മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി അറസ്റ്റിൽ. 2018ല്‍ രജിസ്റ്റർ ചെയ്ത ഒരു ആത്മഹത്യാകേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മുംബയിലെ വീട്ടിൽ നിന്നാണ് അര്ണാബിനെ പോലീസ് അറസ്റ്റ് ചെയ്തത്. 2018ൽ ഇന്‍റീരിയർ ഡിസൈനർ അന്‍വയ് നായിക് , അമ്മ കുമുദ് നായിക് എന്നിവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അര്‍ണബിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരുന്നു, എന്നാൽ 2019 ൽ റായ്ഗഡ് പൊലീസ് ആ കേസ് അവസാനിപ്പിക്കുകയായിരുന്നു ചെയ്തത്. സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്‍റിന്‍റെ നേതൃത്വത്തിൽ അർണബ് അടക്കമുള്ളവർക്കെതിരായ കേസ് വീണ്ടും അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര സർക്കാരും നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. അതേസമയം സമന്‍സുകളോ കോടതിയില്‍ നിന്നുള്ള മറ്റ് ഉത്തരവുകളോ പൊലീസ് അര്‍ണബിന് കൈമാറിയിട്ടില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.