കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. തിങ്കളാഴ്ച രാവിലെ ഹര്‍ജി പരിഗണനയ്ക്കു വന്നപ്പോള്‍ ഇബ്രാഹിംകുഞ്ഞിനെ ഏതാനും മണിക്കൂര്‍ കൂടി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി വിശദീകരിച്ചു.
കേസുമായി ബന്ധപ്പെട്ട് രണ്ടു രേഖകള്‍ കൂടി ഹാജരാക്കാന്‍ സമയം വേണമെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകനും ആവശ്യപ്പെടുകയുണ്ടായി. തുടര്‍ന്നു സിംഗിള്‍ബെഞ്ച് ഹര്‍ജി വെള്ളിയാഴ്ചതെക്കു മാറ്റിത്. പാലാരിവട്ടം ഫ്‌ളൈ ഓവര്‍ നിര്‍മ്മാണം കരാറെടുത്ത ആര്‍ഡിഎസ് കമ്പനിക്ക് വ്യവസ്ഥകള്‍ക്കു വിരുദ്ധമായി മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയതിലുള്‍പ്പെടെ അഴിമതിയുണ്ടെന്ന ആരോപണത്തെത്തുടര്‍ന്നാണ് വിജിലന്‍സ് കേസ് എടുത്തത്.
എന്നാല്‍ കേസില്‍ തന്നെ കുടുക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഗുരുതരമായ കാന്‍സര്‍ രോഗ ബാധിതനായ താന്‍ ചികിത്സയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇബ്രാഹിംകുഞ്ഞ് ജാമ്യ ഹര്‍ജി നല്‍കിയത്. നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു.ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.