒരുപാട് പെൺ ജന്മങ്ങളുടെ ജീവിത കഥയിൽ താങ്ങായി മാറാൻ അമ്മയ്ക്ക് സാധിച്ചു.
നിരാലംഭകരുടെ തണൽ ആയി മാറിയ എട്ടോളം അഭയ കേന്ദ്രങ്ങൾക്ക് മരം കൊണ്ട് തണൽ തീർത്ത നന്മ മനസ്. ഈ തണൽ പകർന്നു തന്ന പ്രകൃതി സ്‌നേഹത്തിന്റെയും, മനുഷ്യ സ്‌നേഹത്തിന്റെയും, കരുതലും, സ്‌നേഹവും അടുത്ത തലമുറയ്ക്കും തണലായി മാറട്ടെ എന്ന് പ്രാർത്ഥിക്കാം.
1924ൽ ആറന്മുളയിൽ സ്വാതന്ത്ര്യ സമര സേനാനിയായ ബോധേശ്വരന്റെയും, അധ്യാപികയായ കാർത്ത്യായനി അമ്മയുടെയും മകൾ ആയി ജനനം. 1961 ൽ’ മുത്തുച്ചിപ്പി’ എന്ന കവിതയിലൂടെ തുടക്കം കുറച്ചു. പാതിരാപ്പൂക്കൾ എന്ന കവിതാ സമാഹാരത്തിന് 1967 ൽ സാഹിത്യ അക്കാദമി പുരസ്‌കാരവും, ഓടക്കുഴൽ പുരസ്‌കാരം, വയലാർ അവാർഡ്, ആശാൻ പുരസ്‌കാരം, ലളിതാംബികാ സാഹിത്യ അവാർഡ്, വള്ളത്തോൾ പുരസ്‌കാരം, ബാലാമണിയമ്മ അവാർഡ്, പത്മശ്രീ, പി കുഞ്ഞിരാമൻ നായർ അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം, സരസ്വതി സമ്മാൻ, മാതൃഭൂമി ലിറ്റററി അവാർഡ്, തുടങ്ങിയ സാഹിത്യ ബഹുമതികൾ തേടിയെത്തി.
പ്രകൃതി സംരക്ഷണ യത്ങ്ങൾക്കുള്ള ഇന്ത്യ ഗവർമെന്റിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡും ലഭിച്ചു.
കാലത്തിന്‍റെ തീരാ നഷ്ട്ടം ആണ് മലയാളത്തിന്‍റെ തണല്‍ ഏകിയിരുന്ന ആല്‍മരം.