തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസും യുഡിഎഫും വന്‍ വിജയം നേടുമെന്ന് പി ജെ ജോസഫ്. ചെണ്ടയാണ് ചിഹ്നം. വോട്ടര്‍മാര്‍ക്ക് ഒരു കണ്‍ഫ്യൂഷനുമില്ല. ജീവനുള്ള വസ്തുവാണ് ചെണ്ട. ചെണ്ടയിലെ സ്ഥാനാര്‍ഥികളെല്ലാം ജയിക്കും.ചെണ്ടയും കൈപ്പത്തിയും തമ്മില്‍ ബന്ധമുണ്ട്. കൈ കൊണ്ട് അടിച്ചാലേ ചെണ്ടക്ക് ശബ്ദമുണ്ടാകൂ.
കൈപ്പത്തിയും ചെണ്ടയും തമ്മിലുള്ള ബന്ധവും ഐക്യജനാധിപത്യ മുന്നണിയുടെ ഐക്യവും ഉണ്ട്. അതിനാല്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. രണ്ടില വാടി കരിഞ്ഞു പോകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട പോളിങ് നടക്കുന്നത്.
രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് പോളിങ്.
ഇടുക്കി ജില്ലാ പഞ്ചായത്തിലെ അഞ്ചു സീറ്റുകളിലും വിജയിക്കും. കൈപ്പത്തിയും ചെണ്ടയും തമ്മില്‍ അഭേധ്യമായ ബന്ധമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഒരു ഘട്ടത്തിലും മുന്നണിയില്‍ തര്‍ക്കം ഉണ്ടായിട്ടില്ലെന്നും ജോസഫ് പറഞ്ഞു.
സോപ്പിട്ട് മാസ്കിട്ട് ഗ്യാപ്പിട്ട് വോട്ടര്‍മാരുടെ നീണ്ട നിര തന്നെയുണ്ട് ആദ്യ മണിക്കൂറുകളില്‍. ആദ്യ മണിക്കൂറില്‍ മികച്ച പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭരണ പക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തി.
മൂന്ന് മുന്നണികളും വന്‍ വിജയം നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.