
UDF പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ വിജയത്തോടെ കോൺഗ്രസ്സിൽ വി ഡി സതീശൻ, കെ സുധാകരൻ കൂട്ടുകെട്ട് കൂടുതൽ കരുത്താർജ്ജിക്കും. സംസ്ഥാന നേതൃത്വത്തിൽ ഹൈക്കമാന്റിന് വിശ്വാസം വർധിച്ച സാഹചര്യത്തിൽ നേതൃത്വമാറ്റവും ഉടൻ ഉണ്ടാകില്ല. ഇതോടെ പാർട്ടിയിലെ വിമത ശബ്ദം ദുർബലമാകാനാണ് സാധ്യത.
അതേസമയം പ്രതികൂല സാഹചര്യങ്ങളിലും പുതുപ്പള്ളിയിൽ നേടിയ വിജയം പാർട്ടിയിൽ ഐക്യത്തിന്റെ കാഹളം മുഴക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.
തൃക്കാക്കരക്ക് പിന്നാലെ പുതുപ്പള്ളിയിലും നേടിയ മിന്നും വിജയം നിലവിലെ പാർട്ടി നേതൃത്വത്തെ കൂടുതൽ കരുത്തരാക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേയും കെപിസിസി അധ്യക്ഷൻ കെ സുധാകരന്റേയും നേതൃമികവാണ് വിജയത്തിന് കാരണമെന്ന് ഹൈക്കമാന്റും വിലയിരുത്തുന്നു.
പാർട്ടിയിൽ നേതൃമാറ്റം അനിവാര്യമായ ഘട്ടത്തിലാണ് പുതുപ്പള്ളിയിലെ വിജയം. ഇനി സുധാകരന്റെയും സതീശന്റെയും കസേര ഇളക്കുക എതിരാളികൾക്ക് അത്ര എളുപ്പമാകില്ല. വിജയത്തിൻറെ ക്രെഡിറ്റ് കെ സുധാകരനും വി ഡി സതീശനും മാത്രമാണെന്ന് അനുയായികൾ അവകാശപ്പെടുന്നു. ഭിന്ന സ്വരങ്ങൾക്കിടയിൽ ഐക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാൻ കഴിഞ്ഞത് മികവാണെന്ന വാദമാണ് ഇവർ ഉയർത്തുന്നത്.
പുതുപ്പള്ളിയിലെ റെക്കോർഡ് ഭൂരിപക്ഷം നേതൃത്വത്തിന്റെ തൊപ്പിയിലെ പൊൻതൂവലായി മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ പാർട്ടിയിലെ വിമതർ നിശബ്ദരാകുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. പുനഃസംഘടനയിൽ പരാതികൾ ഉന്നയിച്ച എ,ഐ ഗ്രൂപ്പുകൾ പ്രതിരോധത്തിലാകും. അവശേഷിക്കുന്ന മണ്ഡലം കമ്മിറ്റി എളുപ്പത്തിൽ പുനസംഘടിപ്പിക്കാൻ പുതുപ്പള്ളി തെരഞ്ഞെടുപ്പ് ജയം സഹായിക്കും.
പരസ്യ പ്രതികരണത്തിന് തയ്യാറെടുക്കുന്ന രമേശ് ചെന്നിത്തലയും കെ മുരളീധരനും നിലപാട് മയപ്പെടുത്തും. ഈ ശാന്തതയിൽ ദുർബലമായ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനാണ് നീക്കം. ഗ്രൂപ്പുകൾക്ക് അതീതമായി മണ്ഡലം കമ്മിറ്റി പുനസംഘടിപ്പിക്കാനാണ് ശ്രമം. ഇടഞ്ഞു നിൽക്കുന്ന എ, ഐ ഗ്രൂപ്പുകളെ വരുതിക്കു നിർത്താനും പുതുപ്പള്ളിയിലെ ജയം സഹായിക്കും എന്നാണ് സുധാകരന്റെയും സതീശന്റെയും കണക്കുകൂട്ടൽ.