ഇന്ത്യയ്‌ക്കെതിരെ പ്രകോപനവുമായി പാകിസ്ഥാന്‍ , വെടിവയ്പില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ജമ്മുകാശ്മീരില്‍ രജൗരിയിലെ നിയന്ത്രണരേഖയിലാണ് പ്രകോപനമില്ലാതെ പാകിസ്ഥാന്‍ സൈന്യം വെടിവയ്പ് നടത്തിയത്.
നായിക് പ്രേം ബഹാദൂര്‍ ഖത്രി, റൈഫിള്‍മാന്‍ സുഖ്വീര്‍ സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ചത്.
രജൗരിയിലെ സുന്ദര്‍ബനി സെക്ടറിലാണ് പാക് പ്രോകോപനമുണ്ടായത്.ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രകോപനമില്ലാതെയായിരുന്നു ആക്രമണമെന്നും സൈന്യം വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ചയും ശനിയാഴ്ചയുമായി പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൂഞ്ചില്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.
ഒക്ടോബര്‍ ആറ് വരെ 3,589 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പാകിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്തംബറില്‍ മാത്രം ഇത് 427 തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.