Thursday, November 21
BREAKING NEWS


കടുവ ഭീതിയില്‍ വയനാട്ടിലെ മറ്റൊരു പ്രദേശം കൂടി; രാത്രിയില്‍ പുറത്തിറങ്ങാതെ പ്രദേശവാസികള്‍, ജാഗ്രത വേണമെന്ന് വനം വകുപ്പ്

By sanjaynambiar

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ കടുവാഭീതിയില്‍ മറ്റൊരു പ്രദേശം കൂടി. സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ ബീനാച്ചിയിലും പരിസരപ്രദേശങ്ങളിലുമാണ് കടുവാശല്യം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ഒരു മാസക്കാലമായി പ്രദേശത്തെ ജനങ്ങള്‍ രാത്രിയായാല്‍ പുറത്തിറങ്ങാതെ കഴിയുകയാണ്. ബീനാച്ചിയിലെ ജനവാസകേന്ദ്രത്തില്‍ ഒരു മാസത്തിനിടെ നാല് തവണയാണ് കടുവയെത്തിയത്. ബത്തേരി കട്ടയാട് പ്രദേശത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് നിന്ന് രണ്ട് കാട്ട് പന്നികളെയും പൂതിക്കാട് മൂന്ന് വയസുള്ള ആടിനെയും കടുവ കൊന്ന് തിന്നിരുന്നു. ഇതിന് പിന്നാലെ മണിച്ചിറ കോരന്‍ ഹൗസിംഗ് കോളനി സമീപത്ത് വെച്ച് ഒരു കാട്ടുപന്നിയെയും കടുവ ഭക്ഷിച്ചിരുന്നു.

​കാല്‍പ്പാടുകള്‍ കടുവയുടേത് തന്നെ

തിങ്കളാഴ്ച പുലര്‍ച്ചെ ബീനാച്ചി ദേശീയപാതയില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള പള്ളിയുടെ പുറകുവശത്തെ ജനവാസ മേഖലയിലും കടുവയെത്തി. രാവിലെ നടക്കാന്‍ ഇറങ്ങിയ ആളുകള്‍ റോഡില്‍ കാല്‍പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനം വകുപ്പിലെ വാച്ചര്‍മാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി കാല്‍പാടുകള്‍ കടുവയുടേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. സമീപപ്രദേശങ്ങളിലും വനംവകുപ്പ് വാച്ചര്‍മാര്‍ പരിശോധന നടത്തി. ജനങ്ങളോട് പുറത്ത് ഇറങ്ങുന്ന സമയത്ത് ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരു മാസമായി ജനവാസമേഖലകളില്‍ ഇറങ്ങുന്ന കടുവയെ പിടികൂടുന്നതിന് വേണ്ട ഒരു നടപടിയും വനംവകുപ്പ് സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പ്രധാനപരാതി. കട്ടയാട് കടുവയെത്തിയ സമയത്ത് നിരീക്ഷണ ക്യാമറ വെച്ചെങ്കിലും പിന്നീട് വനംവകുപ്പിന്‍റെ ഭാഗത്ത് നിന്നും കാര്യമായ തുടര്‍നടപടികളൊന്നുമുണ്ടായില്ല.

​പേടി സ്വപ്നമായി ബീനാച്ചി എസ്റ്റേറ്റ്

കടുവാശല്യം പ്രദേശത്ത് രൂക്ഷമായി തുടരുമ്പോഴും ആളുകളോട് ജാഗ്രത പുലര്‍ത്താന്‍ മാത്രമാണ് വനം വകുപ്പ് ആവശ്യപ്പെടുന്നത്. ഇന്നലെ പുലര്‍ച്ചെ ബീനാച്ചി ടൗണിനോട് ചേര്‍ന്ന് സ്ഥലത്താണ് കടുവ വന്നിട്ടുള്ളത്. ഇത് ജനങ്ങളെ ഏറെ ഭീതിപ്പെടുത്തുന്നുണ്ട്. ഇവിടെ നിന്നും സുല്‍ത്താന്‍ബത്തേരി ടൗണിലേക്ക് വെറും മൂന്ന് കിലോമീറ്റര്‍ മാത്രമാണുള്ളത്. മധ്യപ്രദേശ് സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്റ്റേറ്റില്‍ നിന്നാണ് കടുവ വരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ എസ്റ്റേറ്റ് വന്യമൃഗങ്ങളുടെ താവളമായി മാറിക്കഴിഞ്ഞു. ഇവിടെ നിന്നും ജനവാസ മേഖലയിലേക്ക് മാനുകളും പന്നികളും കൂട്ടത്തോടെയിറങ്ങുന്നത് പതിവാണ്.

​കൃഷി നാശം

പ്രദേശത്തെ കൃഷികള്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നതും നിത്യസംഭവമാണ്. വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യത്തിനും ഏറെ പഴക്കമുണ്ട്. ജനങ്ങളുടെ ആശങ്കയകറ്റുന്നതിനായി എത്രയും വേഗം കൂട് സ്ഥാപിച്ച് കടുവയെ പിടികൂടണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. നടപടി സ്വീകരിച്ചില്ലെങ്കില്‍ വനംവകുപ്പ് ഓഫീസിന് മുമ്പില്‍ നാട്ടുകാരെ അണിനിരത്തി സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കാനാണ് നാട്ടുകാര്‍ തീരുമാനിച്ചിരിക്കുന്നത്. വയനാടിന്‍റെ വിവിധ ഭാഗങ്ങളില്‍ കടുവാശല്യം രൂക്ഷമായി തുടരുന്നതിന് പിന്നാലെയാണ് സുല്‍ത്താന്‍ബത്തേരി ടൗണിന്‍റെ സമീപപ്രദേശമായ ബീനാച്ചിയിലും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്.

Content retrieved from: https://malayalam.samayam.com/local-news/wayanad/tiger-attack-in-beanachi-wayanad/articleshow/79002219.cms.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!