Thursday, November 21
BREAKING NEWS


‘ചലനമറ്റ അമ്മയെ കെട്ടിപിടിച്ചു പൊട്ടികരയുന്ന ആ നിമിഷം, ചങ്കുതകരുന്ന കാഴ്ച’; നടന്റെ കുറിപ്പ്

By sanjaynambiar

കൊച്ചി: ദിവസങ്ങള്‍ക്ക് മുന്‍പാണ് നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ആശയുടെ മരണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാജ പ്രചാരണങ്ങള്‍ നടന്നിരുന്നു. ആശയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.

കഴിഞ്ഞ ദിവസമാണ് മരണാനന്തര ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍ കലാ രംഗത്തെ ഒരുപാട് പേര്‍ പങ്കെടുത്തിരുന്നു.

ഇപ്പോഴിതാ ആശയുടെ മരണത്തെ കുറിച്ചും ഉല്ലാസ് പന്തളത്തിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയെ കുറിച്ചും നടന്‍ കണ്ണന്‍ സാഗര്‍ പങ്കുവച്ച കുറിപ്പ് വൈറലാകുകയാണ്. കണ്ണന്‍ സാഗറിന്റെ വാക്കുളിലേക്ക്…
https://www.facebook.com/kannan.sagar/posts/pfbid02Wm2WijVQ4Kd3M38H5K8nS16HMFRGhYgKgMLRBjTZh3Rn7VvL1bCXpGFUbVyZ64L5l


ചലനമറ്റ ഭാര്യയുടെ സമീപം ഒരു കസേരയില്‍ കരഞ്ഞു വീര്‍ത്തുകെട്ടിയ നനവ് പൊടിയുന്ന ഒന്ന് വിങ്ങിപൊട്ടാന്‍ ഉറക്കെ കരയാന്‍ വെമ്ബിനില്‍ക്കുന്ന കണ്ണുകളാല്‍ നിസഹായാവസ്ഥയില്‍ മറ്റൊന്നും ശ്രെദ്ധയില്‍ പെടാതെ, പെടുത്താന്‍ ശ്രെമിക്കാതെ തന്റെ പ്രിയതമയുടെ വിയോഗം വിശ്വസിക്കാനാകാതെ എന്തക്കെയോ ആലോചനയുടെ, ചിന്തകളുടെ, ഓര്‍മ്മകളുടെ വലയത്തില്‍ കുടുങ്ങിയ മനസ്സുമായി ആ സഹപ്രവത്തകന്‍ ഇരിക്കുന്നു,

തങ്ങളുടെ സ്നേഹനിധിയോ, പ്രിയപ്പെട്ടതോ ആയ സഹോദരിയെ, സുഹൃത്തിനെ, അയല്‍വക്കം കാരിയെ ഒരു നോക്ക് കാണുവാന്‍ നിശബ്ദതയുടെ അകമ്ബടിയാല്‍ അടക്കി പിടിച്ച വിതുമ്ബലോടെ നിരനിരയായി വന്നുപോകുന്ന സ്നേഹിതര്‍,

ചിലരുടെ കണ്ണുകള്‍ നിറയുന്നു, ചിലര്‍ സാരിതലപ്പുകൊണ്ടു, മറ്റ് ചിലര്‍ കയ്യില്‍ കരുതിയ തുണ്ടം തുണികൊണ്ടും കണ്ണുകള്‍ തുടച്ചും, ആ കൂട്ടുകാരിക്കൊപ്പമോ, സഹോദരിക്കൊപ്പമോ, ആ അയല്‍ക്കാരിക്കൊപ്പമോ പങ്കുവെച്ച നിമിഷങ്ങളെ ഓര്‍ത്തു ചുറ്റുമിരിക്കുന്ന പ്രിയപ്പെട്ട ബന്ധുജനങ്ങളുടെ ഇടയില്‍ തന്റേതായ രണ്ട് ആണ്‍മക്കള്‍ കസേരയില്‍ ഇരുന്നു.

അടുത്ത നിമിഷം ആ വീട്ടില്‍ നിന്നും തങ്ങളെ പോറ്റി വളര്‍ത്തിയ അമ്മ യാത്രയാകുന്നതും ആ ഇറക്കം ഒരിക്കലും തിരിച്ചു വരാത്ത യാത്രയാകുമെന്നും ഇടക്ക് ഓര്‍ത്തു ഓര്‍ത്തു കരയുന്ന മക്കള്‍,

പുറത്തു ആ സഹോദരിയെ യാത്രയാക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു, തളര്‍ന്നിരിക്കുന്ന സഹപ്രവര്‍ത്തകന്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നു പെട്ടന്ന് വണ്ടി തയ്യാറായി അദ്ദേഹം ആശുപത്രിയിലേക്ക്,

ദുഃഖത്തിന്റെ ഭാരത്താല്‍ മനസ്സിനും തലക്കും ശരീരത്തിനും താങ്ങാവുന്നതിലും വേദന നിറയുന്നു നിയന്ത്രണം ലക്ഷ്യമില്ലാതെ ആകുന്ന തോന്നലുകള്‍, നോവിന്റെ കൂടെ സൂചികൊണ്ടുള്ള കുത്തുകള്‍ വേദനകള്‍ അല്ലേയെന്നുള്ള മുഖഭാവത്താല്‍ ട്രിപ്പിട്ടു, മരുന്നുവെള്ളം ഒരാശ്വാസം കിട്ടുന്നെങ്കില്‍ നല്ലതല്ലേ എന്നു കൊണ്ടുവന്ന സഹപ്രവര്‍ത്തകര്‍..

നല്ലചൂടില്‍ തകരം കൊണ്ടുള്ള താത്കാലിക പന്തലില്‍ ഒരു നോക്ക് കാണുവാനും, സംസ്‌കാര ചടങ്ങില്‍ പങ്കുകൊള്ളാനുമായി, നാട്ടുകാരും ബന്ധുജനങ്ങളും, കലാസാംസ്‌കാരിക രാഷ്ട്രീയരംഗത്തുള്ള ഉന്നതരും, കൂട്ടുകാരും സഹപ്രവര്‍ത്തകരും നിറഞ്ഞു നില്‍ക്കുന്നു,

കര്‍മ്മങ്ങള്‍ തുടങ്ങി പരേതാത്മാവിന് ശാന്തിക്കായി പ്രാര്‍ത്ഥനകളാല്‍ അന്തരീക്ഷം ശബ്ദമുഖരിതം, ഇനിയും കാണാത്തവര്‍ക്ക് കാണാം എന്നാരോ വിളിച്ചു പറഞ്ഞു, നിശബ്ദം,

നിന്നവരുടെ ചങ്കുതകരുന്ന ഒരു കാഴ്ച പഠിച്ചും കളിച്ചും നടക്കുന്ന പ്രായത്തിലുള്ള രണ്ട് ആണ്‍മക്കള്‍ തങ്ങളുടെ ചലനമറ്റ അമ്മയെ കെട്ടിപിടിച്ചു പൊട്ടികരയുന്ന ആ നിമിഷം കണ്ടുനിന്നവരുടെ കണ്ണുകള്‍ ഈറനണിയിച്ചു, കൂടെ സഹപ്രവര്‍ത്തകന്‍ കുഞ്ഞുങ്ങളെ കെട്ടിപിടിച്ചു വാവിട്ടകരച്ചിലും,

ഭാര്യയുമായി, അമ്മയുമായിയുള്ള ആ ബന്ധത്തിന്റെ ആഴവും, സ്നേഹവും ആത്മാര്‍ത്ഥതയും ജീവനായികണ്ടതും വിട്ടുപിരിയാന്‍ വയ്യാത്തത്ര മനസ്സും ഇനിയില്ല എന്ന തോന്നലുകളും എന്തിന് നീയിതു ചെയ്തു എന്ന പദംപറച്ചിലും ആ ഹൃദയം തകരുന്ന രംഗവും കാഴ്ചക്കാര്‍ക്ക് നല്ല നോവുള്ള മനസ് തകരുന്ന അനുഭവമായിരുന്നു,.

അവസാനയാത്രയുടെ പരിയവസാനം സംസ്‌കാരചടങ്ങുകളിലേക്ക്, ഇത് കഴിയലും വീണ്ടും സഹപ്രവര്‍ത്തകന്‍ ബാക്കിയിരിക്കുന്ന മരുന്നുവെള്ളം വീണ്ടും ശരീരത്തില്‍ നിറക്കാന്‍ ഉറക്കമില്ലാത്ത രാവുകളും ഭക്ഷണം കഴിപ്പ് തീരെയില്ലാത്ത ദിനങ്ങളും ശരീരത്തിന് ഊര്‍ജ്ജം ഇല്ലായിമയും അദ്ദേഹത്തെ അവശനാക്കിയിരിക്കുന്നു,

സ്വാന്തനപ്പെടുത്തി, വിധിയെ പഴിച്ചും ഇടക്ക് ഇനിയും വരാം നമുക്ക് ഒന്നിച്ച് പൊട്ടിച്ചിരിപ്പിക്കുന്ന തമാശകള്‍ വീണ്ടും പ്രേക്ഷകര്‍ക്ക് വിളമ്ബി ദുഃഖങ്ങള്‍ മറക്കാമെന്നു ഒന്ന് തലയില്‍ തലോടി ഞാനും തിരിച്ചു എന്റെ വീട്ടിലേക്ക്…

മനസ് മരവിച്ചു നല്ല വേദനയാല്‍ തകര്‍ന്നിരിക്കുന്നു എന്റേയും സഹപ്രവര്‍ത്തകന്‍ കൂടിയായ ഉല്ലാസ് പന്തളം, സംഭവിക്കാനുള്ളത് സംഭവിച്ചു, കെട്ടിചമച്ചതും, കെട്ടാതെ ചമച്ചതും ഊഹാപോഹങ്ങള്‍ കുത്തിനിറച്ചും വല്ലായ്മകളും ഇല്ലായ്മകളും പറഞ്ഞു പരത്തിയും വാര്‍ത്തകള്‍ ആഘോഷമാക്കുന്നവര്‍

ധര്‍മ്മവും മനസാക്ഷിയും കൈവിടാതെ മാധ്യമസത്യം പുലര്‍ത്തുക, അല്‍പ്പം കാറ്റും വെളിച്ചവും അദ്ദേഹത്തിന് നല്‍കാം ഒരു കലാകാരന്‍ എന്ന പരിഗണന നല്‍കി, തകരുന്ന മനസുകള്‍ക്ക് ഒരു സ്വാന്തനമാകാം…


പ്രിയ സോദരിക്ക് കണ്ണീര്‍ പ്രണാമം..

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!