
Trudeau’s Revenge ഇന്ത്യയുമായുള്ള വാണിജ്യ ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി കാനഡ. ജി 20 ഉച്ചകോടിയില്‍ ഖലിസ്ഥാന്‍ വിഷയം ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് നേരെ പരസ്യ വിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് വാണിജ്യ ചര്‍ച്ചകള്‍ നിര്‍ത്തിയതായി കാനഡ അറിയിച്ചത്.
ഒക്ടോബറില്‍ ഇന്ത്യയില്‍ ആരംഭിക്കാനിരുന്ന വാണിജ്യ മിഷനെ കുറിച്ചുള്ള ചര്‍ച്ചയാണ് നിര്‍ത്തിവച്ചത്. കാനഡയുടെ ഇന്തോ-പസഫിക് നയതന്ത്ര ബന്ധ പദ്ധതിയുടെ ഭാഗമായാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. ടീം കാനഡ ട്രേഡ് മിഷന്റെ പ്രധാന ലക്ഷ്യമാണ് ഇന്ത്യ എന്നായിരുന്നു ഇരു രാജ്യങ്ങളും ഈ പദ്ധതിയെ വിശേഷിപ്പിച്ചിരുന്നത്.
ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സിഖ് മതവിശ്വാസികളുള്ള രാജ്യമാണ് കാനഡ. ഖലിസ്ഥാന്‍ ഭീകര പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു.
ജി 20ക്ക് എത്തിയ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് തണുത്ത സ്വീകരണമാണ് ഡല്‍ഹിയില്‍ ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജസ്റ്റിന്‍ ട്രൂഡോയുമായി നടന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി കാനഡയില്‍ നടക്കുന്ന ഖലിസ്ഥാന്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം, ഇന്ത്യയിറക്കിയ പ്രസ്താവനയില്‍ കാനഡയില്‍ നടക്കുന്ന ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ആശങ്കയുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു.