ന്യൂഡൽഹി∙ ജനാധിപത്യം കടന്നുപോകുന്നത് ഏറ്റവും ദുർഘടമായ അവസ്ഥയിലൂടെയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പാർട്ടി ജനറൽ സെക്രട്ടറിമാരും വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളും പങ്കെടുത്ത യോഗത്തിൽ വിഡിയോ കോൺഫറൻസിലൂടെ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി. രാജ്യത്തിനു വേണ്ടി പോരാടുകയാണ് തന്റെ പാർട്ടിയുടെ ലക്ഷ്യമെന്നും സോണിയ പറഞ്ഞു.
‘രാജ്യത്തെ ജനങ്ങളെ സേവിക്കുക എന്നതാണ് നമ്മുടെ അടിസ്ഥാന തത്വം. ഇന്ന് ജനാധിപത്യം കടന്നു പോകുന്നത് ഏറ്റവും ദുർഘടമായ അവസ്ഥയിലൂടെയാണ്. ഇരയുടെ ശബ്ദം അടിച്ചമർത്തപ്പെടുന്നു. ’– സോണിയ പറഞ്ഞു.
ബിഹാറിൽ നിയമസഭ തിരഞ്ഞെടുപ്പും മധ്യപ്രദേശിലെ 29 നിയമസഭ സീറ്റുകളിൽ അടക്കം വിവിധ സംസ്ഥാനങ്ങളിൽ ഉപതിരഞ്ഞെടുപ്പുകളും നടക്കാനിരിക്കെയാണ് ഇത്തരത്തിൽ ഒരു യോഗം എന്നത് ശ്രദ്ധേയമാണ്. കാർഷിക ബില്ലുകൾ, ഹത്രസിലെ ദലിത് പെണ്‍കുട്ടിയുടെ കൂട്ടബലാത്സംഗവും കൊലപാതകവും, യുപിയിലെ നിലവിലെ ക്രമസമാധാന നില, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി എന്നിവാണ് ബിജെപിക്കെതിരെ കോൺഗ്രസ് ഉന്നയിച്ച പ്രധാന വിഷയങ്ങൾ. കാർഷിക ബില്ലുകൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് കോൺഗ്രസ് നടത്തുന്നത്.
നമ്മുടെ ജനാധിപത്യം ഏറ്റവും ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്നുപോകുമ്പോൾ ജനങ്ങളുടെ പ്രശ്‌നങ്ങൾക്കായി സമരം നടത്താനും അവരുടെ കഷ്ടപ്പാടുകൾ പരിഹരിക്കാനുമാണ് സോണിയ ഗാന്ധി എല്ലാവരോടുമായി ആവശ്യപ്പെടുന്നതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ട്വീറ്റ് ചെയ്തു.